Connect with us

Kozhikode

ഇസിലിനെതിരെ കെ എന്‍ എം വാര്‍ത്താ സമ്മേളനം : ഉത്തരം മുട്ടിയപ്പോള്‍ നിര്‍ത്തിവെച്ചു

Published

|

Last Updated

കോഴിക്കോട്: ഇസില്‍ തീവ്രവാദത്തെ എതിര്‍ക്കാന്‍ ക്യാമ്പയിന്‍ നടത്തുമെന്നറിയിക്കാന്‍ കെ എന്‍ എം ഔദ്യോഗിക വിഭാഗം നടത്തിയ വാര്‍ത്താ സമ്മേളനം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാകാതെ ഇടക്ക് നിര്‍ത്തിവെച്ചു. ഐ എസ്, അല്‍ഖാഇദ, ബോക്കോ ഹറാം തുടങ്ങിയ ഭീകര സംഘടനകളുമായി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന് യാതൊരു ബന്ധവുമില്ലെന്ന് നേതാക്കള്‍ പറഞ്ഞു. എന്നാല്‍, സലഫിസം തന്നെയല്ലേ ഭീകരസംഘടനകളും മുജാഹിദ് പ്രസ്ഥാനവും പിന്തുടരുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. മുഹമ്മദ്ബ്‌നു അബ്ദുല്‍വഹാബുമായി കേരളത്തിലെ സലഫീ പ്രസ്ഥാനത്തിന് ബന്ധമില്ലേ എന്ന ചോദ്യത്തിന് ഞങ്ങളുടെ നേതാക്കളില്‍ ഒരാള്‍ മാത്രമാണദ്ദേഹം എന്നായിരുന്നു മറുപടി. വഹാബിസം എന്നത് ശത്രുക്കള്‍ വിളിക്കുന്ന പേരാണെന്നും വാദിച്ചു. സഊദിയുടെ ഭരണം ലഭിച്ചാല്‍ അടുത്ത ദിവസം മുഹമ്മദ് നബിയുടെ ഖബ്‌റിന് മുകളിലെ പച്ചഖുബ്ബ പൊളിക്കുമെന്ന് മുജാഹിദ് നേതാക്കള്‍ പ്രസംഗിച്ചിരുന്നില്ലേ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ അങ്ങനെ പ്രസംഗിച്ച കെ കെ സകരിയ്യ സ്വലാഹിയെ സംഘടന ശാസിച്ചിട്ടുണ്ടെന്ന മറുപടി നല്‍കി കെ എന്‍ എം നേതാക്കള്‍ പ്രതിരോധത്തിലായി.
മുഹമ്മദ്ബ്‌നു അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തില്‍ സഊദി അറേബ്യയില്‍ നിരവധി മഖ്ബറകള്‍ തകര്‍ത്ത ചരിത്രം മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചു. അതുതന്നെയല്ലേ ഇപ്പോള്‍ ഇറാഖിലും സിറിയയിലും ഐ എസ് നടത്തുന്നതെന്നും ചോദ്യമുയര്‍ന്നു. സഊദിയില്‍ ഇബ്‌നു അബ്ദുല്‍വഹാബിന്റെ നേതൃത്വത്തില്‍ മഖ്ബറകള്‍ പൊളിച്ചു എന്ന ചരിത്രം കൊളോണിയല്‍ ചരിത്രകാരന്‍മാരുടെ രചനയാണെന്ന് പറഞ്ഞ് നേതാക്കള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമം നടത്തി. ഇതുസംബന്ധിച്ച് കെ എന്‍ എം നേതാക്കള്‍ തന്നെ എഴുതിയ പുസ്തകങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ സൂചിപ്പിക്കാനൊരുങ്ങവെയാണ് വാര്‍ത്താ സമ്മേളനം നിര്‍ത്തിവെക്കുകയാണെന്ന് പറഞ്ഞ് നേതാക്കള്‍ തടിയൂരിയത്. കെ എന്‍ എം നേതാക്കളായ എം മുഹമ്മദ് മദനി, പാലത്ത് അബ്ദുര്‍റഹ്മാന്‍ മദനി, എം ഐ അബ്ദുല്‍മജീദ് സ്വലാഹി തുടങ്ങിയവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

Latest