മാധ്യമ പ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുമ്പോള്‍

Posted on: October 7, 2015 6:00 am | Last updated: October 7, 2015 at 12:31 am
SHARE

SIRAJ.......പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ ഹേമന്ത് യാദവിന്റെ (45) മരണത്തോടെ ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വധിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം മൂന്നായി. ബൈക്കിലെത്തിയ അജ്ഞാത സംഘം ഹേമന്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം. ഒന്നര മാസം മുമ്പ് അവിടെ സഞ്ചയ്പഥക് എന്ന മാധ്യമ പ്രവര്‍ത്തകനെ രണ്ട് അക്രമികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു കൊന്നിരുന്നു. യു പി മന്ത്രിസഭാംഗമായ രാം മൂര്‍ത്തിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകനായ ജഗേന്ദ്ര സിംഗ് വധിക്കപ്പെട്ടത് ജൂണിലാണ്. പോലീസ് റെയ്ഡിനിടയിലാണ് ജഗേന്ദ്ര പൊള്ളലേറ്റ് മരിച്ചത്. മന്ത്രിയുടെ ഗുണ്ടകളും പോലീസുകാരും ചേര്‍ന്ന് അദ്ദേഹത്തെ തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്നാണ് പറയുന്നത്. ഭൂമാഫിയക്കെതിരെ ലേഖനമെഴുതിയതിന് ഹൈദര്‍ ഖാന്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതും ജൂണിലായിരുന്നു. ഭൂമാഫിയയുടെ ഗുണ്ടകള്‍ തോക്ക് ചൂണ്ടി മര്‍ദിച്ച ശേഷം ഖാനെ ബൈക്കില്‍ കെട്ടി നൂറ് മീറ്ററോളം റോഡിലൂടെ വലിച്ചു കൊണ്ടു പോകുകയും ചെയ്തു.
ഉത്തര്‍ പ്രദേശില്‍ മാത്രമല്ല, രാജ്യത്തെങ്ങും മാധ്യമ പ്രവര്‍ത്തകര്‍ക്ക് രക്ഷയില്ലാത്ത അവസ്ഥയാണ്. ‘പ്രബുദ്ധ കേരള’ത്തില്‍ പോലും അവര്‍ നിരന്തരം ആക്രമിക്കപ്പടുന്നു. അരുവിക്കര തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ചാനലില്‍ ലൈവായി പ്രക്ഷേപണം ചെയ്യുന്നതിന് തിരുവനന്തപുരം സംഗീത കോളജിലെത്തിയ റിപ്പോര്‍ട്ടര്‍ ചാനലിലെ എം വി നികേഷ്‌കുമാര്‍ മര്‍ദനത്തിരിയായി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു ഡി എഫിനെതിരെ വാര്‍ത്തകൊടുത്തതിന്റെ പേരിലായിരുന്നു ഈ ഗുണ്ടായിസം. റവന്യൂ കലോത്സവ വേദിയില്‍ കുട്ടികള്‍ക്ക് വിളമ്പിയ ചോറില്‍ പുഴു കണ്ടെത്തിയത് പകര്‍ത്തിയ പത്രഫോട്ടോഗ്രാഫര്‍മാരെ അധ്യാപകര്‍ വളഞ്ഞിട്ടു മര്‍ദിച്ചതും തിരുവനന്തപുരത്തായിരുന്നു. എറണാകുളം ജില്ലയില്‍ ആളുകള്‍ നോക്കിനില്‍ക്കെയാണ് മണല്‍ മാഫിയക്കാരുടെ ഗുണ്ടകള്‍ മാധ്യമപ്രവത്തകരെ ആക്രമിച്ചത്. രാജ്യത്ത് മാധ്യമങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അടിക്കടി പ്രഖ്യാപിച്ചു കൊണ്ടിരിക്കെയാണ് ഒരു റിപ്പോര്‍ട്ട് എഴുതിയതിന്റെയോ, ഒരു സംഭവം ക്യാമറയില്‍ പകര്‍ത്തിയതിന്റെയോ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ നിഷ്‌കരുണം കൊല്ലപ്പെടുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാകുകയും ചെയ്യുന്നത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം പത്രപ്രവര്‍ത്തകര്‍ക്കെതിരായ അക്രമവുമായി ബന്ധപ്പെട്ട് 113 കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്നും 30 പേരെ അറസ്റ്റ് ചെയ്തതായും ദേശീയ കുറ്റകൃത്യ വിവരശേഖര ബ്യൂറോയുടെ രേഖ വെളിപ്പെടുത്തുന്നു.
