Connect with us

Kasargod

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരായി തിരിച്ചെത്തി

Published

|

Last Updated

കാഞ്ഞങ്ങാട്: അക്ഷരാര്‍ഥത്തില്‍ ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തണമെന്ന്. മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ 10 മത്സ്യത്തൊഴിലാളികളെയും 12 മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്നലെ രാവിലെ ഏഴ് മണിയോടെ കണ്ടെത്തി കരക്കെത്തിച്ചത്.
നീലേശ്വരം തൈക്കടപ്പുറത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ഓംകാരം ഫൈബര്‍ ബോട്ടാണ് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ അപകടത്തില്‍പെട്ടത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ കാഞ്ഞങ്ങാട് കടപ്പുറത്തെ മണികണ്ഠന്‍ (30), സജേഷ് (26), രാജേഷ് (32), ബാലകൃഷ്ണന്‍ (48), ചന്ദ്രന്‍ (26), ഷാജി (35), മണി(33), പുഞ്ചാവി സ്വദേശി പ്രവീണ്‍ (32), കീഴൂരിലെ മുകേഷ്(31), കല്ലുരാവിയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശി ഒലിനര്‍ റഹ്മാന്‍ (28) എന്നിവരെയാണ് കാണാതായത്.
രാവിലെ മത്സ്യബന്ധനത്തിന് പോയി തിരിച്ചുവന്നതിന് ശേഷം കൂടുതല്‍ മത്സ്യമുണ്ടെന്നറിഞ്ഞ് മൂന്ന് മണിയോടെ വീണ്ടും പോയതായിരുന്നു. തിരിച്ചുവരുന്നതിനിടയില്‍ കൂറ്റന്‍ തിരമാലയില്‍പെട്ട് മറിഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് വള്ളങ്ങളും രാത്രി എട്ടോടെ തിരിച്ചെത്തിയപ്പോഴാണ് ഓംകാരം അപകടത്തില്‍പെട്ടതറിഞ്ഞത്. കരയില്‍ നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെയായിരുന്നു അപകടം. തോണി മറിഞ്ഞതോടെ ബാലകൃഷ്ണന്‍, മണികണ്ഠന്‍ എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ചത്. മറിഞ്ഞ വള്ളത്തില്‍ മുറുകെപിടിച്ച ഇവര്‍ വള്ളത്തിന്റെ മുകളില്‍ ഇരുമ്പ് ദണ്ഡ് ഘടിപ്പിച്ച് മറ്റുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു. വേലിയിറക്കത്തില്‍ ഉള്‍ക്കടലിലേക്ക് പോയ വള്ളം 14 നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ കണ്ടത്. രാത്രി കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു.