സാഹസിക യാത്രികന് അബുദാബിയുടെ ആദരം

Posted on: October 7, 2015 6:25 pm | Last updated: October 7, 2015 at 6:25 pm
SHARE

20151004_162359അബുദാബി: സാഹസിക യാത്രികന് അബുദാബിയുടെ ആദരം. വാഹനാപകടങ്ങള്‍ ഇല്ലാതാക്കുക, അംഗവൈകല്യമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന സന്ദേശം പകര്‍ന്നുകൊണ്ട് ലോകം ചുറ്റുന്നതിന്റെ ഭാഗമായി മോട്ടോര്‍ സൈക്കിളില്‍ അബുദാബിയിലെത്തിയ ബാംഗ്ലൂര്‍ സ്വദേശി ബി.വി നാരായണനാണ് അബുദാബി ഇന്ത്യന്‍ സമൂഹം അബുദാബി കേരള സോഷ്യല്‍ സെന്റെറില്‍ സീകരണം നല്‍കിയത് . തന്റെ സാഹസിക യാത്രയുടെ ഭാഗമായാണ് അബുദാബിയിലെത്തിയിരിക്കുന്നത്. സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് മോഹനന്‍ അധ്യക്ഷനായിരുന്നു . സെപ്തംബര്‍ 11 ന് ദുബായിലെത്തിയ ഇദ്ദേഹത്തിന് മിഡില്‍ ഈസ്റ്റ് മുഴുവന്‍ കറങ്ങിയ ശേഷം ആഫ്രിക്കയും യൂറോപ്പും വടക്കന്‍ അമേരിക്കയും തന്റെ പ്രത്യേകം തയ്യാറാക്കിയ മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്യലാണ് ലക്ഷ്യം.
കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കേണ്ടുന്നതിന്റെ പ്രാധാന്യം സമൂഹത്തിന് മനസിലാക്കിക്കൊടുക്കുക, മദ്യപിച്ച് വാഹനമോടിക്കുന്നത് തടയുക, വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഉപയോഗം തടയുക, ഒരേ രക്തഗ്രൂപ്പിലുള്ള ആളുകള്‍ തമ്മിലുള്ള വിവാഹം കൊണ്ട് കുട്ടികള്‍ക്കുണ്ടാവുന്ന ജനിതക അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക , ഗതാഗത നിയമങ്ങള്‍ പാലിക്കാന്‍ സമൂഹത്തെ ബോധവത്കരിക്കുക തുടങ്ങിയവയാണ് നാരായണ്‍ തന്റെ മോട്ടോര്‍ സൈക്കിള്‍ യാത്രയിലൂടെ ലോകത്തിന് മുന്നില്‍ നല്‍കുന്ന സന്ദേശം.
ചെറുപ്പകാലത്ത് സൈക്കിളില്‍ ലോകം കറങ്ങിയ സാഹസികനാണ് നാരായണ്‍. അവയവ ദാനത്തിന്റെ പ്രാധാന്യം ലോകത്തിന് മനസിലാക്കികൊടുക്കാന്‍ 1979 കാലഘട്ടത്തില്‍ 59 രാഷ്ടങ്ങളിലൂടെയാണ് അദ്ദേഹം സൈക്കിള്‍ യാത്ര നടത്തിയത്. 90,000 കിലോമീറ്ററാണ് അന്ന് അദ്ദേഹം സൈക്കിളില്‍ താണ്ടിയത്. ആ യാത്രക്ക് ശേഷം ബാംഗ്ലൂരില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക തരത്തില്‍ വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം തനിക്ക് പറ്റിയ അപകടമാണ് നാരായണിന്റെ ജീവിതത്തിലെ അടുത്ത ലക്ഷ്യം ചിട്ടപ്പെടുത്തുന്നത്. വലത്തെ കാലിന് പരിക്ക് പറ്റിയ അദ്ദേഹം തുടര്‍ന്നിങ്ങോട്ട് വാഹനാപകടത്തിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പ്രത്യേകമായി രൂപപ്പെടുത്തിയ മോട്ടോര്‍ ബൈക്കിലാണ് യാത്ര.
ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തില്‍ ഓരോ രാഷ്ടങ്ങളിലെയും ഇന്ത്യന്‍ മിഷന്റെ കൂടി സഹകരണത്തോടെ തന്റെ യാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നാരായണ്‍. 25 രാഷ്യങ്ങളിലൂടെ 35,000 കിലോമീറ്റര്‍ യാത്ര ചെയ്യുകയാണ് നാരായണിന്റെ ലക്ഷ്യം. സൗദിയിലേക്കുള്ള യാത്ര അടുത്ത ദിവസം നാരായണന്‍ ആരംഭിക്കും