ഹര്‍ത്താലുകള്‍ക്ക് നിയന്ത്രണം വേണം

Posted on: October 6, 2015 6:00 am | Last updated: October 6, 2015 at 12:57 am
SHARE

SIRAJ.......കടുത്ത ജനദ്രോഹ സമരമുറയാണ് ഹര്‍ത്താല്‍. സഞ്ചരിക്കാനും തൊഴിലെടുക്കാനുമുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തിന് നേരെയുള്ള കൈയേറ്റമാണിത്. നേരത്തെ ബന്ദ് എന്ന പേരില്‍ നടത്തിവന്ന ഈ സമരമുറ 1997ല്‍ സുപ്രീംകോടതി ബന്ദ് നിരോധിച്ചപ്പോഴാണ് ഹര്‍ത്താലെന്ന പേരില്‍ രംഗത്ത് വന്നത്. രാഷ്ട്രീയ പാര്‍ട്ടികളും വിവിധ സംഘടനകളും അടിക്കടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ സമര പ്രഖ്യാപനത്തിന് ചില നിയന്ത്രണങ്ങളേര്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളില്‍ നിന്ന് ഇതിന് പ്രതികരണം തേടിയപ്പോള്‍, മീഡിയ സന്ദര്‍ശിച്ച 22 ലക്ഷം പേരില്‍ 95 ശതമാനവും നിയന്ത്രത്തിന് അനുകൂലമായാണ് പ്രതികരിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വെളിപ്പെടുത്തുകയുണ്ടായി.
ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ പോലും വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി വെക്കുകയും കടകള്‍ അടച്ചിടുകയും ചെയ്യുന്ന സ്ഥിതിയാണ് ഇന്ന് സംസ്ഥാനത്ത്. ഇത് സമരത്തിന്റെ വിജയമായാണ് അതിനാഹ്വാനം ചെയ്യുന്നവര്‍ അവകാശപ്പെടാറുള്ളത്. യഥാര്‍ഥത്തില്‍ വാഹനം റോഡിലിറക്കിയാല്‍ ഹര്‍ത്താല്‍ അനുകൂലികളില്‍ നിന്നുണ്ടാകുന്ന അക്രമവും നഷ്ടവും ഭയന്ന് ഉടമകള്‍ സര്‍വീസ് നിര്‍ത്തി വെക്കാന്‍ നിര്‍ബന്ധിതരാകുകയാണ്. കടകള്‍ അടച്ചിടുന്നതും അക്രമം ഭയന്നാണ്. ഹര്‍ത്താല്‍ ആഹ്വാനം അവഗണിച്ചു നിരത്തിലിറക്കിയ വാഹനങ്ങള്‍ നശിപ്പിക്കപ്പെടുകയും കടകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗികളുമായി ആശുപത്രികളിലേക്ക് പോകുന്ന വാഹനങ്ങള്‍ പോലും അക്രമിക്കപ്പെടാറുണ്ട്. ഈ വിധം ജനങ്ങളെ ഭീഷണിപ്പെടുത്തി വീട്ടിലിരുത്തിയാണ് സമരത്തെ ജനം ഒറ്റക്കെട്ടായി പിന്തുണച്ചുവെന്ന് വീരവാദം മുഴക്കുന്നത്. ഇതൊരു തരം ഗുണ്ടായിസമാണ്. സുപ്രീം കോടതി ബന്ദ് നിരോധിച്ചതിന്റെ പശ്ചാത്തലവും ഇതാണ്.
അതേസമയം ഹര്‍ത്താലിനാഹ്വാനം ചെയ്ത പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഇതൊന്നും ബാധകമല്ല. സമരദിനത്തില്‍ ഒരൊറ്റ വാഹനവും പുറത്തിറങ്ങാന്‍ സമ്മതിക്കരുതെന്ന് അണികളോട് കല്‍പിക്കുന്ന നേതാക്കള്‍, തങ്ങളെ അക്രമിക്കാനോ തടയാനോ ആരും വരില്ലെന്ന ധൈ്യര്യത്തില്‍ യാതൊരു പ്രയാസവുമില്ലാതെ യാത്ര ചെയ്യുന്നു. മാത്രമല്ല, ആരെങ്കിലും ചോദ്യം ചെയ്താല്‍ ബന്ദനുകൂലികളായ പാര്‍ട്ടി അണികള്‍ തന്നെ അവരുടെ രക്ഷക്കായി രംഗത്തുവരികയും ചെയ്യും. രണ്ട് മാസം മുമ്പ് സംസ്ഥാനത്ത് ഒരു ഹര്‍ത്താല്‍ ദിനത്തില്‍ എറണാകുളം സൗത്ത് റെയില്‍വ സ്റ്റേഷനില്‍ വന്നിറങ്ങിയ ഒരു എം എല്‍ എ അണികള്‍ എത്തിച്ച കാറില്‍യാത്ര ചെയ്ത സംഭവം മാധ്യമങ്ങള്‍ ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തതാണ്. ഹര്‍ത്താലനുകൂലികള്‍ ഇതേ വഴിയില്‍ വന്ന മറ്റെല്ലാ വാഹനങ്ങളും തടഞ്ഞു വിദേശികളെ അടക്കം പെരുവഴിയിലാക്കിക്കൊണ്ടിരിക്കെയായിരുന്നു നേതാവിന്റെ യാത്ര. മാത്രമല്ല ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തവരെ അനുയായികള്‍ കൈകാര്യം ചെയ്യുകയുമുണ്ടായി.
