കണ്‍സ്യൂമര്‍ഫെഡ് അഴിമതി സി ബി ഐക്ക് വിടണം

Posted on: October 8, 2015 6:00 am | Last updated: October 8, 2015 at 12:22 am
SHARE

SIRAJ.......അഴിമതിയുടെയും ധൂര്‍ത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. കണ്‍സ്യൂമര്‍ഫെഡില്‍ ജോയ് തോമസിന്റെ നേതൃത്വത്തിലുള്ള നാല്‌വര്‍ഷത്തെ ഭരണത്തിനിടയില്‍ നടന്നത് 100 കോടിയുടെ ക്രമക്കേടുകളാണ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി ദിനേശ് ലാലിന്റെ നേതൃത്വത്തില്‍ ആഭ്യന്തരന്വേഷണ വിഭാഗം നടത്തിയ പരിശോധനയിലാണ് ആദ്യം ഇത് കണ്ടെത്തിയത്. ഈ അന്വേഷണം സംബന്ധിച്ച് ഡയറക്ടര്‍ ബോര്‍ഡില്‍ ഭിന്നാഭിപ്രായമുയര്‍ന്നതിനെത്തുടര്‍ന്ന് സതീശന്‍ പാച്ചേനി അധ്യക്ഷനായുള്ള ഉപസമിതി വീണ്ടും നടത്തിയ അന്വേഷത്തിന്റെ റിപ്പോര്‍ട്ടും ദിനേശ്‌ലാല്‍ ചൂണ്ടിക്കാണിച്ച ക്രമക്കേടുകളെ ശരിവെക്കുന്നതായായിരുന്നു. ചെയര്‍മാന്‍ ജോയ് തോമസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് ഊട്ടി, മലമ്പുഴ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളും മൂകാംബിക, ഗുരുവായൂര്‍, പളനി തുടങ്ങിയ തീര്‍ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിച്ചത്. മീറ്റിംഗ് ചെലവിനത്തിലാണ് ഈ തുക ഉള്‍പ്പെടുത്തിയത്. 2012 മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നടത്തിയ വിമാനയാത്രയുടെ തുകയും ഇതേ ഇനത്തിലാണ് എഴുതിച്ചേര്‍ത്തത്. ഈ യാത്രകള്‍ക്കൊന്നും ബോര്‍ഡിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വേറെയും നിരവധി അഴിമതികള്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്.
ഈ തീവെട്ടിക്കൊള്ളയെ സംബന്ധിച്ചു സി ബി ഐ അന്വേഷണം വേണമെന്ന് ഭരണപക്ഷ എം എല്‍ എമാരില്‍ നിന്ന് പോലും ആവശ്യമുയര്‍ന്നു കൊണ്ടിരിക്കെയാണ് സപ്ലൈകോയിലെ വന്‍ അഴിമതിയുടെയും സാമ്പത്തിക ക്രമക്കേടുകളുടെയും കഥകള്‍ പുറത്തു വന്നത്. ചട്ടങ്ങള്‍ ലംഘിച്ചുള്ള ഡെപ്യൂട്ടേഷന്‍ നിയമനങ്ങളിലൂടെയും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലാത്ത തസ്തികകള്‍ സൃഷ്ടിച്ചും താല്‍ക്കാലിക ജീവനക്കാരെ തിരുകിക്കയറ്റിയുമൊക്കെയാണ് സപ്ലൈകോയില്‍ ക്രമക്കേടുകള്‍ അരങ്ങേറുന്നത്. സ്ഥാപനം വന്‍ നഷ്ടത്തിലാണ്. 2011 -2012 സാമ്പത്തിക വര്‍ഷം 23.85കോടിയും 2012-2013ല്‍ 40.63 കോടിയുമാണ് നഷ്ടം. അനാവശ്യമായ ഡെപ്യൂട്ടേഷന്‍ പോലെയുള്ള വഴിവിട്ട നിയമനങ്ങളള്‍ ഇതിനൊരു പ്രധാന കാരണമാണ്. ജൂലൈ ആറിന് ലേബര്‍ കമ്മീഷണര്‍ വി കെ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സപ്ലൈകോ വ്യവസായ ബന്ധ സമിതിയുടെ യോഗത്തില്‍ ഇക്കാര്യം പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് .ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ അവസാനിപ്പിക്കാന്‍ യോഗം തീരുമാനിക്കുകയും ഇതു സംബന്ധിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പക്കുകയും ചെയ്തതാണ്. ഈ തീരുമാനം കാറ്റില്‍പറത്തി സ്ഥാപനത്തില്‍ പിന്നെയും വഴിവിട്ട നിയമനങ്ങള്‍ നടന്നു വരുന്നു.
