Connect with us

National

ജര്‍മനിയുമായി 18 കരാറുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: വാണിജ്യ, സാമ്പത്തിക സഹകരണം ഉള്‍പ്പടെയുള്ള 18 കരാറുകളില്‍ ഇന്ത്യയും ജര്‍മനിയും ഒപ്പുവെച്ചു. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും കരാറുകളില്‍ ഒപ്പുവെച്ചത്. റയില്‍വേ, ഉന്നത വിദ്യാഭ്യാസം, വ്യോമയാനം, ഭക്ഷ്യസുരക്ഷ എന്നിവയടക്കമുള്ള മേഖലകളിലാണ് കരാര്‍. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ജര്‍മനി മുഖ്യ പങ്കാളിയാണെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ നരേന്ദ്രമോദി പറഞ്ഞു.
പ്രതിരോധം, സുരക്ഷ, വാണിജ്യം തുടങ്ങിയ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ മൂന്ന് മണിക്കൂര്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. അതിന് ശേഷമാണ് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചത്. വാണിജ്യാനുമതികള്‍ വേഗത്തില്‍ നല്‍കല്‍, സുരക്ഷാ കാര്യങ്ങളില്‍ സഹകരണം ഉറപ്പുവരുത്തല്‍, മാനവശേഷി വികസനം, വിദ്യാഭ്യാസം, റെയില്‍ വികസനം, നിര്‍മാണ മേഖല, ദുരന്തനിവാരണം എന്നിവയില്‍ സഹകരണം, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ കമ്പനികള്‍ക്കായി അതിവേഗ കേന്ദ്രങ്ങള്‍, സൗരോര്‍ജം ഫലപ്രദമായി ഉപയോഗിക്കുന്ന കാര്യത്തില്‍ പങ്കാളിത്തം വര്‍ധിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാന ധാരണ.
ഇന്ത്യയുടെ ഗ്രീന്‍ എനര്‍ജി കോറിഡോറിനും സോളാര്‍ പദ്ധതിക്കും ഒരു ബില്യണ്‍ യൂറോ വീതം ജര്‍മനി നല്‍കും. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലും ഊ ര്‍ജോത്പാദനരംഗത്തും ദീര്‍ഘകാല കരാറുകള്‍ക്ക് രൂപംനല്‍കും. ഇന്ത്യയുടെ സ്മാര്‍ട് സിറ്റി പദ്ധതി, ക്ലീന്‍ ഗംഗ പദ്ധതി, മാലിന്യ സംസ്‌കരണ പദ്ധതികള്‍ തുടങ്ങിയവയുമായി ജര്‍മനി സഹകരിക്കും.
ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജര്‍മന്‍ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് കരാറുകള്‍. സാമ്പത്തിക മേഖലയിലെ സഹകരണത്തിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് സംയുക്ത പ്രസ്താവനയില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇത് അവസരങ്ങളുടെ വലിയ സാധ്യത തുറക്കും. സ്ഥിരതയുള്ള ലോകത്തിന്റെ ഭാവിക്കായി മാനുഷിക മൂല്യങ്ങളിലൂന്നിയ സഹകരണമാണ് സാധ്യമാകുന്നതെന്നും മോദി പറഞ്ഞു.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ആഞ്ജല മെര്‍ക്കല്‍ ഞായറാഴ്ച വൈകുന്നേരമാണ് ന്യൂഡല്‍ഹിയിലെത്തിയത്. വ്യവസായ പ്രമുഖരടക്കമുള്ള ഉന്നതതല പ്രതിനിധി സംഘവും ജര്‍മന്‍ ചാന്‍സലറെ അനുഗമിക്കുന്നുണ്ട്. രാഷ്ട്രപതിഭവനില്‍ ഇന്നലെ രാവിലെ ജര്‍മന്‍ ചാന്‍സലര്‍ക്ക് ഔദ്യോഗിക സ്വീകരണം നല്‍കി. തുടര്‍ന്ന് രാജ്ഘട്ട് സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്കെത്തിയത്.
മോദിയും മെര്‍ക്കലും ഇന്ന് ബെംഗളൂരു സന്ദര്‍ശിക്കുന്നുണ്ട്. അവിടെ നാസ്‌കോമിന്റെ വ്യാവസായിക പരിപാടിയില്‍ ഇരുവരും പങ്കെടുക്കും. 2001 മുതല്‍ ഇരു രാജ്യങ്ങളും തന്ത്രപരമായ സഖ്യത്തിലാണ്. യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളില്‍ ഇന്ത്യക്ക് കൂടുതല്‍ വ്യാപാരബന്ധമുള്ളത് ജര്‍മനിയുമായിട്ടാണ്. ഇന്ത്യയില്‍ നിക്ഷേപമുള്ള രാജ്യങ്ങളില്‍ ഏഴാം സ്ഥാനത്താണ് ജര്‍മനി.