Connect with us

Articles

മരണവാറന്‍ഡുകള്‍ പാറിക്കളിക്കുമ്പോഴും

Published

|

Last Updated

കഴിഞ്ഞ മൂന്നാം തീയതി ദി ഹിന്ദു പത്രം ആദ്യ പുറത്തില്‍ ഒരു വാര്‍ത്ത വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഭരണഘടനാനുസൃതമായ അഭിപ്രായസ്വാതന്ത്ര്യത്തിന് പോലും തെല്ലും വിലകല്‍പ്പിക്കാതെ, തങ്ങള്‍ക്ക് അഹിതകരമായ രീതിയില്‍ ഇടപെടുകയും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്ന വിദ്യാഭ്യാസ വിചക്ഷണരെയും സാഹിത്യകാരന്മാരെയും രാഷ്ട്രീയക്കാരെയും തോക്കിനിരയാക്കുന്ന തീവ്രവലതുപക്ഷ സംഘടനകളെ രഹസ്യാന്വേഷണ വിഭാഗം തീരെ ഗൗനിക്കുന്നില്ല എന്നതായിരുന്നു ആ വാര്‍ത്ത. ഹംപിയിലെ കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും എഴുത്തുകാരനുമായ കെ കെ കല്‍ബുര്‍ഗി വെടിയേറ്റ് മരിച്ച് ഒരു മാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ വാര്‍ത്ത വന്നതെന്നത് യാദൃച്ഛികം. സനാതന്‍ സന്‍സ്ത എന്ന തീവ്ര ഹിന്ദുത്വ സംഘടനക്ക് ഈ കൊലപാതകവുമായി ബന്ധമുണ്ടെന്ന് തെളിവുകള്‍ ലഭിച്ചിട്ടും ഒരാളെ കസ്റ്റഡിയിലെടുക്കാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കൃത്യമായ നിസ്സംഗതയും അലംഭാവവും, വെറുപ്പിന്റെയും അപര വിദ്വേഷത്തിന്റെയും പ്രസ്ഥാനക്കാര്‍ക്ക് എത്രമാത്രം ഊര്‍ജവും നിര്‍ഭയത്വവും നല്‍കുന്നുണ്ടെന്ന് മനസ്സിലാകുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ ഇസ്‌ലാമി തുടങ്ങിയ ഭീകരസംഘടനകളെ സംബന്ധിച്ച് നൂറിലേറെ രഹസ്യവിവരങ്ങളാണ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ചത്. ഐ എസിനോട് ചെറുഅനുഭാവം പുലര്‍ത്തുന്നവര്‍ പോലും നിരീക്ഷണത്തിലാണ്. എന്തിനേറെ കടം പെരുത്ത് മുഴംകയറിലോ ഫ്യൂരിഡാന്‍ തുള്ളികളിലോ ജീവിതം ഹോമിക്കുകയല്ലാതെ വഴിയില്ലെന്ന് വരുമ്പോള്‍ താത്കാലിക ആശ്വാസമെങ്കിലും പ്രതീക്ഷിച്ച് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കര്‍ഷകരെ സംബന്ധിച്ച സകല വിവരവും ഇന്‍ലിജന്‍സ് ബന്ധപ്പെട്ട ഏജന്‍സികളെ അറിയിച്ചിട്ടുണ്ട്. ഈ ഭീകര സംഘടനകളുടെ പല്ലും നഖവും കൊഴിക്കേണ്ടതും ഭീകരാക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കേണ്ടതും അനിവാര്യമാണ്. അതേസമയം, സമൂഹത്തില്‍ ഒന്നടങ്കം എബോള കണക്കെ സംക്രമിക്കുന്ന സനാതന്‍ സന്‍സ്ത, ഹിന്ദു ജന്‍ജാഗ്രുതി സേന തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെയും നരേന്ദ്ര ഡഭോത്കര്‍, ഗോവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ കൊലപാതകങ്ങളില്‍ ഇവര്‍ക്കുള്ള ബന്ധത്തെയും സംബന്ധിച്ച് കുറ്റകരമായ മൗനമാണ് ഇന്റലിജന്‍സ് പുലര്‍ത്തുന്നത്. മുംബൈയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് സംവിധാനിച്ച മള്‍ട്ടി ഏജന്‍സി സിസ്റ്റം (മാക്) വഴി രഹസ്യവിവരങ്ങള്‍ സംസ്ഥാന പോലീസ് അടക്കമുള്ള അതിന്റെ എല്ലാ വിഭാഗങ്ങളിലേക്കും കൈമാറുന്നുണ്ട്. വര്‍ഗീയ സംഭവങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് നിരീക്ഷിക്കാനും മറ്റുമായി ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി)ക്ക് ഒരു പ്രത്യേക ഡെസ്‌ക് തന്നെയുണ്ട്. എന്നാല്‍ ഇവയൊന്നും ഹിന്ദുത്വ ഭീകര സംഘടനകളെ സംബന്ധിച്ച ഒരു വിവരം പോലും ശേഖരിക്കുന്നില്ലെന്ന് വരുമ്പോള്‍ ഗുരുതരമായ പ്രശ്‌നമാണ് അനാവൃതമാകുന്നത്. താഴെത്തട്ടില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാഞ്ഞിട്ടല്ല, പ്രത്യുത ബോസുമാരുടെ മുന്നിലെത്തുമ്പോള്‍ അവക്ക് വിശ്വാസ്യതയുടെ അഭാവം മാത്രമേ ഉണ്ടാകുന്നുള്ളൂ.
യു പി എ സര്‍ക്കാറിന്റെ കാലത്ത് ഹിന്ദുത്വ ഭീകരരെ സംബന്ധിച്ച അന്വേഷണം ഏറെ മുന്നോട്ട് പോകുകയും പല ശ്രദ്ധേയമായ കേസുകളിലും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവുണ്ടാകുകയും ചെയ്തിരുന്നു. 2006ലെയും 2008ലെയും മലേഗാവ് സ്‌ഫോടനം, 2007ലെ മക്ക മസ്ജിദ്, സംഝോധ എക്‌സ്പ്രസ്, അജ്മീര്‍ ശരീഫ് സ്‌ഫോടനങ്ങള്‍ തുടങ്ങിയവക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അഭിനവ് ഭാരത് എന്ന സംഘടനയുടെ പ്രവര്‍ത്തകരും ബുദ്ധികേന്ദ്രങ്ങളുമായ ലെഫ്.കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിത്, സാധ്വി പ്രജ്ഞാ ഠാക്കൂര്‍, സ്വാമി അസീമാനന്ദ എന്നിവരെ അറസ്റ്റ് ചെയ്യുകയും വിചാരണാ നടപടികള്‍ ഏറെ മുന്നോട്ടുപോകുകയുമുണ്ടായി. ഈ സംഘടനയുടെയും ആര്‍ എസ് എസിന്റെയും മറ്റും വേരുകള്‍ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നതായും ആര്‍ എസ് എസില്‍ നിന്നാണ് ഭക്ഷണവും വെള്ളവും വളവും ഇവയുടെ തായ്ത്തടിയിലേക്ക് എത്തുന്നതെന്നും തെളിഞ്ഞു. ഹിന്ദുത്വ ഭീകരത യാഥാര്‍ഥ്യമാണെന്ന് പോലും അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെക്ക് പറയേണ്ടി വന്നു. ഇത് വലിയ കോലാഹലമാക്കിയ ആര്‍ എസ് എസും ബി ജെ പിയും തിരഞ്ഞെടുപ്പ് തുറുപ്പ് ചീട്ടാക്കാനാണ് ശ്രമിച്ചത്. കേവലം “സാംസ്‌കാരിക” സംഘടനയായ ആര്‍ എസ് എസിന് ഭീകര പട്ടം ചാര്‍ത്തിക്കൊടുത്തത് മഹാഅപരാധമായി പോയെന്നും ഹിന്ദു സമൂഹത്തെ ഒന്നടങ്കം അവഹേളിക്കലാണെന്നും വരെ ചര്‍ച്ചകള്‍ നീണ്ടു. അതിന് ശേഷം ആര്‍ എസ് എസിന് പല സ്‌ഫോടന കേസുകളിലും വ്യക്തമായ പങ്കുണ്ടെന്ന സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ ഒരു മാധ്യമത്തില്‍ വന്നത് പലരുടെയും വായടപ്പിക്കുന്നതായിരുന്നു.