ജനാധിപത്യ സംവിധാനത്തിന്റെ നെടുംതൂണുകളിലൊന്നാണ് പത്രപ്രവര്‍ത്തനം. നാടിനും ജനങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത്. അരുതാത്തത് കാണുമ്പോള്‍ അത് ബന്ധപ്പെട്ടവരുടെയും സമൂഹത്തിന്റെയും മുമ്പാകെ തുറന്ന് കാണിക്കേണ്ടത് പത്രപ്രവര്‍ത്തകരുടെ കടമയാണ്. രാജ്യത്തെ നടുക്കിയ പല അഴിമതിക്കഥകളും പുറത്തുകൊണ്ടു വന്നത് മാധ്യമ പ്രവര്‍ത്തകരാണ്. അതിനുള്ള അവസരം നിഷേധിക്കപ്പെടുകയും പത്രപ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടുകയും ചെയ്യുമ്പോള്‍ രാജ്യത്ത് അരാജകത്വം കളിയാടുകയും അധികാരം കൈയാളുന്നവര്‍ ജനാധിപത്യത്തിന്റെ വഴിയില്‍ നിന്ന് ഏകാധിപത്യത്തിലേക്ക് വ്യതിചലിക്കുകയും ചെയ്യും. അടിയന്തരാവസ്ഥ കാലത്തെ തിക്താനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. അധികാര സ്ഥാനീയര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും സ്വയം പണയം വെക്കാത്ത മാധ്യമ പ്രവര്‍ത്തനത്തിനു മാത്രമേ ജനാധിപത്യത്തിന്റെ നാലാം തൂണായി ഉയരാന്‍ സാധിക്കൂ. പക്ഷേ, അതിനുള്ള സാഹചര്യമല്ല ഇന്ന് രാജ്യത്തുള്ളത്. ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19(1) വിഭാവനം ചെയ്യുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പിന്‍ബലത്തിലാണ് രാജ്യത്തെ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും ഈ മൌലികാവകാശം പലപ്പോഴും നിഷേധിക്കപ്പെടുകയാണ്. ഭരണം കൈയാളുന്നവരുടെയും ഉദ്യോഗസ്ഥ പ്രഭുത്വത്തിന്റെയും നെറികേടുകള്‍ക്കും അരുതായ്മകള്‍ക്കുമെതിരെ പേന ചലിപ്പിക്കുന്നവര്‍ക്ക് ഇവിടെ നിലനില്‍പില്ല. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ രാജ്യത്ത് നിയമ നിര്‍മാണങ്ങള്‍ വരെ നടന്നിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് സത്യം മൂടിവെക്കാനും ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ക്കൊപ്പിച്ചു വാര്‍ത്ത നല്‍കാനും മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായിരുന്നു. അതിന് വിസമ്മതിച്ചവര്‍ ഭരണകൂട ഭീകരതക്ക് വിധേയരുമായി. ഇപ്പോള്‍ രാജ്യത്തുടനീളം പത്രപ്രര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അതിന്റെ തുടര്‍ച്ച തന്നെയാണ്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖം നോക്കാതെ കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണ്. ഇന്ത്യന്‍ ഭരണഘടന ജനപ്രതിനിധികള്‍ക്കും കോടതികള്‍ക്കും പലവിധത്തിലുള്ള സംരക്ഷണം അനുവദിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരും അര്‍ഹിക്കുന്നില്ലേ അത്തരം സംരക്ഷണം?