ചൊവ്വാ ഗ്രഹത്തിലെ രഹസ്യങ്ങള്‍

Posted on: October 6, 2015 6:00 am | Last updated: October 6, 2015 at 12:55 am
SHARE

MarsRedPlanetചൊവ്വാ ഗ്രഹത്തിന്റെ രഹസ്യങ്ങള്‍ തേടിയുള്ള മനുഷ്യന്റെ അന്വേഷണം അവിടെ ജലം ഉണ്ടെന്നും അത് ഒഴുകുന്നുണ്ടെന്നുമുള്ള വാര്‍ത്തയില്‍ എത്തിനില്‍ക്കുന്നു. അമേരിക്കയുടെ ശൂന്യാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രമാണ് ഇത് വ്യക്തമാക്കുന്നത്. സൂര്യന്റെ ഗ്രഹങ്ങളില്‍ സൂര്യനോടടുത്ത നാലാമത്തെ ഗ്രഹമായ ചൊവ്വ മനുഷ്യന്റെ ‘ഗ്രഹങ്ങളിലെ ജീവന്‍ തേടിയുള്ള യാത്ര’യില്‍ എന്നും കേന്ദ്രബിന്ദുവാണ്. ചൊവ്വയെ ചുവന്ന ഗ്രഹമെന്നാണ് വിളിക്കുന്നത്. ഇരുമ്പിന്റെ ഓക്‌സൈഡ് കൂടുതല്‍ ഈ ഗ്രഹത്തിലുള്ളതിനാലാണിത്. സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളില്‍ രണ്ടാമത്തെ ചെറിയ ഗ്രഹമാണ് ചൊവ്വ. ചൊവ്വാ ഗ്രഹത്തില്‍ സമതലങ്ങളും മരുഭൂമികളും ധ്രുവങ്ങളില്‍ മഞ്ഞ് മൂടിക്കിടക്കുന്ന അവസ്ഥയും അഗ്നി പര്‍വതങ്ങളും ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂമി സൂര്യനെ ചുറ്റാന്‍ എടുക്കുന്ന സമയമാണ് ഏതാണ്ട് ചൊവ്വയും എടുക്കുന്നത്. ആയതിനാല്‍, ഭൂമിയിലെ പോലെ വിവിധ തരം ഋതുഭേദങ്ങള്‍ ചൊവ്വയിലും ഉണ്ട്. ഏറ്റവും വലിയ മലകളില്‍ രണ്ടാമത്തെതും അഗ്നിപര്‍വതങ്ങളില്‍ ഏറ്റവും വലിയതും ചൊവ്വാ ഗ്രഹത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നു. ചൊവ്വാ ഗ്രഹത്തിന് ചുറ്റും കറങ്ങുന്ന രണ്ട് ചന്ദ്രന്മാര്‍ ഉണ്ട്.
1965ലാണ് ആദ്യമായി ചൊവ്വയില്‍ വെള്ളം തേടി മാരിനര്‍ നാല് എന്ന മനുഷ്യനയച്ച പേടകം വിവരങ്ങള്‍ തരുന്നത്. ചൊവ്വയുടെ ഉപരിതലത്തില്‍ പ്രകാശത്തിന്റെ നിറവ്യത്യാസത്തില്‍ നിന്നുള്ള നിഗമനങ്ങളായിരുന്നു ജലം ഉണ്ടെന്നത്. 2005ല്‍ റഡാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങളനുസരിച്ച് ചൊവ്വയുടെ ധ്രുവങ്ങളില്‍ ഐസ് പോലെ എന്തോ ഉണ്ടെന്നും ജലം ഒഴുകിയിരുന്ന നീര്‍ചാലു പോലെയുള്ളത് ഉണ്ടെന്നും കണ്ടെത്തിയിരുന്നു. 2007 മാര്‍ച്ചില്‍ സ്പിരിറ്റ് എന്ന പേടകം ചൊവ്വയുടെ ഉപരിതരലത്തിലെ ജലത്തില്‍ രാസപദാര്‍ഥങ്ങള്‍ സ്ഥിരീകരിച്ചു. 2008ല്‍ ഫീനിക്‌സ് ലാന്റേഴ്‌സ് വഴി ചൊവ്വയിലെ മഞ്ഞ് ശേഖരിക്കുകയും പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
