Connect with us

National

മതേതര പ്രതിച്ഛായ കളങ്കപ്പെടുത്തരുത്: രാഷ്ട്രപതി

Published

|

Last Updated

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആരെയും അനുവദിക്കരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. വൈവിധ്യവും സഹിഷ്ണുതയും എല്ലാവരും മനസ്സില്‍ സൂക്ഷിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ദാദ്രി സംഭവത്തിന്റെ പശ്ചാതലത്തിലായിരുന്നു രാഷ്ടപതിയുടെ പ്രസ്താവന. രാജ്യത്തിന്റെ മതേതര പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. രാജ്യത്തിന്റെ മതസഹിഷ്ണുത സംരക്ഷിക്കാന്‍ നടപടി ആവശ്യമാണെന്നും രാഷ്ട്രപതി ഭവനില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കവേ രാഷ്ട്രപതി പറഞ്ഞു. നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ വൈവിധ്യം, ബഹുസ്വരത, സഹിഷ്ണുത എന്നിവ പാഴാക്കരുത്. ശതാബ്ദങ്ങളോളം നമ്മെ ഒരുമിച്ചു നിര്‍ത്തിയ മൂല്യങ്ങളാണവയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുന്‍കൂട്ടി തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്ന് മാറിയായിരുന്നു രാഷ്ട്രപതിയുടെ പ്രസ്താവന.
അതേസമയം, ദാദ്രിയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവത്തില്‍ ആഭ്യന്തരമന്ത്രാലയം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കും വിധം പ്രസ്താവനകള്‍ നടത്തിയ നേതാക്കള്‍ക്കെതിരെ യു പി പോലീസും നിയമനടപടികള്‍ തുടങ്ങി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ദാദ്രിയില്‍ നിരോധനാജ്ഞ തുടരുകയാണ്. നിരോധനാജ്ഞ ലംഘിച്ച് ദാദ്രി ഗ്രാമത്തില്‍ പ്രവേശിച്ച ബി ജെ പി. എം പി സാധ്വി പ്രാചിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് അഖ്‌ലാഖിനെ കൊലപ്പെടുത്തിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് സാധ്വി പ്രാചി ദാദ്രിയിലെത്തിയത്. പശുവിറച്ചി കഴിക്കുന്ന എല്ലാവരും ഇതു പോലൊരു മരണം തന്നെയാണ് അര്‍ഹിക്കുന്നതെന്നായിരുന്നു സാധ്വി പ്രാചിയുടെ പ്രസ്താവന.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാ ഭരണകൂടം സമാധാന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ ഗ്രാമത്തിനകത്തേക്ക് പ്രവേശിക്കാന്‍ ഒരു വിഭാഗം ആളുകള്‍ അനുവദിക്കുന്നില്ല. ദാദ്രിയിലേക്ക് ഹൈന്ദവ സംഘനയായ യുവവാഹിനി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. സംഭവത്തി ല്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
അതേസമയം, സംഭവത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി പ്രധാനമന്ത്രിക്ക് വിശദീകരണം നല്‍കി. സംഭവം രാഷ്ട്രീയമാനം കൈവരിച്ച സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. എന്നാല്‍, പതിവ് കൂടിക്കാഴ്ച മാത്രമാണിതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പ്രധാനമന്ത്രി മൗനം കൈവെടിയണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. പ്രതിപക്ഷവും നാളുകളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ മാട്ടിറച്ചി എന്ന വാക്ക് എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ല. നിരോധിക്കപ്പെട്ട മൃഗത്തിന്റെ മാംസം ഭക്ഷിച്ചതിനാലാണ് മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. സംഭവത്തെ രാഷ്ട്രീയവത്കരിച്ചതാണ് പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി, കേന്ദ്ര മന്ത്രി മഹേഷ് ശര്‍മ എന്നിവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. പ്രദേശത്ത് ക്രമസമാധാനം തിരിച്ചുകൊണ്ടുവരാനാവശ്യമായ നടപടികളെക്കുറിച്ചും അഖ്‌ലാഖിന്റെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.