സീറ്റ് വിഭജനവും പുതിയ സഖ്യകക്ഷികളും ഇരു മുന്നണികള്‍ക്കും തലവേദന

Posted on: October 6, 2015 5:26 am | Last updated: October 6, 2015 at 1:29 am
SHARE

കോഴിക്കോട്: തദ്ദേശഭരണ തിരഞ്ഞടുപ്പില്‍ സീറ്റ് വിഭജനത്തില്‍ ഇരു മുന്നണികള്‍ക്കും തലവേദന സൃഷ്ടിക്കുന്നത് പുതിയ സഖ്യ കക്ഷികള്‍. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ശേഷം ഇടത് മുന്നണിയിലും ഐക്യ മുന്നണിയിലും വലിയ മാറ്റം വന്നിട്ടുണ്ട്. ഇരുമുന്നണികളിലും നഷ്ടവും ലാഭവും ഘടക കക്ഷികളുടെ കാര്യത്തിലുണ്ടായിട്ടുണ്ട്. ഇടത് മുന്നണിക്ക് ഘടക കക്ഷികള്‍ക്കൊപ്പം സഹകരിക്കുന്ന പാര്‍ട്ടികളെ കൂടി പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ശേഷം ഇടത് മുന്നണിയില്‍ നിന്ന് ആര്‍ എസ് പി പുറത്ത് പോകുകയും പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് പിളരുകയും ചെയ്തതിന് പുറമെ ഐക്യമുന്നണിയിലുണ്ടായിരുന്ന സി എം പിയിലെ ഒരു വിഭാഗവും ജെ എസ് എസും ഇടത് മുന്നണിക്കൊപ്പമുണ്ട്. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണിക്കൊപ്പമായിരുന്നുവെങ്കിലും കാലങ്ങളായി ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്ന ഐ എന്‍ എല്ലുമുണ്ട്. ഫോര്‍വേര്‍ഡ് ബ്ലോക്കും മുന്നണിയോട് സഹകരിച്ച് വരികയാണ്. സി പി ഐ എം എല്‍ വിഭാഗത്തെയും ഇപ്പോള്‍ മുന്നണി പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിച്ച് വരികയാണ്. ഇതിന് പുറമെ ബാലകൃഷ്ണ പിള്ള വിഭാഗം കേരള കോണ്‍ഗ്രസും പി സി ജോര്‍ജ് വിഭാഗവും ഈ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മുന്നണിയില്‍ നിലവിലുള്ള കക്ഷികളായ സി പി എം,സി പി ഐ , ജനതാദള്‍, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് പുറമെ ഇത്രയും പാര്‍ട്ടികള്‍ക്ക് കൂടി ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് കണ്ടെത്തണമെന്നത് ഇടത് മുന്നണിയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയായിരിക്കും. മലബാറില്‍ പ്രധാനമായും ഐ എന്‍ എല്‍, സി എം പി പാര്‍ട്ടികള്‍ക്കും തിരുവിതാംകൂര്‍ മേഖലയില്‍ കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കും സീറ്റ് കുടുതലായി കണ്ടെത്തേണ്ടി വരും. ജെ എസ് എസിനും ഇടത് അനുകൂല ആര്‍ എസ് പി ക്കും ആലപ്പുഴ, കൊല്ലം ജില്ലകളില്‍ സീറ്റ് നല്‍കേണ്ടി വരും. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ഇടത് മുന്നണിയിലുണ്ടായിരുന്ന ആര്‍ എസ് പി മുന്നണി വിട്ട സാഹചര്യത്തിലും പി സി തോമസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടതിന്റെ അടിസ്ഥാനത്തിലും കുറച്ച് സീറ്റ് കൂടുതലായി ലഭിക്കുമെന്നത് മാത്രമാണ് ഏക ആശ്വാസം. എന്നാല്‍ കൂടെ നില്‍ക്കുന്ന പാര്‍ട്ടികള്‍ക്ക് നല്‍കാന്‍ ഇത്രയും സീറ്റ് മാത്രം മതിയാകില്ല. ഐക്യമുന്നണിക്കും ഇതേ തരത്തിലുള്ള