എട്ട് രോഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുമായി ഇന്ദ്രധനുഷ്

Posted on: October 7, 2015 10:04 am | Last updated: October 7, 2015 at 10:04 am
SHARE

കോഴിക്കോട്: മാരക രോഗങ്ങളില്‍ നിന്ന് അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികളെയും ഗര്‍ഭിണികളെയും സംരക്ഷിക്കുന്നതിനായി മിഷന്‍ ഇന്ദ്ര ധനുഷുമായി ആരോഗ്യ വകുപ്പ്. പ്രതിരോധ കുത്തിവെപ്പിലൂടെ തടയാന്‍ കഴിയുന്ന എട്ടു മാരകരോഗങ്ങളില്‍ നിന്നും രക്ഷിക്കാനായി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്ത് മലപ്പുറം, കാസര്‍ഗോഡ് ജില്ലകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
രണ്ടാംഘട്ടത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് പരിപാടി നടത്തുക.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ വീടുകളിലും ആശ, അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി ഒരു കുത്തിവയ്പ്പും എടുത്തിട്ടില്ലാത്തതും കുത്തിവയ്പ്പ് ഭാഗികമായി എടുത്തിട്ടുള്ളതുമായ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും ടി ടി കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത ഗര്‍ഭിണികളെയും കണ്ടെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ നാരായണ നായിക് അറിയിച്ചു. രണ്ട് വയസ്സില്‍ താഴെയുള്ള 7,351 കുട്ടികളെയും രണ്ടു വയസ്സു മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള 6724 കുട്ടികളെയും 1907 ഗര്‍ഭിണികളെയുമാണ് കണ്ടെത്തിയിട്ടുള്ളത്. വാക്‌സിനേഷന്‍ നല്‍കിയാല്‍ ശൈശവകാലക്ഷയരോഗം, ന്യൂമോണിയ, ഹെപ്പറ്റൈറ്റിസ് ബി, പോളിയോ, തൊണ്ടമുള്ള്, വില്ലന്‍ ചുമ, ടെറ്റനസ്, മീസില്‍സ് തുടങ്ങിയ എട്ട് മാരകരോഗങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ കഴിയും.
ഇതുവഴി മാതൃ മരണവും ശിശു മരണവും ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ നടത്തിപ്പിനായി ജില്ലാതലത്തില്‍ കലക്ടര്‍ അധ്യക്ഷനായി ടാസ്‌ക്‌ഫോഴ്‌സ് യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ബ്ലോക്ക്, പഞ്ചായത്ത്തലത്തിലും ടാസ്‌ക്‌ഫോഴ്‌സുകള്‍ രൂപീകരിച്ചു. ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, സൂപ്പര്‍ വൈസര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയതായും അദ്ദേഹം അറിയിച്ചു. പരിപാടിക്ക് ആവശ്യമായ എല്ലാ വാക്‌സിനുകളും കീഴ് സ്ഥാപനങ്ങളില്‍ ലഭ്യമായിട്ടുണ്ട്. ഒന്നാം റൗണ്ടായ ഇന്നു മുതല്‍ 15 വരെയുള്ള പ്രവൃത്തിദിവസങ്ങളില്‍ 606 സെഷനുകളിലായി 21 ബ്ലോക്ക് യൂനിറ്റുകളുടെ നേതൃത്വത്തില്‍ പ്രതിരോധകുത്തിവയ്പ്പ് നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ചെറുവണ്ണൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ കേരളം പ്രോഗ്രാം ഓഫിസര്‍ ഡോ എ ബാബുരാജ്, , ഡോ സരള നായര്‍, ഡോ. കൃഷ്ണമോഹന്‍, സുജ പങ്കെടുത്തു.