Connect with us

Kozhikode

പ്രഥമ കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ലീഗിന് വര്‍ണാഭമായ തുടക്കം

Published

|

Last Updated

കാഴിക്കോട്: പ്രഥമ കേരള ജൂനിയര്‍ ബാഡ്മിന്റണ്‍ ലീഗിന് (കെ.ബി.എല്‍) വര്‍ണ്ണാഭമായ തുടക്കം. വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് പഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നടന്‍ സുരേഷ്‌ഗോപിയെ കെ ബി എല്‍, കേരള ബാഡ്മിന്റണ്‍ അസോസിയേഷന്‍ ബ്രാന്റ് അംബാസിഡറായി പ്രഖ്യാപിച്ചു. ദേശീയതലത്തില്‍ മികച്ചപ്രകടനം നടത്തുന്ന ബാഡ്മിന്റണ്‍ താരങ്ങളെ കണ്ടെത്തുന്നതിന് ടൂര്‍ണമെന്റ് വഴിയൊരുക്കുമെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. പ്രതിഭകളായ കായികതാരങ്ങള്‍ കേരളത്തിലുണ്ടെങ്കിലും സാമ്പത്തികപ്രതിസന്ധി പലയുവതാരങ്ങളുടേയും പ്രതീക്ഷയെ ഇല്ലാതാക്കുന്നു. ഇവരെയെല്ലാം സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് കൈയൊഴിയാന്‍ തനിക്കാവില്ലെന്നും ഇത്തരം താരങ്ങളെ ഹൃദയപൂര്‍വ്വം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂതിരി രാജാവ് കെ സി ഉണ്ണിഅനുജന്‍ രാജ ഭദ്രദീപം കൊളുത്തി. മേയര്‍ പ്രൊഫ. എ കെ പ്രേമജം ചടങ്ങില്‍ അധ്യക്ഷയായിരുന്നു. കൗണ്‍സിലര്‍ പി കിഷന്‍ചന്ദ്, ഐ എന്‍ എസ് പ്രസിഡന്റ് പി വി ചന്ദ്രന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി, കെ ബി എല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി എസ് മുരളീധരന്‍, കെ ബി എസ് എ പ്രസിഡന്റ് എ വത്സലന്‍ സംസാരിച്ചു. കേരള ബാഡ്മിന്റണ്‍ അസോസിയേഷനും ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.ബേക്കേഴ്‌സ് ആന്റ് ബട്ട്‌ലേഴ്‌സാണ് മുഖ്യ സ്‌പോണ്‍സര്‍
ജൂനിയര്‍ ബാഡ്മിന്റണ്‍ ലീഗിന്റെ ലീഗ്, നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാവിലെ 11മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ടീം ടേസ്റ്റ്‌മേറ്റ്‌സ്, ടീം ലീ-നിങിനെ നേരിടും. റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് ഗ്രൂപ്പുകളിലായി ആറു ടീമുകളാണ് പങ്കെടുക്കുന്നത്. ആണ്‍/പെണ്‍ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നിങ്ങനെയാണ് മത്സരം. വെള്ളിയാഴ്ച ടൂര്‍ണമെന്റിന് സമാപനമാകും.