Connect with us

International

ഫലസ്തീനികളുടെ വീടുകള്‍ ഇസ്‌റാഈല്‍ സൈന്യം ഇടിച്ചു നിരത്തി

Published

|

Last Updated

ജറൂസലം: രണ്ട് ഫലസ്തീന്‍ കുടുംബങ്ങളുടെ വീടുകള്‍ ഇസ്‌റാഈല്‍ ഇടിച്ചുനിരത്തി. കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ പൗരന്മാരെ ആക്രമിച്ചവരുടെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. കിഴക്കന്‍ ജറൂസലമിലുള്ള ഗസ്സാന്‍ അബൂജമാലിന്റെയും മുഹമ്മദ് ജാബിസിന്റെയും വീടുകള്‍ തകര്‍ത്തതിന് പുറമെ മറ്റൊരു വീട് തകര്‍ക്കാനുള്ള ശ്രമത്തിലാണ് ഇസ്‌റാഈല്‍ സൈന്യം. കഴിഞ്ഞ നവംബറില്‍ പടിഞ്ഞാറന്‍ ജറൂസലമിലെ ഒരു സിനഗോഗില്‍ വെച്ച് അബൂ ജമാല്‍ ഒരു പോലീസുകാരനടക്കം അഞ്ച് ജൂതരെ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് ഇദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഗസ്റ്റ് നാലിന് ഇസ്‌റാഈലുകാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ബുള്‍ഡോസര്‍ ഓടിച്ചുകയറ്റി ജാബിസ് ഒരു ജൂതനെ കൊലപ്പെടുത്തിയിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. 2014 ഒക്‌ടോബറില്‍ സന്നദ്ധപ്രവര്‍ത്തകന്‍ യഹൂദ ഗ്ലിക്കിനെ വെടിവെച്ചു പരുക്കേല്‍പ്പിച്ച മുഅ്തസ് ഹിജാസിയുടെ വീടാണ് ഇസ്‌റാഈല്‍ സൈന്യം തകര്‍ക്കാന്‍ പദ്ധതിയിട്ട മറ്റൊന്ന്. ഈ സംഭവത്തിന് ശേഷം 32 കാരനായ ഹിജാസിയെ അദ്ദേഹത്തിന്റെ വീടിന് മുകളില്‍ വെച്ച് ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്നിരുന്നു.
ഫലസ്തീനികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കിയത് കഴിഞ്ഞ ദിവസമാണ്. വെസ്റ്റ് ബാങ്കില്‍ സൈന്യത്തിന്റെയും പോലീസിന്റെയും എണ്ണം കൂട്ടുമെന്നും നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

Latest