യു എ ഇയിലേത് ലോകത്തിലെ മികച്ച റോഡ്‌

Posted on: October 6, 2015 6:00 pm | Last updated: October 6, 2015 at 6:49 pm
SHARE

ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച റോഡുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇയും. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ കോംപറ്റീറ്റിവ്‌നസ് റിപ്പോര്‍ട്ടിലാണ് യു എ ഇക്ക് ഈ അംഗീകാരം. ദുബൈ മെട്രോ ഉള്‍പെടെയുള്ള രാജ്യത്തെ ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങളാണ് പട്ടികയില്‍ ഇടംനേടാന്‍ യു എ ഇക്ക് സഹായകമായത്. യു എ ഇ വിഷന്‍ 2021ഉം പട്ടികയില്‍ ഇടംപിടിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. യു എ ഇയിലെ പൗരന്മാരും പ്രവാസി സമൂഹവും നല്‍കുന്ന മികച്ച പിന്തുണയാണ് വിവിധ മേഖലകളില്‍ മികച്ചതായി മാറാന്‍ യു എ ഇക്ക് സഹായകമാവുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അബ്ദുല്ല ബിന്‍ മുഹമ്മദ് ബല്‍ഹൈഫ് അല്‍ നുഐമി അഭിപ്രായപ്പെട്ടു.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും വൈസ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും അബുദാബി കിരീടാവകാശി ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും നേതൃത്വത്തിലുള്ള ദീര്‍ഘവീക്ഷണമുള്ള നേതൃത്വമാണ് യു എ ഇക്ക് ഇത്തരം രാജ്യാന്തര ബഹുമതികള്‍ കരസ്ഥമാക്കാന്‍ സഹായകമാവുന്നത്. റോഡുകളുടെ സാങ്കേതികമായ മികവിനൊപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതിയും റിപ്പോര്‍ട്ട് പരിശോധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.