യമനില്‍ അറബ് സഖ്യ സൈന്യത്തിലെ 15 അംഗങ്ങള്‍ കൊല്ലപ്പെട്ടു

Posted on: October 7, 2015 5:16 am | Last updated: October 7, 2015 at 12:16 am
SHARE

സന്‍ആ: യമനിലെ ആദനില്‍ നടന്ന വ്യത്യസ്ത ആക്രമണങ്ങളില്‍ അറബ് സഖ്യ സൈന്യത്തിലെ 15 സൈനികര്‍ കൊല്ലപ്പെട്ടു. യു എ ഇയിലെ ഡബ്ല്യൂ എ എം വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈയില്‍ ഹൂത്തികളില്‍ നിന്ന് ആദന്‍ നഗരം പിടിച്ചെടുത്ത ശേഷം അറബ് സഖ്യസൈന്യം നേരിടുന്ന വലിയ തിരിച്ചടിയാണ് ഇത്. കൊല്ലപ്പെട്ട സൈനികരില്‍ നാല് പേര്‍ യു എ ഇക്കാരും ഒരാള്‍ സഊദിക്കാരനുമാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. യമന്‍ ഉദ്യോഗസ്ഥര്‍ താമസിക്കുന്ന ഹോട്ടല്‍ സമുച്ചയവും ആദനിലെ ഗള്‍ഫ് സൈനിക കേന്ദ്രവുമാണ് ആക്രമിക്കപ്പെട്ടത്. മന്ത്രിമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയും സുരക്ഷിതരാണെന്ന് യമന്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര കാബിനറ്റ് വിളിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആദനിലെ അല്‍ഖസ്ര്‍ ഹോട്ടലിന് അറബ് സഖ്യ സൈനികരുടെ കനത്ത കാവലുണ്ടായിരുന്നു. യമന്‍ സര്‍ക്കാറിലെ നിരവധി ഉദ്യോഗസ്ഥര്‍ ഇവിടെ ഉണ്ടായിരുന്നതിനാലാണ് ഹൂത്തികള്‍ ആക്രമണം നടത്തിയതെന്ന് കരുതപ്പെടുന്നു. പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയെ അനുകൂലിക്കുന്ന സൈന്യത്തിന് പുറമെ യമനിലെ വിവിധ ഭാഗങ്ങളില്‍ അറബ് സൈന്യവും സുരക്ഷക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. യു എ ഇയുടെ നാലായിരത്തോളം സൈനികര്‍ യമനില്‍ പോരാട്ടത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ അറിയിച്ചു. ഇതിന് പുറമെ യുദ്ധടാങ്കുകള്‍, സായുധ വാഹനങ്ങള്‍, ഹെലികോപ്ടറുകള്‍ എന്നിവയും സഹായത്തിനായി ഉണ്ട്.
ഹോട്ടലിന് നേരെ ആക്രമണം നടന്നയുടനെ തീപ്പിടിച്ചതായും ഇതിന് ശേഷം ആംബുലന്‍സുകള്‍ സര്‍വീസ് നടത്തിയതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ യമനില്‍ ആഭ്യന്തര കുഴപ്പം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഹൂത്തികള്‍ക്കെതിരെ അറബ് സഖ്യ സൈന്യം ആക്രമണം ആരംഭിച്ചിരുന്നു. പുറത്താക്കപ്പെട്ട യമന്‍ പ്രസിഡന്റിനെ തിരികെ അധികാരത്തിലെത്തിക്കുക, ഹൂത്തികള്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ നിരുപാധികം വിട്ടുനല്‍കുക എന്നീ ആവശ്യങ്ങള്‍ ഹൂത്തികള്‍ അംഗീകരിക്കണമെന്നാണ് സഊദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് യു എന്നും രംഗത്തെത്തിയിരുന്നു.
കനത്ത സുരക്ഷയുടെ അകമ്പടിയോടെ രണ്ടാഴ്ച മുമ്പ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി ആദനില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആറ് മാസത്തോളം ഇദ്ദേഹം സഊദി അറേബ്യയില്‍ അഭയം തേടിയിരിക്കുകയായിരുന്നു. കഴിഞ്ഞ സെപ്തംബറില്‍ ആയുധകേന്ദ്രങ്ങള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ 52 യു എ ഇ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 1971ല്‍ സ്ഥാപിക്കപ്പെട്ടതു മുതല്‍ യു എ ഇ സൈന്യം നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഈ സംഭവം.