അഫ്ഗാനിലെ സാഹചര്യം സങ്കീര്‍ണമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി

Posted on: October 6, 2015 5:20 am | Last updated: October 6, 2015 at 1:21 am
SHARE

മാഡ്രിഡ്: അഫ്ഗാനിലെ സാഹചര്യം സങ്കീര്‍ണവും ആശങ്കാജനകവുമാണെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍. 22 പേര്‍ കൊല്ലപ്പെട്ട അഫ്ഗാനിലെ എം എസ് എഫ് ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് സുതാര്യമായ അന്വേഷണം നടത്തുമെന്നും കാര്‍ട്ടര്‍ പറഞ്ഞു. അഫ്ഗാന്‍ പ്രത്യേക ഓപറേഷനില്‍ അഫ്ഗാന്‍-അമേരിക്കന്‍ സംയുക്ത സേനക്ക് യു എസ് എയര്‍ ക്രാഫ്റ്റ് പിന്തുണ നല്‍കിയിട്ടുണ്ടോ എന്നും അന്വേഷിക്കുമെന്ന് കാര്‍ട്ടര്‍ ഉറപ്പ് നല്‍കി.
അഫ്ഗാന്‍ സൈന്യം വടക്കന്‍ നഗരമായ കുന്ദുസിലെ ആക്രമണത്തിന് അമേരിക്കന്‍ പ്രത്യേക ഓപറേഷന്‍ സേനയോട് പിന്തുണ അഭ്യര്‍ഥിച്ചപ്പോള്‍ ആശുപത്രിയുടെ സാമീപ്യത്തെകുറിച്ച് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി യു എസ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സി-130 സേന കുന്ദുസില്‍ ആക്രമണം നടത്തിയിരുന്നെങ്കിലും അത് ആശുപത്രി തകര്‍ക്കാന്‍ മാത്രം ശക്തമായിരുന്നോ എന്നത് അറിയില്ലെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.