ആദ്യറൗണ്ടിലെ വിജയം സൂപ്പര്‍ പരിശീലകര്‍ക്ക്

Posted on: October 7, 2015 12:21 pm | Last updated: October 7, 2015 at 12:21 pm
SHARE

ISL-COACHESകോഴിക്കോട്: ഒരു ടീമിന്റെ പ്രകടനത്തിനുപിന്നില്‍ ഒരു പരിശീലകന്റെ തന്ത്രങ്ങള്‍ക്ക് എത്രയേറെ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിലെ ആദ്യറൗണ്ട് ഫലങ്ങള്‍. ഒരുപറ്റം കളിക്കാര്‍ മാത്രമല്ല; കളത്തിനുപുറത്തെ പരിശീലകന്റെ തന്ത്രങ്ങള്‍ കൂടി ചേരുന്നതാണ് യഥാര്‍ഥ ഫുട്‌ബോള്‍ എന്ന് അടിവരയിടുകയാണ്. ആദ്യറൗണ്ടിലെ മൂന്ന് മത്സരങ്ങളില്‍ പരിശീലനരംഗത്തെ കുലപതിമാര്‍ വിജയം കണ്ടപ്പോള്‍, നാലാമത്തെ മത്സരത്തില്‍ രണ്ട് പരിചയസമ്പന്നരായ പരിശീലകരുടെ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം തന്ത്രങ്ങളില്‍ മികവുള്ള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടൈലറുടെ കൂടെ നിന്നു.
ആദ്യമത്സരത്തില്‍ അന്റോണിയോ ഹെബാസിന്റെ അത്‌ലറ്റിക്കോ കൊല്‍ക്കത്ത, മാര്‍ക്കോ മറ്റെരാസിയുടെ ചെെൈന്നയിനെ തറപറ്റിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ജയം പരിശീലനരംഗത്തെ കുലപതിയായ സീക്കോക്കൊപ്പം നില്‍ക്കുകയായിരുന്നു. മൂന്നാം മത്സരത്തില്‍ അനെല്‍ക്കയുടെ മുംബൈയും ഡേവിഡ് പ്ലാറ്റിന്റെ പൂനെയും തമ്മിലുള്ള മത്സരത്തിലും ഫലം വ്യത്യസ്തമായില്ല.
മെറ്റരാസിയും കാര്‍ലോസും അനെല്‍ക്കയുമൊക്കെ മികച്ച കളിക്കാരാണെങ്കിലും കളി പഠിപ്പിക്കാന്‍ ഇനിയുമേറെ പഠിക്കേണ്ടതുണ്ടെന്ന് തെളിയിക്കുന്നതാണ് ഒന്നാം റൗണ്ട് മത്സരഫലങ്ങള്‍. സീക്കോയും ഹെബാസും ഡേവിഡ് പ്ലാറ്റും പീറ്റര്‍ ടൈലറും തങ്ങളുടെ തന്ത്രങ്ങള്‍ക്ക് അനുയോജ്യരായ താരങ്ങളെ കണ്ടെത്തുകയാണ് ചെയ്തത്.
കൊല്‍ക്കത്തയും എഫ് സി ഗോവയും കഴിഞ്ഞസീസണില്‍ നിര്‍ത്തിയിടത്തുനിന്ന് തുടങ്ങിയപ്പോള്‍, കഴിഞ്ഞസീസണിലെ പിന്നാക്കക്കാരായ പൂനെ സിറ്റി എഫ് സി ഡേവിഡ് പ്ലാറ്റ് എന്ന പരിശീലകന്റെ കീഴില്‍ പുതിയ ടീമായി മാറിയിരിക്കുകയാണ്. ചെന്നൈ, ഡല്‍ഹി, മുംബൈ ടീമുകളില്‍ പ്രതിഭകള്‍ക്ക് ഒരു കുറവുമുണ്ടായിട്ടില്ല. പക്ഷേ, കളിക്കളത്തില്‍ നടപ്പാക്കേണ്ട തന്ത്രങ്ങളില്‍ പരിചയക്കുറവ് പ്രതികൂല ഘടകമാകുകയായിരുന്നു.
ഉദ്ഘാടന മത്സരത്തില്‍ സ്വന്തം നാട്ടുകാരുടെ മുമ്പില്‍ ചെന്നൈക്ക് കാലിടറിയത് ഹെബാസിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ തന്നെയായിരുന്നു. മറ്റെരാസിയുടെ ചെന്നൈയിന്‍ എഫ് സിയില്‍ കഴിഞ്ഞസീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന മികച്ച കളിക്കാര്‍ക്ക് പുറമേ പുതുതായി പ്രഗത്ഭര്‍ ടീമിലെത്തിയെങ്കിലും കളി ജയിക്കാനാവശ്യമായ തന്ത്രം ഒരുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്.
ഡല്‍ഹിയാകട്ടെ പ്രതിഭകളൂടെ കൂടാരമാണ്. പക്ഷേ, ടീം എന്ന നിലക്ക് ഡല്‍ഹി ഇനിയും ഒത്തിണക്കം കാണിക്കേണ്ടിയിരിക്കുന്നു എന്നതാണ് ആദ്യമത്സരം നല്‍കുന്ന സൂചന. കാര്‍ലോസ്, റീസ്, ഹാന്‍സ് മല്‍ഡര്‍, മലൂദ, ആദില്‍ നബി, ഡോസ് സാന്റോസ് തുടങ്ങി ഒരുപിടി പ്രഗത്ഭരുണ്ടായിട്ടും അതിനനുസരിച്ചുള്ള ഒരു കളി കാഴ്ചവെക്കാന്‍ ഡല്‍ഹിക്ക് കഴിയാതെപോയി. രണ്ടാം പകുതിയില്‍ കാര്‍ലോസ് ഇറങ്ങിയിട്ടും ടീമിനെ ഉത്തേജിപ്പിക്കാനായില്ല. റീസിന്റെ ഒരു സോളോ റണ്‍ ആണ് മത്സരത്തില്‍ ഡല്‍ഹിയുടെ ഭാഗത്തുനിന്ന് ഓര്‍ത്തിരിക്കാവുന്ന ഒരു കാഴ്ച. സ്വന്തം ഹാഫില്‍നിന്നും ഒറ്റക്ക് മുന്നേറി റീസ് ഉതിര്‍ത്ത ബുള്ളറ്റ് ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നെങ്കില്‍ അത് ടൂര്‍ണമെന്റിലെ മികച്ച ഗോളുകളില്‍ ഒന്നായി മാറുമായിരുന്നു.
മുംബൈയുടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മുന്നേറ്റത്തില്‍ സോണി നോര്‍ദെയുടെ നീക്കങ്ങള്‍ക്ക് പിന്തുണയില്ലാത്തതാണ് മുംബൈയുടെ തോല്‍വിക്ക് കാരണം. ഇന്ത്യന്‍ താരം സുനില്‍ ഛേത്രി ദേശീയടീമിനൊപ്പമായത് നോര്‍ദെക്ക് പറ്റിയ കൂട്ടാളിയെ നഷ്ടപ്പെടുത്തിയിരിക്കയാണ്.
ബ്ലാസ്റ്റേഴ്‌സ്- നോര്‍ത്ത് ഈസ്റ്റ് മത്സരത്തില്‍ രണ്ട് പ്രഗത്ഭ പരിശീലകരുടെ ശിക്ഷണത്തില്‍ വന്ന ടീമുകളായിരുന്നുവെങ്കിലും ജയം ബ്ലാസ്റ്റേഴ്‌സിന്റെ കൂടെയായിരുന്നു. അടുത്ത മത്സരങ്ങളില്‍ മാര്‍ക്വൂതാരം മര്‍ച്ചേന കൂടി വരുന്നതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രഹരശേഷി കൂടും.

വലനിറച്ച് മനോഹര ഗോളുകള്‍

നാല് മത്സരങ്ങളില്‍നിന്നായി മൊത്തം പതിനഞ്ച് ഗോളുകള്‍ പിറന്നു.
അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത-ചെന്നൈയിന്‍ മത്സരത്തില്‍ അഞ്ചുഗോളുകള്‍ പിറന്നെങ്കിലും മനോഹരമായത് കൊല്‍ക്കത്തയുടെ മൂന്നാമത്തെ ഗോളാണ്. ഇടതുവിംഗില്‍നിന്ന് ലാറ നല്‍കയ പന്ത് സ്വീകരിച്ച ഇയാന്‍ ഹ്യൂം ഓട്ടത്തിനിടെ കോര്‍ണര്‍ ഫഌഗിനരികില്‍നിന്നും പോസ്റ്റിലേക്ക് നല്‍കിയ ക്രോസ് തകര്‍പ്പന്‍ ഹെഡറിലൂടെ വാല്‍ഡോ ഗോളാക്കുകയായിരുന്നു.
എഫ് സി ഗോവ-ഡല്‍ഹി ഡൈനാമോസ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ പിറന്നെങ്കിലും ഓര്‍മയില്‍ സൂക്ഷിക്കാവുന്നതായിരുന്നില്ല
മുംബൈ സിറ്റി-പൂനെ സിറ്റി മത്സരത്തില്‍ നാലു ഗോളുകള്‍ പിറന്നെങ്കിലും പൂനെയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍ എടുത്തുപറയേണ്ടവയാണ്. ഇസ്രയേല്‍ ഗുരുങ്ങ് പെനാല്‍ട്ടി പോസ്റ്റിലേക്ക് നീട്ടി നല്‍കിയ ക്രോസില്‍ തന്റെ പ്രതിഭ തെളിയിച്ചുകൊണ്ട് ടുന്‍കെ സാന്‍ലി ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. മൂന്നാമത്തെ ഗോള്‍ ഗുരുംഗിന്റെ വക ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു. വലതുവിംഗില്‍നിന്നും ഗുരുംഗ് നല്‍കിയ ക്രോസ് ഗോളിക്കും മുകളിലൂടെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് കയറുകയായിരുന്നു. റൊണാള്‍ഡീനോയുടെ ഇലവീഴും കിക്ക് പോലെ.
ബ്ലാസ്റ്റേഴ്‌സ്-നോര്‍ത്ത് ഈസ്റ്റ് മത്സരത്തില്‍ നാലു ഗോളുകള്‍ പിറന്നതില്‍ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ജോസു, റാഫി എന്നിവര്‍ ഗോളുകളും നോര്‍ത്ത് ഈസ്റ്റിന്റെ അര്‍ജന്റീന സ്‌ട്രൈക്കര്‍ നിക്കോളാസ് വെലസ് നേടിയ ഗോളും മികച്ചുനിന്നു.