സൈബര്‍ ആക്രമണങ്ങളുടെ ഏറ്റവും വലിയ ഇര ഇന്ത്യയെന്ന് റിപ്പോര്‍ട്ട്‌

Posted on: October 6, 2015 5:12 am | Last updated: October 6, 2015 at 1:12 am
SHARE

ന്യൂഡല്‍ഹി: ഇന്ത്യ സൈബര്‍ കുറ്റവാളികളുടെ പ്രധാനലക്ഷ്യമായി മാറുന്നതായി റിപ്പോര്‍ട്ട്. 2015 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലെ സര്‍ക്കാര്‍, വാര്‍ത്താ വിനിമയ, സാങ്കേതിക സ്വകാര്യ സ്ഥാപനങ്ങളില്‍ 38 ശതമാനം സ്ഥാപനങ്ങള്‍ക്കും നേരെ സൈബര്‍ ആക്രമണങ്ങളുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ്, മറ്റ് സാങ്കേതിക സംവിധാനങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന സ്ഥാപനമായ ഫയര്‍ ഐ യുടെ 2015 ആദ്യ പകുതിയിലെ ഏഷ്യാ പസിഫിക് പ്രദേശങ്ങളിലെ സൈബര്‍ സുരക്ഷാ ഭീഷണികള്‍ വിലയിരുത്തിയുള്ള റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ സൈബര്‍ സുരക്ഷയെ കുറിച്ചുള്ള ആധി വര്‍ധിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രകാരം പ്രധാന രേഖകളും മറ്റ് സംവിധാനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതോടെ ലഭിക്കുന്ന സാധ്യതകളാണ് സൈബര്‍ കുറ്റവാളികളെ ഇന്ത്യയെ ലക്ഷ്യം വെക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാല്‍വെയറുകള്‍ സെര്‍വറുകളിലേക്കയച്ച് വിദൂരത്തൊരിടത്ത് നിന്ന് സ്ഥിരമായി വിവരവിനിമയങ്ങള്‍ നിരീക്ഷിക്കുന്ന എ പി ടി (അഡ്വാന്‍സഡ് പെര്‍സിസ്റ്റന്റ് ത്രെട്ട്) എന്ന ആസൂത്രിതമായ ഹാക്കിംഗ് രീതിയാണ് ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കുമെതിരെയുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോള ശരാശരിയായ 20 ശതമാനത്തേക്കാള്‍ കൂടുതലാണ് ഇന്ത്യക്ക് നേരെയുള്ള ആക്രമണം. ഇത് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്ന സാങ്കേതിക പുരോഗതിയിലൂടെ ഇന്ത്യന്‍ കമ്പനികളുടെ വിരങ്ങളും, വിവരവിനിമയങ്ങളും ഡിജിറ്റലൈസ് ചെയ്യപ്പെടുന്നതോടെ ലഭിക്കാവുന്ന ചൂഷണാവസരങ്ങളും മറ്റും മുന്നില്‍ കണ്ട് തന്നെയാണെന്ന് ഫയര്‍ ഐ കമ്പനി മേധാവി ബ്രൈസ് ബോലന്‍ഡ് പറയുന്നു.
ഭാവിയില്‍ മേഖലയിലെ പ്രധാന സ്വാധീന, സാമ്പത്തിക ശക്തിയുമായി മാറുമെന്നതും സൈബര്‍ ആക്രമണകാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷികുന്നുവെന്നും, ബൗദ്ധിക സ്വത്തവകാശ വിവരങ്ങളിലേക്കും, മറ്റു നിര്‍ണായക വിവരങ്ങളിലേക്കുമാകും ഇവര്‍ കടന്നു കയറാന്‍ ശ്രമിക്കുകയെന്നും ബ്രൈസ് ബോലന്‍ഡ് പറഞ്ഞു. ഏഷ്യ പസിഫിക് പ്രദേശത്ത് വെബ്‌സൈറ്റുകളിലെ വിവരവിനിമയത്തെ നിയന്ത്രിക്കുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വറുകളില്‍ കടന്ന് കയറാന്‍ ശ്രമിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇത് സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ്.
2015 ആദ്യത്തില്‍ ചൈന ആസ്ഥാനമായുള്ള ഹാക്കര്‍മാര്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എ പി ടി 30 എന്ന് പേരിട്ട പദ്ധതി ഒരു ദശകത്തോളം ഇന്ത്യയിലെ ഒരു എയറോസ്‌പോസ് പ്രതിരോധ കമ്പനിയെ ലക്ഷ്യമിട്ട് സൈബര്‍ ചാരപ്രവൃത്തി നടത്തിയിരുന്നു. വാട്ടര്‍മൈന്‍ എന്ന പദ്ധതി ഇന്ത്യയും അയല്‍ രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളും നയതന്ത്രപരമായ വിവരങ്ങളും ചോര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. രാജ്യത്തെ 50 ശതമാനം ടെലികമ്യൂണിക്കേഷന്‍ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും എ പി ടി നേരിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ആക്രമണ സാധ്യത മുന്‍ നിര്‍ത്തി ഇന്ത്യന്‍ സ്ഥാപനങ്ങളും കമ്പനികളും ഏറ്റവും പുതിയ സുരക്ഷാ സംവിധാനങ്ങള്‍ കൈകോള്ളണമെന്ന് ഫയര്‍ ഐ വൃത്തങ്ങള്‍ ഓര്‍മിപ്പിച്ചു.