മുന്നണിയിലെ കക്ഷികള്‍ നേര്‍ക്കു നേര്‍ മത്സരിക്കില്ല

Posted on: October 8, 2015 6:00 am | Last updated: October 8, 2015 at 12:24 am
SHARE

EMBLOM-1 THADDESHAM GENERAL copyതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ഒമ്പതിന് മുമ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ തീരുമാനം. ഇതോടൊപ്പം മുന്നണിയിലെ എല്ലാ ഘടകകക്ഷി സ്ഥാനാര്‍ഥികളും അവരവരുടെ പാര്‍ട്ടി ചിഹ്നങ്ങളില്‍ മത്സരിക്കാന്‍ യു ഡി എഫ് യോഗം നിര്‍ദേശിച്ചു. സ്വതന്ത്ര ചിഹ്നത്തില്‍ ആരെങ്കിലും ജയിച്ചാല്‍ എസ് എന്‍ ഡി പി ഉള്‍പ്പെടെയുള്ളവര്‍ അവകാശവാദം ഉന്നയിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ നിര്‍ദേശം നല്‍കിയത്. മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ നേര്‍ക്കുനേര്‍ മത്സരം ഒഴിവാക്കാനും യോഗം തീരുമാനിച്ചു. മുന്നണിക്ക് പുറത്തുള്ള ഒരു സംഘടനകളുമായും പ്രാദേശികതലത്തില്‍ പോലും യാതൊരുവിധ നീക്കുപോക്കുകളുമുണ്ടാക്കാന്‍ പാടില്ലെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. സീറ്റ് വിഭജനം തര്‍ക്കങ്ങള്‍ ഒഴിവാക്കി നിശ്ചയിച്ച സമയമായ വെള്ളിയാഴ്ച്ചക്ക് മുമ്പുതന്നെ തീര്‍ക്കണമെന്നും ജില്ലാ കമ്മിറ്റികള്‍ക്ക് യു ഡി എഫ് നിര്‍ദേശം നല്‍കി. ഘടകകക്ഷികളോട് തര്‍ക്കത്തിന് നില്‍ക്കാതെ അനുഭാവപൂര്‍വമായ സമീപനം സ്വീകരിക്കണമെന്ന് ഡി സി സികളോട് യോഗത്തിനിടയില്‍ തന്നെ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ച സീറ്റുകള്‍ അടിസ്ഥാനമാക്കി സീറ്റുവിഭജന ചര്‍ച്ചകള്‍ ആരംഭിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഒരു തര്‍ക്കവുമില്ലാതെ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് യു ഡി എഫിലുണ്ടായിട്ടുള്ള ധാരണ. എല്ലാ കക്ഷികളും പൂര്‍ണമായി സഹകരിച്ച് കഴിഞ്ഞ ദിവസം കൈക്കൊണ്ട തീരുമാനപ്രകാരം ഒമ്പതിന് തന്നെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന വിവരങ്ങളാണ് എല്ലാ ജില്ലാ കമ്മിറ്റികളില്‍നിന്നും ലഭിച്ചിട്ടുള്ളതെന്ന് യോഗതീരുമാനം വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാവും.
യു ഡി എഫ് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യു ഡി എഫിലെ യോജിപ്പ് തന്നെയാണ് ആ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. ഈ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് അഭിമാനകരമായ വിജയം ഉറപ്പാക്കിയാണ് നീങ്ങുന്നത്. സീറ്റുകള്‍ സംബന്ധിച്ച് ജില്ലാതലത്തില്‍ വ്യക്തമായ ധാരണയുണ്ടാക്കും. ജനങ്ങളുടെ താത്പര്യമനുസരിച്ച് യു ഡി എഫിന് വിജയമുണ്ടാവണമെങ്കില്‍ അതിന് വേണ്ടത് യോജിപ്പാണ്. അതുകൊണ്ട് പാര്‍ട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലുള്ള വിട്ടുവീഴ്ചക്ക് എല്ലാവരും തയ്യാറാവണം. മുന്നണിയില്‍ ഒരു തര്‍ക്കവുമില്ല. ആര്‍ക്കും അവകാശവാദവുമില്ല. യു ഡി എഫില്‍ ഒരു കക്ഷിക്കുണ്ടാവുന്ന പ്രശ്‌നം മുന്നണിയുടേതായി കണ്ട് പരിഹരിക്കും. ഒരിടത്തും വിമതന്മാരുണ്ടാവില്ല. ഉണ്ടായാല്‍ അവര്‍ പിന്നെ പാര്‍ട്ടിയിലുണ്ടാവില്ലെന്ന് കെ പി സി സി പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യു ഡി എഫ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ഉമ്മന്‍ച ാണ്ടി പറഞ്ഞു. ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും നേതാക്കളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. താഴേത്തട്ടിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ ഒരുസ്ഥലത്തും നേര്‍ക്കുനേര്‍ മത്സരം ഉണ്ടാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എസ് എന്‍ ഡി പിയുടെ രാഷ്ട്രീയപ്പാര്‍ട്ടി രൂപവത്കരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിഭാഗീയത കേരളത്തില്‍ വേരോടില്ലെന്നും ഇത് എത്രയോ തവണ കണ്ടതാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. വി എം സുധീരനെ നികൃഷ്ടജീവിയെന്ന് സംബോധനചെയ്ത വെള്ളാപ്പള്ളി യുടെ നടപടി അപലപിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നെങ്കിലും അത് വഷളാക്കേണ്ടതില്ലെന്ന പൊതുധാരണയില്‍ യോഗമെത്തുകയായിരുന്നു.