കുന്ദുസ് ആക്രമണം: ഉത്തരവാദിത്വം അഫ്ഗാന്റെ തലയില്‍ കെട്ടിവെക്കാന്‍ യു എസ് ശ്രമം

Posted on: October 7, 2015 5:16 am | Last updated: October 7, 2015 at 12:17 am
SHARE

വാഷിംഗ്്ടണ്‍: താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ സൈനികരുടെ ആവശ്യപ്രകാരമാണ് അമേരിക്കന്‍ സൈന്യം കുന്ദുസില്‍ വ്യോമാക്രമണം നടത്തിയതെന്ന് യു എസ് കമാന്‍ഡര്‍. സന്നദ്ധ പ്രവര്‍ത്തകര്‍ അടക്കം 22 പേര്‍ കൊല്ലപ്പെട്ട ആശുപത്രി ആക്രമണത്തിന്റെ പേരില്‍ അമേരിക്ക കടുത്ത വിമര്‍ശം നേരിടുന്ന ഘട്ടത്തിലാണ് ഈ ന്യായീകരണം.
താലിബാന്‍ ഭീഷണി ഇല്ലാതാക്കാന്‍ അവശ്യപ്പെട്ടതനുസരിച്ച് നടത്തിയ വ്യോമാക്രമണത്തില്‍ യാദൃച്ഛികമായി സാധാരണ ജനങ്ങള്‍ കൊല്ലപ്പെടുകയായിരുന്നുവെന്ന് ജനറല്‍ ജോണ്‍ കാംപ്‌ബെല്‍ പെന്റഗണില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഏത് വിഭാഗമാണ് ഇവിടെ ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത കാംബെല്‍ സംഭവം സംബന്ധിച്ച് സുതാര്യമായ അന്വേഷണം നടത്തുമെന്ന് ഉറപ്പ് നല്‍കി.
യാദൃച്ഛികമായി നടന്ന അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വ്യാഖ്യാനങ്ങളെ ചോദ്യംചെയ്തുകൊണ്ട് രംഗത്തെത്തിയ ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോഡേഴ്‌സ് ( എം എസ് എഫ്) എന്ന സംഘടന ബോംബ് ആക്രമണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം സംബന്ധിച്ച് അമേരിക്ക നല്‍കുന്ന വിവരങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് എം എസ് എഫ് ആരോപിച്ചു.
സംഭവത്തെ ആദ്യം യുദ്ധത്തിനിടെ സംഭവിക്കുന്ന നഷ്ടങ്ങളെന്നാണ് അമേരിക്ക വിശേഷിപ്പിച്ചത്. പിന്നീട് ഇതിനെ ദുരന്ത സംഭവമെന്നും വിളിച്ചു. ഇപ്പോള്‍ സംഭവത്തിന്റെ ഉത്തരവാദിത്വം അഫ്ഗാനിസ്ഥാന്റെ തലയില്‍ കെട്ടിവെക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് എം എസ് എഫ് ജനറല്‍ ഡയറക്ടര്‍ ക്രസ്റ്റൊഫര്‍ സ്റ്റോക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും ഇത് സംബന്ധിച്ച് സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം ആഗോളതലത്തില്‍ അമേരിക്കയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. യു എന്നിന്റെ മനുഷ്യാവകാശ വിഭാഗത്തില്‍ യുദ്ധക്കുറ്റം ആയി കണക്കാക്കാനുള്ള സാധ്യതയും അമേരിക്കക്കെതിരെ നിലനില്‍ക്കുന്നുണ്ട്.