മഞ്ചേരിയില്‍ ലീഗ് സ്ഥാനാര്‍ഥി നിര്‍ണയം നീളുന്നു

Posted on: October 7, 2015 9:59 am | Last updated: October 7, 2015 at 9:59 am
SHARE

മഞ്ചേരി: സ്ഥാനാര്‍ഥി നിര്‍ണയം പല വാര്‍ഡുകളിലും കീറാമുട്ടിയായി. പുല്ലഞ്ചേരിയില്‍ ഇന്ന് ഹിത പരിശോധന നടക്കും. മഞ്ചേരി നഗരസഭയിലേക്കുള്ള മുസ്‌ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയം നീളുകയാണ്. ഇന്നലെ അന്തിമ ലിസ്റ്റ് തയ്യാറാകുമെന്നായിരുന്നു ധാരണ.
എന്നാല്‍ വനിതാ ചെയര്‍മാന്‍ പദവിയിലേക്ക് ഉയര്‍ന്നു കേട്ടിരുന്ന എം ടി ഫാത്വിമയെ തഴഞ്ഞു മറ്റൊരു പുതിയ പേരാണിപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. അതിനിടെ മുന്‍ ചെയര്‍മാന്‍ അഡ്വ. യു എ ലത്വീഫിന്റെ ഭാര്യയുടെ പേരും ചിലര്‍ ഉന്നയിച്ചിരുന്നു. ഇതിനോട് അണികളില്‍ പലരും തുടക്കത്തിലേ താത്പര്യം കാണിച്ചില്ല. ഫാത്വിമയെ പലരും പരിഗണിച്ചിരുന്നെങ്കിലും ചില ഭാഗങ്ങളില്‍ നിന്നുയര്‍ന്ന സമ്മര്‍ദ്ദങ്ങള്‍ കാരണം മൂന്നാമതൊരു പേരാണിപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. വനിതകളെ പൊതുരംഗത്ത് ഉയര്‍ത്തികാണിക്കുന്നതിനോട് യാഥാസ്ഥിതികര്‍ക്കിടയില്‍ കടുത്ത മുറുമുറുപ്പുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ച ലീഗ് സ്ഥാനാര്‍ഥിയുടെ ഫോട്ടോ പത്രത്തില്‍ കൊടുക്കരുതെന്ന് പറഞ്ഞ് കൗണ്‍സിലറും അവരുടെ ഭര്‍ത്താവും മാധ്യമങ്ങളെ വിലക്കിയിരുന്നു.
വനിതകള്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നവരും പങ്കെടുത്താല്‍ തന്നെ അഭിപ്രായങ്ങള്‍ പറയുന്നവരും വളരെ വിരളമായിരുന്നു. പലരുടെ ഭര്‍ത്താക്കന്‍മാരോ മക്കളോ ആയിരുന്നു ‘ഭരണം’ നടത്തിയിരുന്നത്. മഞ്ചേരി നഗരസഭ 28, 29 വാര്‍ഡുകളില്‍ പെട്ട പുല്ലഞ്ചേരിയില്‍ മുന്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് മതിയെന്നാണ് ഭൂരിപക്ഷം അണികളും വാര്‍ഡ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ പഴയ ഒരു ലീഗ് നേതാവ് തനിക്ക് മത്സരിക്കണമെന്ന് തുറന്നു പറഞ്ഞപ്പോള്‍ എന്നാല്‍ ഹിത പരിശോധന നടത്താമെന്നായി പ്രാദേശിക ലീഗ് നേതൃത്വം. ഇന്ന് പുല്ലഞ്ചേരിയില്‍ വോട്ടെടുപ്പിന്റെ റിഹേഴ്‌സലാണ്.
നിശ്ചിത സമയത്ത് ബുത്തിലെത്തുന്നവര്‍ക്ക് നല്‍കുന്ന ബാലറ്റില്‍ ഇഷ്ടപ്പെടുന്നവരെ സ്ഥാനാര്‍ഥിയാക്കാം. ആരാക്കുമെന്നത് ഇന്ന് അറിയാം.