വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ തിരക്ക്; വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി

Posted on: October 6, 2015 6:02 am | Last updated: October 6, 2015 at 1:03 am
SHARE

local body electionതിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേരു ചേര്‍ക്കാന്‍ അവസാന ദിവസമായ ഇന്നലെ വന്‍ തിരക്ക്. തിരക്ക് കൂടിയതോടെ വെബ്‌സൈറ്റും തകരാറിലായി. ഇന്നലെ ഉച്ചക്ക് രണ്ട് മണി വരെയായിരുന്നു വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അനുവദിച്ച സമയം.
lsgelection.kerala.gov.in എന്ന വിലാസത്തിലായിരുന്നു പേര് ചേര്‍ക്കേണ്ടത്. രാവിലെ മുതല്‍ തന്നെ നിരവധി പേര്‍ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി എത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചില സ്ഥലങ്ങളില്‍ അപേക്ഷകരുടെ നീണ്ട നിര തന്നെ രൂപപ്പെട്ടു. 2015 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കും പ്രവാസികള്‍ക്കും പേര് ചേര്‍ക്കാന്‍ അവസരമുണ്ടായിരുന്നു.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും രണ്ടാഴ്ച സമയം നല്‍കിയിട്ടും അവസാന നിമിഷം എല്ലാവരും കൂടി ഇതിന് ശ്രമിച്ചതാണ് വെബ്‌സൈറ്റ് തകരാറിലാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ പറഞ്ഞു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.
ഇതിനിടെ റേഷന്‍ കാര്‍ഡിലെ പേര് തിരുത്താനുള്ള നിരവധി പേരും അക്ഷയ സെന്ററുകളിലെത്തിയിരുന്നു. ഇതും അക്ഷയ സെന്ററുകളിലെ തിരക്ക് കൂട്ടി. റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താനെത്തിയവരില്‍ മിക്കവരും നിരാശരായി മടങ്ങിപ്പോകേണ്ടിവന്നു.
അതേസമയം ഒടുവില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയില്‍. ഏറ്റവും കുറവ് വയനാട്ടിലാണ്. മലപ്പുറത്തെ 28,76,835 വോട്ടര്‍മാരില്‍ 14,64,309 പേര്‍ സ്ത്രീകളും 14,12,517 പേര്‍ പുരുഷന്‍മാരും ഒമ്പത് പേര്‍ ഭിന്നലിംഗക്കാരുമാണ്. വയനാട്ടിലെ 5,71,392 വോട്ടര്‍മാരില്‍ 2,90,167 പേര്‍ സ്ത്രീകളും 2,81,224 പേര്‍ പുരുഷന്‍മാരും ഒരാള്‍ ഭിന്നലിംഗത്തിലും ഉള്‍പ്പെടുന്നു. ഇതര ജില്ലകളിലെ വോട്ടര്‍മാരുടെ എണ്ണം ചുവടെ. ജില്ല, സ്ത്രീ, പുരുഷന്‍, ഭിന്നലിംഗം, ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍
തിരുവനന്തപുരം- 13,70,545 – 12,19,917- 08- 25,90,470, കൊല്ലം- 10,59,160- 9,52,129- 07- 20,11,296, പത്തനംതിട്ട- 5,29,730- 4,66,441- 00- 9,96,171, ആലപ്പുഴ- 8,57,726- 7,71,847- 03-16,29,576, കോട്ടയം- 7,61,723- 7,36,307- 03- 14,98,033, ഇടുക്കി- 4,25,177- 4,19,821- 02- 8,45,000, എറണാകുളം- 12,02,082- 11,60,793- 18- 23,62,893, തൃശ്ശൂര്‍- 12,71,570- 11,49,468- 13- 24,21,051, പാലക്കാട്- 10,88,599- 10,26,591- 09- 21,15,199, കോഴിക്കോട്- 11,73,664- 10,87,401- 04- 22,61,069, കണ്ണൂര്‍- 9,98,359- 8,64,217- 04- 18,62,580, കാസര്‍േേകാട്- 4,88,490- 4,58,442- 01- 9,46,933.
വോട്ടര്‍ പട്ടികയിലുള്ള മൊത്തം 2,49,88,498 വോട്ടര്‍മാരില്‍ 1,29,81,301 പേര്‍ സ്ത്രീകളും, 1,20,07,115 പേര്‍ പുരുഷന്‍മാരും, 82 പേര്‍ ഭിന്നലിംഗക്കാരുമാണ്.