പൊതുവിപണിയിലെ കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് ഇത്തരം സ്ഥാപനങ്ങള്‍ നടത്തിവരുന്നത്. പൊതുജന താത്പര്യം മുന്‍നിര്‍ത്തി സബ്‌സിഡിയിനത്തില്‍ വന്‍തുക ഇതിനായി പൊതുഖജനാവില്‍ നിന്ന് ചെലവിടുന്നുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിച്ചാല്‍ സാധാരണക്കാര്‍ക്ക് വലിയൊരാശ്വാസമാണ് ഈ പൊതുവിതരണ കേന്ദ്രങ്ങള്‍. എന്നാല്‍ ഇതിന്റെ തലപ്പത്ത് വരുന്ന ഉദ്യോഗസ്ഥര്‍ സ്ഥാപനത്തെ ജനോപകരപ്രദമായ നിലയില്‍ നടത്തിക്കൊണ്ട് പോകുന്നതിന് വഴി ആരായുന്നതിന് പകരം, സ്വന്തം കീശ വീര്‍പ്പിക്കാന്‍ സ്ഥാപനത്തെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്നാണ് ചിന്തിക്കുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥ മേധാവികളില്‍ ഉത്തരവാദ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ അപൂര്‍വമാണ്. ഇക്കാര്യം സി ഐ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണ നേതൃത്വമാകട്ടെ, അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തുന്നതിന് പകരം പലവിധ താത്പര്യങ്ങളാലും അത്തരക്കാരെ സംരക്ഷിക്കുകയാണ്. കണ്‍സ്യൂമര്‍ ഫെഡിന്റെ കാര്യത്തിലും ഇതാണ് കണ്ടു വരുന്നത്. സ്ഥാപനത്തിന്റെ നടത്തിപ്പില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയപ്പോള്‍ പ്രസിഡന്റിനെ മാറ്റണമെന്ന് പല തലങ്ങളില്‍ നിന്നും ആവശ്യമുയര്‍ന്നതാണ്. കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍ ഇതുസംബന്ധിച്ചു മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു. ജോയ് തോമസ് ഐ ഗ്രുപ്പുകാരനായതിനാല്‍ അദ്ദേഹത്തിനെതിരെയുള്ള ഗ്രൂപ്പ് കളിയുടെ ഭാഗമാണ് ഈ കത്തെന്ന് കുറ്റപ്പെടുത്തി പ്രസിഡന്റിനെ രക്ഷിക്കാനാണ് പിന്നെയും ഭരണ നേതൃത്വത്തിലെ എ ഗ്രൂപ്പ് വിഭാഗം ശ്രമിച്ചത്. ഒടുവില്‍ പ്രശ്‌നം ഹൈക്കമാന്‍ഡില്‍ എത്തുകയും സുധീരന്റെ നിലപാടിനെ ഹൈക്കമാന്‍ഡ് അംഗീകരിക്കുകയും ചെയ്തപ്പോഴാണ് ഭരണ സമിതിയെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.
കേസ് സി ബി ഐക്ക് വിടേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടും ഇതിന്റെ തുടര്‍ച്ച തന്നെയാണ്. കണ്‍സ്യൂമര്‍ ഫെഡ് അഴിമതിയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു ഹരജിയിന്മേല്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് അതിന്റെ ആവശ്യമില്ലെന്നും വിജിലന്‍സ് അന്വേഷണം തന്നെ ധാരാളമാണെന്നും സര്‍ക്കാര്‍ അറിയിച്ചത്. വിജിലന്‍സ് അന്വേഷണത്തിന്റെ സ്ഥിതി ബാര്‍കോഴ ഉള്‍പ്പെടെയുള്ള ഒട്ടേറെ നാം കണ്ടതാണല്ലോ. കൂട്ടിലടച്ച ഈ തത്തയില്‍ നിന്ന് സര്‍ക്കാര്‍ താത്പര്യത്തിന് എതിരായ റിപ്പോര്‍ട്ട് പുറത്തു വരിക പ്രയാസമാണ്. അഴിമതിയുടെ വ്യാപനമുള്‍പ്പെടെ വസ്തുതകളെല്ലാം പുറത്തു വരണമെങ്കില്‍ സി ബി ഐ അന്വേഷണം തന്നെ വേണം. കണ്‍സ്യൂമര്‍ ഫെഡിനൊപ്പം സപ്ലൈക്കോയിലെ ക്രമക്കേടുകളും അന്വേഷണ വിധേയമാക്കേണ്ടതാണ്.