മലയാളത്തിന് വലിയ പ്രാതിനിധ്യം

Posted on: October 7, 2015 6:00 pm | Last updated: October 7, 2015 at 6:56 pm
SHARE

ഷാര്‍ജ: 34-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ മലയാളത്തിന് ഇത്തവണയും മികച്ച പ്രാതിനിധ്യം. കഥാകൃത്ത് ടി പത്മനാഭന്‍, നടനും എഴുത്തുകാരനുമായ മോഹന്‍ലാല്‍, ചെണ്ട മേളാചാര്യന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിവര്‍ ഔദ്യോഗിക അതിഥികളാണെന്ന് എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍ കുമാര്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് നോവലിസ്റ്റ് വൈരമുത്തു, സുധാ മൂര്‍ത്തി, സുബ്രതോ ബച്ചി എന്നിവരും ഔദ്യോഗിക അതിഥികളാണ്. കവി സച്ചിദാനന്ദന്‍ ഉള്‍പെടെ മറ്റു പല പ്രമുഖരും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്ന് 110 പ്രസാധകരാണെത്തുന്നത്. അഞ്ച് ഹാളുകളിലായാണ് പവലിയനുകള്‍. ഡി സി ബുക്‌സ്, സിറാജ്, ഗ്രീന്‍ ബുക്‌സ്, മാതൃഭൂമി, ലിപി, കൈരളി തുടങ്ങി നിരവധി പ്രസാധകരുണ്ട്. പാചകവുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ രചിച്ച ഉമ്മി അബ്ദുല്ല പുസ്തകമേളക്കെത്തുന്നുണ്ട്. പുസ്തകത്തിന് 25 ശതമാനം വിലക്കിഴിവ് നല്‍കണമെന്ന് പ്രസാധകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഹ്മദ് ബിന്‍ അല്‍ അമീരി വ്യക്തമാക്കി. ഒരു പ്രസാധകരെയും നിരോധിച്ചിട്ടില്ലെന്നും അമീരി അറിയിച്ചു.