Connect with us

Malappuram

മുസ്‌ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനം: പ്രചാരണം അവസാനഘട്ടത്തില്‍

Published

|

Last Updated

മലപ്പുറം: ഈ മാസം പത്തിന് മലപ്പുറത്ത് നടക്കുന്ന കേരള മുസ്്‌ലിം ജമാഅത്ത് പ്രഖ്യാപന സമ്മേളനത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം.
രണ്ടായിരത്തോളം പ്രതിനിധികളാണ് പ്രഖ്യാപന സമ്മേളനത്തില്‍ പങ്കെടുക്കുക. സുന്നി സംഘ കുടുംബം നെഞ്ചോട് ചേര്‍ത്തുവെക്കുന്ന പ്രഖ്യാപന സമ്മേളനം ചരിത്രമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. സമ്മേളനത്തിനെത്തുന്നവരെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മലപ്പുറം ടൗണ്‍ ഹാളില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരാണ് പുതിയ സംഘടന പ്രഖ്യാപിക്കുക. സമ്മേളനം നടക്കുന്ന ടൗണ്‍ഹാളിന് പുറമെ പുറത്ത് വിശാലമായ പന്തല്‍ ഒരുക്കുന്നുണ്ട്. സമ്മേളനം വീക്ഷിക്കുന്നതിന് എല്‍ സി ഡി സ്‌ക്രീനുകള്‍ സ്ഥാപിക്കുകയും ചെയ്യും.
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ മുസ്‌ലിം ബഹുജന സംഘടന രൂപവത്കരിക്കുന്നതിന്റെ ആദ്യഘട്ടമാണ് കേരള ഘടകത്തിന്റെ പിറവി. പണ്ഡിതന്‍മാരും ഉമറാക്കളും ഉള്‍ക്കൊള്ളുന്നതാകും മുസ്‌ലിം ജമാഅത്ത്. പ്രഖ്യാപനത്തോടെ മുസ്‌ലിം സംഘടനകള്‍ക്കിടയിലെ ആധികാരിക ശബ്ദമായി ഈ സംഘടന മാറും. കോട്ടക്കല്‍ എടരിക്കോട് നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിലാണ് പുതിയ സംഘടനയെ കുറിച്ച് ആലോചനകള്‍ നടന്നത്. സംഘടനയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. കെ പി എച്ച് തങ്ങള്‍ പ്രാര്‍ഥന നടത്തി. മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ഊരകം അബ്ദുര്‍റഹ്്മാന്‍ സഖാഫി, കെ മുഹമ്മദ് ഇബ്‌റാഹീം, അബ്ദു ഹാജി വേങ്ങര, പത്തപ്പിരിയം അബ്ദുര്‍റശീദ് സഖാഫി, മുഹമ്മദലി മുസ്‌ലിയാര്‍ പൂക്കോട്ടൂര്‍, സുല്‍ഫിക്കര്‍ സഖാഫി, സുബൈര്‍ കോഡൂര്‍, ബദ്‌റുദ്ദീന്‍ കോഡൂര്‍ പങ്കെടുത്തു.

Latest