എന്‍ ഡി എ അധികാരത്തില്‍ വന്നാല്‍ മാട്ടിറച്ചി നിരോധിക്കുമെന്ന്‌

Posted on: October 6, 2015 6:00 am | Last updated: October 6, 2015 at 1:28 pm
SHARE

emb-blackപാറ്റ്‌ന: ഹിന്ദുക്കളും മാട്ടിറച്ചി കഴിക്കുമെന്ന ആര്‍ ജെ ഡി മേധാവി ലാലു പ്രസാദ് യാദവിന്റെ പ്രസ്താവനയില്‍ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബി ജെ പി ശ്രമം. എന്‍ ഡി എക്ക് അധികാരം കിട്ടിയാല്‍ സംസ്ഥാനത്ത് പശുവിനെ കശാപ്പ് ചെയ്യുന്നത് സമ്പൂര്‍ണമായി നിരോധിച്ചുകൊണ്ട് നിയമം കൊണ്ടുവരുമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി പറഞ്ഞു.
മാട്ടിറച്ചി തിന്നണമെന്ന് പറയുന്നവരും പശു വധം നിരോധിക്കണമെന്ന് പറയുന്നവരും തമ്മിലാണ് സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. ഇക്കാര്യത്തില്‍ എന്‍ ഡി എക്ക് കര്‍ശന നിലപാടാണ് ഉള്ളത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേതിന് സമാനമായ നിയമമാകും കൊണ്ടുവരിക. 14 വയസ്സിന് താഴെയുള്ള പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയുന്ന നിയമം ഇപ്പോള്‍ സംസ്ഥാനത്ത് ഉണ്ട്. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കുന്നില്ല. ചെറുപ്രായത്തിലുള്ള പശുക്കളെയും സംസ്ഥാനത്ത് ഇപ്പോള്‍ കശാപ്പ് ചെയ്യുന്നുണ്ട്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ ഇക്കാര്യത്തില്‍ ഒരു ജാഗ്രതയും കാണിക്കുന്നില്ലെന്നും സുശീല്‍ കുമാര്‍ മോദി ചൂണ്ടിക്കാട്ടി.
ലാലു ഉയര്‍ത്തി വിട്ട വിവാദത്തിലേക്ക് മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറിനെ വലിച്ചിഴക്കാനുള്ള ശ്രമവും ബി ജെ പി നടത്തുന്നുണ്ട്. ലാലുവിന്റെ പ്രസ്താവനയില്‍ പ്രതികരിക്കാത്ത നിതീഷ് പശുഭക്തരെ അപമാനിച്ചുവെന്നാണ് ബി ജെ പിയുടെ ആരോപണം.