തീരുമാനമാകാതെ വാഴക്കാട് കോണ്‍ഗ്രസ്-ലീഗ് സഖ്യ ചര്‍ച്ച

Posted on: October 7, 2015 10:00 am | Last updated: October 7, 2015 at 10:00 am
SHARE

എടവണ്ണപ്പാറ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ലീഗ് -കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുകയാണ്.
വാഴക്കാട് പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം വഷളായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും ഐക്യമുന്നണി ചര്‍ച്ച തുടരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഐക്യമുന്നണിയില്‍ പൊട്ടലും ചീറ്റലും പലപ്പോഴായി ഉണ്ടായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെറുവട്ടൂരില്‍ ലീഗ് വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് മുന്നണിക്കുള്ളില്‍ കടുത്ത പ്രതിസന്ധി തീര്‍ക്കുകയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ആലുങ്ങല്‍ ആമിനയെ അവിശ്വാസപ്രമേയത്തിലൂടെ ലീഗ് പുറംതള്ളുന്നതിലേക്ക് നയിക്കുകയും ചെയ്തു.
ലീഗ്-കോണ്‍ഗ്രസ് അണികളെ ഇത് ഭിന്നിപ്പിക്കുന്നതിന് ഏറെ പ്രേരിപ്പിച്ചു. പിന്നീട് വന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ക്ക് താത്കാലിക വിരാമമാവുകയായിരുന്നു. കോണ്‍ഗ്രസിലെയും ലീഗിലെയും ഭൂരിപക്ഷം പ്രവര്‍ത്തകര്‍ ഈ തീരുമാനത്തോട് യോജിപ്പില്ലായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വാഴക്കാട് പഞ്ചായത്തിലെ കോണ്‍ഗ്രസിലെ ചില വാര്‍ഡുകള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് തീരുമാനമെടുത്തിരുന്നു. ഏറ്റവും അവസാനമായി കഴിഞ്ഞ മാസം വാഴക്കാട് അങ്ങാടിയില്‍ കോണ്‍ഗ്രസിലെ ഇരുന്നൂറോളം വരുന്ന പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ റാലി നേതാക്കളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. വാഴക്കാട് വെച്ച് നടക്കുന്ന ഈ വര്‍ഷത്തെ സീറ്റ് വിഭജന ചര്‍ച്ചകള്‍ തീരുമാനമാകാതെ നീളുകയാണ്.
ആദ്യഘട്ടത്തിലെ തീരുമാനങ്ങള്‍ ഉന്നത അധികാര സമിതിക്ക് കൈമാറിയിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ തവണ കോണ്‍ഗ്രസ് എട്ട് സീറ്റുകളില്‍ മത്സരിച്ചിരുന്നു. ഇത്തവണയും അതേ സീറ്റുകള്‍ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രസ്തുത ആവശ്യം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്സ് നേതൃത്വത്തെ അറിയിക്കും. തുടര്‍ന്ന് ഇരുപാര്‍ട്ടികളും ഒരു തീരുമാനത്തിലെത്താനാണ് സാധ്യത.
പഞ്ചായത്തിലേക്ക്
മത്സരിക്കാന്‍
ആയിരം രൂപ
മലപ്പുറം: ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നതിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിലേക്ക് 2000 രൂപയും ജില്ലാ പഞ്ചായത്തിലേക്ക് 3000 രൂപയും കെട്ടിവെക്കണം. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും.