15 ലക്ഷം അഭയാര്‍ഥികളെ ജര്‍മനി ഈ വര്‍ഷം സ്വീകരിക്കും

Posted on: October 6, 2015 4:17 am | Last updated: October 6, 2015 at 1:17 am
SHARE

ബെര്‍ലിന്‍ : ജര്‍മനി ഈ വര്‍ഷം 15 ലക്ഷം അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന് രഹസ്യരേഖകള്‍ ഉദ്ധരിച്ചുകൊണ്ട് പത്ര റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്കായി വെളിപ്പെടുത്തിയ കണക്കിനേക്കാള്‍ ഏറെ ഉയര്‍ന്ന സംഖ്യയാണിത്. ഈ വര്‍ഷം എട്ട് ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ പുതിയ അഭയാര്‍ഥികള്‍ രാജ്യത്തെത്തുമെന്നാണ് അധികൃതര്‍ ഇതുവരെ പ്രവചിച്ചിരുന്നത്. എന്നാല്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 9,20,000 പുതിയ അഭയാര്‍ഥികള്‍ക്കൂടിയെത്തുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നതായി രഹസ്യരേഖകള്‍ ഉദ്ധരിച്ച് ബില്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ ഈ വര്‍ഷം രാജ്യത്തെത്തുന്ന അഭയാര്‍ഥികളുടെ മൊത്തം എണ്ണം 15 ലക്ഷം ആകും. കുടിയേറ്റ സമ്മര്‍ദം വര്‍ധിക്കുകയാണ്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 7,000 മുതല്‍ 10,000 പേര്‍വരെ ഓരോ ദിവസവും രാജ്യത്തേക്ക് അനധികൃത കുടിയേറ്റം നടത്തുമെന്ന് അധികൃതര്‍ രഹസ്യമാക്കിവെച്ച കണക്കുകള്‍ ഉദ്ധരിച്ച് പത്രം പറയുന്നു. എന്നാല്‍ വാര്‍ത്തയുടെ ഉറവിടം പത്രം വെളിപ്പെടുത്തിയിട്ടില്ല. അഭയാര്‍ഥികളുടെ ഒഴുക്ക് മേഖലയിലും സമൂഹത്തിലും വലിയ ബാധ്യതയാകുമെന്നും രേഖകള്‍ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് രാജ്യം വിടുന്ന അഭയാര്‍ഥികള്‍ക്കായി ജര്‍മനിയുടെ വാതില്‍ തുറന്നിട്ട ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ നടപടി ലോകപ്രശംസ പിടിച്ചുപറ്റിയിരുന്നു.