തൊഴിലാളികള്‍ക്കു നേരെയുള്ള വിവേചനം അവസാനിപ്പിക്കണം: പി കെ ബിജു എം പി

Posted on: October 6, 2015 10:15 am | Last updated: October 6, 2015 at 10:15 am
SHARE

നെല്ലിയാമ്പതി: നെല്ലിയാമ്പതി മേഖലയില്‍ സമരം നടക്കുന്ന കേന്ദ്രങ്ങളില്‍ ഐക്യദാര്‍ണ്ഡ്യം പ്രകടിപ്പിച്ച് നാലു സമര കേന്ദ്രങ്ങള്‍ പി കെ ബിജു എം പി സന്ദര്‍ശിച്ചു. ചന്ദ്രാമല, പോബ്‌സണ്‍, മണലാരം ഫാക്ടറി, ലില്ലി ഡിവിഷന്‍ എന്നിവിടങ്ങളിലെ സമര കേന്ദ്രങ്ങളാണ് എം പി സന്ദര്‍ശിച്ചത്.
തോട്ടം തൊഴിലാളികള്‍ക്കു നേരെയുളള ഉടമകളുടെ കടുത്ത വിവേചനവും, മനുഷ്യാവകാശ ധ്വസനവും അവസാനിപ്പിക്കണമെന്ന് എം പി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പുനരധിവാസത്തിനും, മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി തോട്ടമുടമകള്‍ക്ക് അനുവദിച്ച ഭൂമി ഉടമകള്‍ എങ്ങനെ വിനിയോഗിച്ചുവെന്നത് സര്‍ക്കാര്‍ സമഗ്രമായി അനേ്വഷിക്കണം.
തോട്ടങ്ങളിലെ ലയങ്ങില്‍ നിന്നും പുറത്താക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ കൃഷിവകുപ്പിന്റെ കീഴിലുളള തരിശ് ഭൂമി അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, റവന്യൂ വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ നടപടിയെടുക്കണം.
500 രൂപ ദിവസ വേതനം തോട്ടം തൊഴിലാളികള്‍ക്ക് അനുവദിച്ച് നല്‍കി സമരം അവസാനിപ്പിക്കുന്നതിനും, വാസയോഗ്യമായ വീടുകള്‍ ഉള്‍പ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, തൊഴില്‍ വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്നും എം പി തൊഴിലാളികളെ അറിയിച്ചു. കൊല്ലങ്കോട് സി പി എം ഏരിയാ സെക്രട്ടറി കെ ബാബു, എ ഐ ടി യു സി നേതാവ് എം ആര്‍ —സുകുമാരന്‍, സി ഐ ടി യു നേതാക്കളായ വി ഫാറൂഖ്, രാജന്‍ എന്നിവരും എം പിയോടൊപ്പമുണ്ടായിരുന്നു.