കണ്‍സ്യൂമര്‍ഫെഡ് അഴിമതി: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Posted on: October 6, 2015 5:00 am | Last updated: October 6, 2015 at 1:01 am
SHARE

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് അഴിമതി സംബന്ധിച്ച കേസുകളില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചു. നിലവില്‍ നടക്കുന്ന അന്വേഷണം വിജിലന്‍സ് ഡയറക്ടറുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണെന്നും നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും വിജിലന്‍സ് അന്വേഷണ സംഘത്തലവന്‍ കെ എം ആന്റണി കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
2013ല്‍ ഓപറേഷന്‍ അന്നപൂര്‍ണയെന്ന പേരില്‍ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തും ആലുവ, തൃശൂര്‍, പാലക്കാട് എന്നിവടങ്ങളിലെ ഗോഡൗണുകളിലും ന ടത്തിയ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും ഇവയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിജിലന്‍സ് വ്യക്തമാക്കി.
2012-2013 കാലയളവില്‍ ഓണം- റമസാന്‍ കാലത്ത് സാധനസാമഗ്രികള്‍ വാങ്ങിയതിലും ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായും ഇതേക്കുറിച്ചുള്ള രണ്ട് കേസുകളില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടറുടെ പരിഗണനയിലാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഓപറേഷന്‍ അന്നപൂര്‍ണ റെയ്ഡിനെ തുടര്‍ന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സാഹചര്യത്തി ല്‍ കണ്‍സ്യൂമര്‍ഫെഡ് മാനേജിംഗ് ഡയറക്ടറായിരുന്ന റജി വി നായരെ തത്സ്ഥാനത്ത് നിന്ന് നീക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ ശിപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് എം ഡി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കി. ചീഫ് പര്‍ച്ചേസ് മാനേജര്‍ ആര്‍ ജയകുമാറടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അച്ചടക്ക നടപടികള്‍ ആരംഭിച്ചതായും കാലതാമസം കൂടാതെ പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചതായും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെയും 42 സാക്ഷികളെയും ഇതിനോടകം ചോദ്യം ചെയ്തതായും സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായും വിജിലന്‍സ് വ്യക്തമാക്കി.
കണ്‍സ്യൂമര്‍ഫെഡ് ഇടപാടുകളിലെ അഴിമതി സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി അഡ്വ. ഹൃദേഷ്ചന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും സി ബി ഐ അന്വേഷണമാണ് വേണ്ടതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.