ലീവ് അനുവദിക്കില്ല: ജില്ലാ കലക്ടര്‍

Posted on: October 7, 2015 10:01 am | Last updated: October 7, 2015 at 10:01 am
SHARE

മലപ്പുറം: ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ വിജയകരമായി പൂര്‍ത്തികരിക്കുന്നതിനായി വരണാധികാരികള്‍ അവധിയെടുക്കാതെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി ഭാസ്‌ക്കരന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാവുന്നത് വരെ ഉദ്യോഗസ്ഥര്‍ക്ക് ലീവ് അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു.
ഇന്നു മുതല്‍ തിരഞ്ഞെുപ്പിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിന്റെ ഭാഗമായി വരണാധികാരികള്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്നും യാതൊരു സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങരുതെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കും ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി കലക്‌റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇലക്‌ട്രോണിക്ക് യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി ഈമാസം 11 ന് രാവിലെ 10 ന് കലക്‌റേറ്റ് സമ്മേളന ഹാളില്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് പരിശീലനം നടക്കും.
പത്രിക സമര്‍പ്പണം
ഇന്ന് മുതല്‍
മലപ്പുറം: തദ്ദേശ സ്വയഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷന്‍ 49 പ്രകാരവും മുന്‍സിപ്പല്‍ ആക്ട് സെക്ഷന്‍ 105 പ്രകാരവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഗസറ്റ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക. ഇതേ തുടര്‍ന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ല കലക്ടറുടെ ഓഫീസിലും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് നഗരസഭ ഓഫീസുകളിലും നോട്ടീസ് ബോര്‍ഡില്‍ വിജ്ഞാപനം പ്രദര്‍ശിപ്പിക്കും. ഇന്ന് മുതല്‍ 14 വരെ രാവിലെ 11 മുതല്‍ മൂന്ന് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. റിട്ടേണിംഗ് ഓഫീസര്‍ക്കോ അസിസ്റ്റന്റ് റിട്ടേണ്‍ ഓഫീസര്‍ക്കോ അവരുടെ ഓഫീസുകളില്‍ ഹാജരായാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത്.
തെറ്റായ വിവരങ്ങള്‍
നല്‍കുന്നത് ശിക്ഷാര്‍ഹം
മലപ്പുറം: നാമനിര്‍ദേശ പത്രികയില്‍ സ്ഥാനാര്‍ഥി സ്വത്ത്, വിദ്യാഭ്യാസ യോഗ്യത, നിലവിലെ കോടതി കേസുകള്‍, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ തെറ്റായി നല്‍കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം 177 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമാണ്. നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പൂര്‍ണമായിരിക്കണം. ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി മൂന്ന് പത്രികകള്‍ സമര്‍പ്പിക്കാം. ഒരു സ്ഥാനാര്‍ഥിക്ക് ഒരു സ്ഥാനത്തേക്ക് ഒന്നിലധികം വാര്‍ഡുകളില്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല. എന്നാല്‍ വ്യത്യസ്ത സ്ഥാനങ്ങളിലേക്ക് വ്യത്യസ്ത വാര്‍ഡുകളിലായി അപേക്ഷിക്കാം. സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ അധികാരികളുടെ സാക്ഷ്യപത്രത്തോടെ ഹാജരാക്കണം. ഒരു സ്ഥാനാര്‍ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങള്‍ മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിന്റെ നൂറ് മീറ്റര്‍ ചുറ്റളവില്‍ പ്രവേശനം അനുവദിക്കുന്നത്.