വികസന നേട്ടങ്ങളുള്ള ബോര്‍ഡുകളും പരസ്യങ്ങളും നീക്കം ചെയ്യും

Posted on: October 7, 2015 9:53 am | Last updated: October 7, 2015 at 9:53 am
SHARE

കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രിയ കക്ഷികളും സ്ഥാനാര്‍ഥികളും സ്വീകരിക്കേണ്ടതും പാലിക്കേണ്ട നിയന്ത്രണങ്ങളുംമാണ് മാതൃക പെരുമാറ്റ ചട്ടം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഒക്‌ടോബര്‍ 3 മുതല്‍ സംസ്ഥാനത്ത് പെരുമാറ്റ ചട്ടം നിലവില്‍ വന്നു. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പ് വരുത്തുകയാണ് പെരുമാറ്റ ചട്ടത്തിലൂടെ. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും പെരുമാറ്റ ചട്ടം പാലിക്കുന്നുണ്ടെന്ന് കമ്മീഷന്‍ ഉറപ്പ് വരുത്തും. ഔദ്യോഗിക സംവിധാനങ്ങളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍ തടയല്‍, കള്ളവോട്ട്, വോട്ടര്‍മാര്‍ക്ക് പണം നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തടയല്‍ എന്നീ ചുമതലകളും പെരുമാറ്റചട്ടത്തിന്റെ ഭാഗമായി കമ്മീഷന്‍ നിര്‍വ്വഹിക്കും. തിരഞ്ഞെടുപ്പ് വേളയില്‍ ജീവനക്കാരെ സ്ഥലം മാറ്റുവാനോ സര്‍ക്കാര്‍ വാഹനം ത്‌രഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. തിരഞ്ഞെടുപ്പ് വേളയില്‍ മന്ത്രിമാര്‍, തദ്ദേശ ഭരണ ഭാരവാഹികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരെ ചര്‍ച്ചക്കോ പൊതു പരിപാടികളിലോ പങ്കെടുപ്പിക്കാന്‍ പാടില്ല.തദ്ദേശ സ്ഥാപനത്തിന്റെയോ സര്‍ക്കാറിന്റെയോ വികസന നേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. ബോര്‍ഡുകളും പരസ്യങ്ങളും നീക്കം ചെയ്യും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാറിന്റെയോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയോ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണനുമതി ലഭിച്ച പദ്ധതികള്‍ ആരംഭിക്കാന്‍ പാടില്ല. നിര്‍മ്മാണം ആരംഭിച്ച പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ എം പി., എം എല്‍ എ മാരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവിദിക്കാന്‍ പാടില്ല.