എന്നാല്‍, മാറിയ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഈ കേസുകളുടെ ഇന്നത്തെ അവസ്ഥയെന്താണെന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. 2008ലെ മലേഗാവ് സ്‌ഫോടന കേസില്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയന്റെ കഴിഞ്ഞ ജൂണിലെ വെളിപ്പെടുത്തല്‍ വലിയ അത്ഭുതമൊന്നും പലര്‍ക്കും തോന്നിപ്പിച്ചില്ല. ഇതല്ല ഇതിനപ്പുറവും വരാനിരിക്കുന്നുവെന്ന തോന്നല്‍ അപ്പോഴേ പലര്‍ക്കുമുണ്ടായിരുന്നു. പുതിയ സര്‍ക്കാര്‍ അവരോധിതരായതിനാല്‍ ഈ കേസിലെ പ്രതികളോട് മൃദുസമീപനം വേണമെന്നായിരുന്നു രോഹിണി സാലിയനോട് എന്‍ ഐ എയുടെ ഉപദേശം. എതിര്‍കക്ഷികളുടെ മുമ്പില്‍ തോറ്റ് കൊടുക്കണമെന്ന് സ്വന്തം അഭിഭാഷകനോട് നിര്‍ദേശിക്കുന്ന ഒരു ഏജന്‍സി! സ്‌ഫോടന കേസുകളുടെ പതിവ് വഴക്കത്തില്‍ നിന്ന് മാറി സഞ്ചരിച്ച ഒരു കേസായിരുന്നു മലേഗാവ്. എവിടെ സ്‌ഫോടനമുണ്ടായാലും രണ്ടാം പക്കം മുസ്‌ലിം യുവാക്കളെ വേട്ടയാടി പ്പിടിക്കുന്ന, അങ്ങനെ ദേശത്തിന്റെ സുരക്ഷയും കെട്ടുറപ്പും ഭദ്രമാക്കുന്ന പതിവില്‍ നിന്ന് മഹാരാഷ്ട്ര ആന്റിടെററിസം സ്‌ക്വാഡ് മാറി സഞ്ചരിച്ചപ്പോഴാണ് സന്യാസത്തിന്റെയും കാഷായ വസ്ത്രത്തിന്റെയും മറവില്‍ ഹിംസ ഉപാസനയാക്കിയ ഒരു കൂട്ടം രാജ്യത്തെ കാര്‍ന്നുതിന്നുന്നുവെന്ന സത്യത്തിലേക്ക് വാതില്‍ തുറക്കുന്നത്. സൈനികപദവി പോലും ഭീകരതക്ക് വേണ്ടി ചൂഷണം ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയിലേക്കും ഈ കേസ് വിരല്‍ചൂണ്ടി. അതിനാല്‍ തന്നെ ഇന്ത്യന്‍ നിയമപീഠ വ്യവസ്ഥിതിയില്‍ ഈ കേസിന് വളരെയേറെ പ്രാധാന്യമുണ്ട്. കേസിലെ പ്രതികള്‍ക്ക് എവ്വിധമുള്ള ശിക്ഷയാണ് വിധിക്കാന്‍ പോകുന്നതെന്ന ആകാംക്ഷയുണ്ടായിരുന്നു 2014 മെയ് 17ന് മുമ്പ് വരെ. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ഈ കേസുകളുടെ സ്വാഭാവിക പരിണിതി എന്താകുമെന്ന് അന്നേ അറിയാവുന്നത് കൊണ്ടാണ് അരുണ സാലിയന്റെ വെളിപ്പെടുത്തല്‍ ആരെയും കിടിലം കൊള്ളിക്കാത്തത്.
