പൈതൃക ഗ്രാമത്തിലെ കൂറ്റന്‍ കൂജ ജനശ്രദ്ധയാകര്‍ഷിക്കുന്നു

Posted on: October 7, 2015 7:06 pm | Last updated: October 7, 2015 at 7:06 pm
SHARE

JHഷാര്‍ജ: പൈതൃക ഗ്രാമത്തില്‍ നിര്‍മിച്ച കൂറ്റന്‍ കൂജ ജനശ്രദ്ധയാകര്‍ഷിക്കുന്നു.അറബി ഭാഷയില്‍ ‘ദല്ല’ എന്ന് പേരുള്ള മനോഹരമായ ഈ കൂജയുള്ളത് ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലെ മ്യൂസിയങ്ങള്‍ക്ക് സമീപത്താണ്. അറബികള്‍ ‘കഅ്‌വ’ തയ്യാറാക്കി വെക്കാനാണ് പ്രധാനമായും കൂജ ഉപയോഗിക്കുന്നത്. അടുത്തിടെയാണ് പൈതൃക ഗ്രാമത്തില്‍ കൂജ ഇടംപിടിച്ചത്. സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളടക്കം നൂറുകണക്കിനാളുകള്‍ നിത്യവും സന്ദര്‍ശിക്കുന്ന എമിറേറ്റിലെ മര്‍മപ്രധാനമായ കേന്ദ്രമാണ് ഹാര്‍ട്ട് ഓഫ് ഷാര്‍ജ.
വര്‍ഷംതോറും പൈതൃക ദിനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത കലാപരിപാടികളും മറ്റും നടക്കുന്നത് ഇവിടെയാണ്. അതുകൊണ്ടുതന്നെയാവണം പരമ്പരാഗതമായ ഈ കൂജ ഇവിടെതന്നെ പണിതത്.
സ്വര്‍ണനിറത്തിലുള്ള കൂജക്കുള്ളില്‍ അകത്ത് പ്രവേശിക്കാന്‍ വാതിലും സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കഅ്‌വ വിളമ്പുന്ന സ്റ്റാളോ മറ്റോ ആരംഭിക്കാനുള്ള സാധ്യതയുമുണ്ട്. ഹാര്‍ട്ട് ഓഫ് ഷാര്‍ജയിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണമായി ഈ കൂജ ഇതിനകം മാറിയിട്ടുണ്ട്.
ഹാര്‍ട്ട് ഓഫ് ഷാര്‍ജയില്‍ നിരവധി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പരമ്പരാഗത കെട്ടിടങ്ങളുടെയും മറ്റും തനിമ അതേപടി നിലനിര്‍ത്തിയാണ് പുനരുദ്ധാരണം നടത്തുന്നത്. പ്രശസ്തമായ ബസന്‍ കോട്ട അടുത്തിടെ പുനര്‍നിര്‍മാണം നടത്തിയിരുന്നു.