ഹര്‍ത്താലടക്കം ഏത് സമരത്തെയും തടയുന്നതും നിയന്ത്രിക്കുന്നതും മൗലികാവകാശത്തിന്റെ ലംഘനമാണെന്ന അഭിപ്രായക്കാരുണ്ട്. ന്യായമായ അവകാശങ്ങള്‍ക്കുള്ള സമരത്തിന് തടയിടുന്നത് അവകാശലംഘനം തന്നെയാണ്. അത്തരം നീക്കങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതുമാണ്. എന്നാല്‍ സമരങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന രീതി മൗലികാവകാശമാണോ? മറ്റുള്ളവരുടെ സഞ്ചാരത്തെയും സ്വാതന്ത്രത്തെയും തടഞ്ഞും പരിമിതപ്പെടുത്തിയും സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല. അത്തരം സമരങ്ങള്‍ പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള കൈയേറ്റമാണ്. ഭരണ ഘടനാവിരുദ്ധവുമാണ്. അവ നിയന്ത്രിക്കപ്പെടേണ്ടതുമാണ്. പൗരാവകശങ്ങളെ മാനിക്കുന്നവരും വിലകല്‍പിക്കുന്നവരും ഹര്‍ത്താല്‍ നിയന്ത്രിക്കാനുള്ള നീക്കത്തോട് വിയോജിക്കുകയില്ല.
ഹര്‍ത്താല്‍ പൂര്‍ണമായു നിരോധിക്കുകയല്ല ബില്ല് കൊണ്ടുദ്ദേശിക്കുന്നതെന്നും അത് അടിച്ചേല്‍പിക്കുന്ന രീതി നിയന്ത്രിക്കക മാത്രമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പെങ്കിലും ഹര്‍ത്താല്‍ പ്രഖ്യാപിക്കുക, ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ അടപ്പിക്കുന്നത് കുറ്റകരമാക്കുക, ഹര്‍ത്താല്‍ മൂലം ജീവനോ സ്വത്തിനോ സംഭവിക്കുന്ന വിനാശത്തിനും നഷ്ടത്തിനും സമരത്തിനാഹ്വാനം ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുക തുടങ്ങിയവയാണ് ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിലെ പ്രധാന വ്യവസ്ഥകള്‍. ഇതൊന്നും തൊഴിലാളി വിരുദ്ധമോ അവകാശ നിഷേധമോ അല്ല. ഈ വ്യവസഥകളെല്ലാം യഥാവിധി പാലിക്കപ്പെടുമെന്നുറപ്പുള്ള ഒരു സാമൂഹിക പശ്ചാത്തലത്തില്‍ പ്രഖ്യാപിക്കപ്പെടുന്ന ഹര്‍ത്താലുകളൊന്നും വിജയിക്കുകയില്ലെന്നുറപ്പാണ്. സമരത്തിനുണ്ടെന്നവകാശപ്പെടുന്ന ജനാഭിമുഖ്യത്തിന്റെ സത്യാവസ്ഥ അതോടെ വെളിപ്പെടും. ചില പ്രസ്ഥാനങ്ങള്‍ ഹര്‍ത്താല്‍ നിയന്ത്രണത്തെ ശക്തമായി എതിര്‍ക്കുന്നതിന്റെ കാരണമിതാണ്. അവരുടെ പ്രതികരണമെന്തായാലും സര്‍ക്കാര്‍ നിയമനിര്‍മാണവുമായി മുന്നോട്ട് പോകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം.