തെരുവുനായ ശല്യം: വിശദീകരണം നല്‍കാന്‍ ഡി ജി പിക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

Posted on: October 6, 2015 1:31 am | Last updated: October 6, 2015 at 1:31 am
SHARE

dogകൊച്ചി: ജനങ്ങള്‍ക്കു ശല്യമായിക്കൊണ്ടിരിക്കുന്ന തെരുവുനായകളെ എങ്ങനെ കൈകാര്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സംബന്ധിച്ച് ഈ മാസം20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജെ ബി കോശി നിര്‍ദേശം നല്‍കി.
കൊച്ചൗസേപ്പ് ചിറ്റിലപ്പളളി ചെയര്‍മാനായി കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ നിര്‍ദേശം. സംസ്ഥാനത്ത് അടുത്തിടെ നായശല്യം മൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ മാധ്യമ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പുകള്‍ സഹിതമാണ് സംഘടന പരാതി നല്‍കിയത്. മൃഗപ്രജനന നിയന്ത്രണ നിയമം അനുസരിച്ച് നടപ്പിലാക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ പാലിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റും വീഴ്ച വരുത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. അലഞ്ഞു തിരിയുന്നതും മനുഷ്യനു ശല്യമുണ്ടാക്കുന്നതുമായ നായകളെ വേദനാരഹിത മാര്‍ഗത്തിലൂടെ കൊല്ലുന്നതിനും നിയമം അനുശാസിക്കുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു സമര്‍പ്പിച്ച ഹരജികളിലെല്ലാം ഹൈക്കോടതി തീര്‍പ്പാക്കിയിട്ടുള്ളതാണ്. മനുഷ്യ ജീവനു തന്നെയാണ് പ്രാധാന്യമെന്നും കോടതി വ്യക്്തമാക്കിയിട്ടുണ്ട്. ആക്രമണകാരികളും പേ വിഷബാധ ഉള്ളതുമായ നായകളെ കൊല്ലണമെന്നു തന്നെയാണു കോടതി വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ ഇതിനു വിരുദ്ധമായി ഡിജിപി പുറപ്പെടുവിച്ച ഉത്തരവ് തെറ്റായ അര്‍ഥത്തിലുള്ളതാണെന്നു പരാതിയില്‍ പറയുന്നു.