ആര്‍ എസ് എസിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രവര്‍ത്തിക്കുന്ന ഈര്‍ക്കിള്‍ ഹിന്ദുത്വ പാര്‍ട്ടികളും വിഷം ചീറ്റുന്ന അവരുടെ നേതാക്കളും നാട്ടിലെങ്ങും വലിയ അലോസരങ്ങളാണ് സൃഷ്ടിക്കുന്നത്. കേരളത്തില്‍ പോലും ഫാസിസത്തിനെതിരെ അതിജാഗ്രത പുലര്‍ത്തേണ്ട സാംസ്‌കാരിക മണ്ഡലം വരെ ഇന്ന് സവര്‍ണ ഭീകരതയോട് മൗനം പുലര്‍ത്തി സന്ധിയാകുന്നു. പ്രഖ്യാപിത അടിയന്തരാവസ്ഥയോട് പോലും സധൈര്യം പോരാടി അതിനെതിരെ പ്രതിഷേധമറിയിച്ച് പാരമ്പര്യമുള്ള ധൈഷണിക മണ്ഡലം, അപ്രഖ്യാപിത സാംസ്‌കാരിക അടിയന്തരാവസ്ഥയോട് മൗനം ദീക്ഷിച്ച് പൂര്‍ണവിധേയത്വം പുലര്‍ത്തുമ്പോള്‍ ഏറെ ഭയപ്പെടേണ്ടിയിരിക്കുന്നു. ഹനുമാന്‍ സേനയെന്ന ബി ജെ പി പോലും പ്രത്യക്ഷത്തില്‍ അയിത്തം കല്‍പ്പിച്ച ഈര്‍ക്കിള്‍ പാര്‍ട്ടിയുടെ ഭീഷണിക്ക് മുന്നില്‍ ഡോ. എം എം ബഷീറിന് തന്റെ രാമായണ വ്യാഖ്യാന കോളം നിര്‍ത്തേണ്ടി വരികയും ഇക്കാര്യം ഒരു മാസത്തിലേറെ കാലം പുറംലോകമറിയാതിരിക്കുകയും ചെയ്തു എന്ന് വരുമ്പോള്‍ നാം അകപ്പെട്ട ഭയത്തിന്റെ വ്യാപ്തി എത്രയെന്ന് ബോധ്യമാകുകയാണ്.
ആര്‍ എസ് എസ് എന്ന വടവൃക്ഷത്തിന്റെ തണലില്‍ കഴിയുന്ന കൂട്ടായ്മകളാണ് വര്‍ഗീയ വിദ്വേഷം ഇത്രയേറെ കുത്തിവെക്കുന്നത്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ഇവര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്. മാത്രമല്ല തങ്ങളെ ചോദ്യം ചെയ്യുന്ന അപ്രമാദിത്വത്തെ വെല്ലുവിളിക്കുന്ന അപ്രിയ സത്യങ്ങള്‍ തെല്ലും ഭയമില്ലാതെ തുറന്നുപറയുന്ന പലരെയും കായികമായി ഇല്ലായ്മ ചെയ്യുന്ന ഒരു കാട്ടാളത്തത്തിന് ചെല്ലും ചെലവും നല്‍കുകയാണ് അവര്‍ക്കെതിരായ അന്വേഷണങ്ങളും നടപടികളും മരവിപ്പിക്കുന്നതിലൂടെയുണ്ടാകുന്നത്. മുംബെയില്‍ ജോണ്‍ ദയാല്‍ അവരുടെ നോട്ടപ്പുള്ളിയാണ്. കെ എസ് ഭഗവാന് അവര്‍ മരണ വാറണ്ട് നല്‍കിക്കഴിഞ്ഞു. മൈസൂരുവില്‍ നിന്ന് കേരളത്തിലേക്ക് ഇത്തരം മരണ വാറണ്ടുകളെത്താന്‍ അധിക വഴിദൂരമില്ലെന്ന ബോധ്യമെങ്കിലും ഉണ്ടാകേണ്ടിയിരിക്കുന്നു.