പ്രതിസന്ധിയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം മുന്നണിയിലേക്ക് പുതുതായി വന്ന ആര്‍ എസ് പിക്ക് സീറ്റ് കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. ബാലകൃഷ്ണപിള്ള വിഭാഗം കേരള കോണ്‍ഗ്രസ് മുന്നണിക്ക് പുറത്ത് പോയതു കാരണം കുറച്ച് സീറ്റുകള്‍ ലഭിക്കും. പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുന്നണിക്ക് പുറത്ത് പോയെങ്കിലും ഇത്രയും സീറ്റുകള്‍ മാണി കോണ്‍ഗ്രസ് വിട്ട് നല്‍കാനും സാധ്യതയില്ല. ജെ എസ് എസിലെ പ്രബല വിഭാഗവും മുന്നണിക്ക് പുറത്താണ്. ആലപ്പുഴ ജില്ലയില്‍ ഏതാനും സീറ്റുകള്‍ ഇത്തരത്തില്‍ മുന്നണിക്ക് അധികമായി ലഭിക്കും. ആര്‍ എസ് പിക്ക് കൊല്ലം ജില്ലയില്‍ കാര്യമായ പരിഗണന നല്‍കേണ്ടി വരും. സി എം പിയിലെ ഒരു വിഭാഗം കൂടെ നില്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയിലെ പിളര്‍പ്പ് ചൂണ്ടിക്കാട്ടി സീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്താനും സാധ്യതയുണ്ട്. ജനതാദള്‍ യു കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ തന്നെ യു ഡി എഫിനോടൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി അവകാശപ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി സഹകരിച്ച് മത്സരിച്ച ഐ എന്‍ എല്ലിന് മത്സരിക്കാന്‍ സീറ്റ് നല്‍കിയത് മുസ്‌ലിം ലീഗായിരുന്നു. പുതിയ കക്ഷികള്‍ക്ക് ആരുടെ സീറ്റുകളില്‍ നിന്ന് വിട്ട് നല്‍കുമെന്നത് സീറ്റ് ധാരണയുണ്ടാക്കുന്നതില്‍ പ്രതിസന്ധിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇടത് മുന്നണിയിലായിരുക്കും സീറ്റ് വിഭജനം വലിയ കീറാമുട്ടിയാകാന്‍ സാധ്യത. സീറ്റ് വിട്ട് നല്‍കുന്ന കാര്യത്തില്‍ ആര് ഉദാരമനസ്‌കത കാണിക്കുമെന്നതാണ് ചോദ്യം. സി പി എം, സി പി ഐ, കക്ഷികള്‍ സീറ്റുകളുടെ എണ്ണത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രാദേശിക തലത്തില്‍ മുന്നണികള്‍ സീറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ബി ജെ പിയും ഇത്തവണ മുന്നണിയായി മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. എസ് എന്‍ ഡി പിയുമായി ധാരണയുണ്ടായ സാഹചര്യത്തില്‍ എസ് എന്‍ ഡി പി ക്ക് കൂടുതല്‍ സീറ്റ് നീക്കിവെക്കേണ്ടി വരും. പി സി തോമസിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ്, കേരള വികാസ്‌കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളും ബി ജെ പിയുമായി സഹകരിക്കുന്നുണ്ട്. ക്രൈസ്തവ മേഖലയില്‍ ഈ രണ്ട് പാര്‍ട്ടികള്‍ക്ക് പരിഗണന നല്‍കും. പേരിനെങ്കിലും മുസ്‌ലിം സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനും ബി ജെ പി തന്ത്രം മെനയുന്നുണ്ട്.എല്‍ ഡി എഫിനും യു ഡി എഫിനും ബി ജെ പിക്കും പുറമെ ആര്‍ എം പി ഉള്‍പ്പെടുന്ന ഇടത് ഐക്യമുന്നണിയും പരമാവധി സ്ഥലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചിക്കുന്നുണ്ട്.