അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ് വിട്ടു

Posted on: October 7, 2015 9:56 am | Last updated: October 7, 2015 at 9:56 am
SHARE

ഒറ്റപ്പാലം: അനങ്ങനടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസ്സിലെ എം ദേവയാനി പാര്‍ട്ടി വിട്ടു.
ഭര്‍ത്താവുംമണ്ഡലം കമ്മിറ്റിയംഗവുമായ വി.സുധാകരനും പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചിട്ടിട്ടുണ്ട്. മണ്ഡലം പ്രസിഡന്റ് കെ മുഹമ്മദിനാണ് ദേവയാനി രാജിക്കത്ത് നേരിട്ട് കൈമാറിയത്. ബ്ലോക്ക് പ്രസിഡന്റിനും, ഡി സി സി പ്രസിഡന്റിനും കത്ത് തപാല്‍ വഴിയും അയച്ചു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ തെറ്റായ നിലപാടുകളില്‍ പ്രതിക്ഷേധിച്ചും,തന്നെ ഒഴിവാക്കി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചെന്നും ആരോപിച്ചാണ് രാജി.
നിലവില്‍ വെള്ളിനാംകുന്ന് എട്ടാം വാര്‍ഡിനെയാണ് പ്രതിനിധീകരിക്കുന്നത്. മുസ്ലീം ലീഗുമായുള്ള ധാരണ പ്രകാരം ലീഗിലെ നഫീസ ടീച്ചര്‍ക്ക് ശേഷമാണ് ദേവയാനി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
ഇതിന് ശേഷംയു ഡി എഫിനകത്തുണ്ടായ അഭിപ്രായ ഭിന്നതയെ ചൊല്ലി ഭരണം അവതാളത്തിലാവുകയും, മുസ്ലിംലീഗ് അംഗമായിരുന്ന സെയ്തലവിക്ക് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിയും വന്നിരുന്നു.ഇതിനെ തുടര്‍ന്ന് യു ഡി എഫിന് ഭരണം നഷ്ടപ്പെടുമെന്ന അവസ്ഥ വരെയുണ്ടായി.
കാലാവധി തീരാന്‍ പത്ത് ദിവസം ബാക്കി നില്‍ക്കേയാണ് ദേവയാനിയുടെ അപ്രതീക്ഷിത രാജി.
അതേ സമയം ദേവയാനിക്ക് കോണ്‍ഗ്രസ്സ് അംഗത്വമില്ലെന്നും രാജിക്ക് പ്രസക്തിയില്ലെന്നും മണ്ഡലം നേതാക്കള്‍ അറിയിച്ചു.