ഇതുവരെ ചൊവ്വ പര്യവേക്ഷണവുമായി ഏഴ് ശൂന്യാകാശ പേടകങ്ങള്‍ മനുഷ്യന്‍ അയച്ചിട്ടുണ്ട്. ചൊവ്വ ഒഡീസി, ചൊവ്വ എക്‌സ്പ്രസ്, ചൊവ്വ റെക്കോണൈസന്‍സ് ഓര്‍ബിറ്റര്‍, മാവെന്‍, ചൊവ്വ ഓര്‍ബിറ്റര്‍ മിഷന്‍ എന്നിവയാണവ. ചൊവ്വ പര്യവേക്ഷണവുമായി റോവര്‍ ഓപ്പര്‍ച്യൂനിറ്റി, ചൊവ്വ ശാസ്ത്രലാബോറട്ടറിയായ ക്യൂരിയോസിറ്റി എന്നിവ ചൊവ്വാ ഗ്രഹത്തില്‍ നിന്നും സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുന്നു. 2013ലാണ് ചൊവ്വയില്‍ 1.5 ശതമാനം മുതല്‍ മൂന്ന് ശതമാനം വരെ ജലാംശം ഉണ്ടെന്ന് അമേരിക്കയുടെ നാസയുടെ ഉപഗ്രഹമായ ക്യൂരിയോസിറ്റി കണ്ടെത്തിയത്. ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതല മണ്ണില്‍ ഐയേണ്‍ സള്‍ഫൈഡ്, മഗ്നീഷ്യം, അലൂമിനിയം, കാത്സ്യം, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടെ ഗ്രഹത്തില്‍ ഗുരുത്വാകര്‍ഷണം ഉണ്ടോ എന്ന് ഇതുവരെയും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഗൃഹത്തില്‍ ഓക്‌സിജനും സിലിക്കണും ലോഹങ്ങളും ഉണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഇടക്കിടെ പൊടിക്കാറ്റ് വീശുന്നുണ്ടത്രേ. ഈ ഗ്രഹം സൂര്യനോട് അടുക്കുമ്പോഴാണത്രേ ഇതുണ്ടാകുക. ചൊവ്വാ ഗ്രഹത്തില്‍ വേനല്‍ കാലങ്ങളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്നുണ്ട്. ചൊവ്വയിലെ ഒരു ദിവസം 24 മണിക്കൂറും 39 മിനുട്ടുമാണ്. ചൊവ്വയിലെ ജീവന്റെ പര്യവേക്ഷണത്തിനായി നാം ആദ്യമായി അയച്ചത് വൈക്കിംഗ് ഒന്ന് ലാന്റര്‍ എന്ന പേടകമായിരുന്നു. അതില്‍ നിന്നും നീണ്ട കൈ ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും മണ്ണിന്റെ അംശം ശേഖരിക്കുകയും അത് പഠനവിധേയമാക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാ ഗ്രഹത്തില്‍ ഒഴുകുന്ന ജലസ്രോതസ്സുകളുണ്ടെന്നും മറ്റും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഭൂമിയിലേക്ക് അയച്ചു തന്ന ക്യൂരിയോസിറ്റി റോവര്‍ എന്ന ഉപഗ്രഹം അമേരിക്ക ചൊവ്വയിലെത്തിച്ചത് 2012 ആഗസ്റ്റ് ആറാം തീയതിയായിരുന്നു. ചൊവ്വാ ഗ്രഹം മനുഷ്യവാസയോഗ്യമാണെന്ന് കരുതാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ക്യൂരിയോ സിറ്റി അയച്ചുതരുന്ന ചിത്രങ്ങളാണ്. ഇതിന്റെ വെളിച്ചത്തില്‍ ചൊവ്വയിലേക്കും കുടിയേറിപ്പാര്‍ക്കാനുള്ള ആലോചനയിലാണ്. ഇതിന് സഹായമേകാന്‍ 2020ല്‍ മനുഷ്യരഹിത പേടകം ചൊവ്വയിലേക്ക് അയക്കും. 2026 മുതല്‍ തുടര്‍ച്ചയായി മനുഷ്യനെ ചൊവ്വാ ഗ്രഹത്തിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പിലാണ് ലോക ശാസ്ത്രജ്ഞര്‍. ചൊവ്വയിലേക്ക് പോകാന്‍ തയ്യാറുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചപ്പോള്‍ പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നുമായി രണ്ട് ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ചൊവ്വയിലെത്താന്‍ മനുഷ്യന്റെ ജിജ്ഞാസ അത്രയേറെയാണെന്ന് ഇത് വ്യക്തമാക്കുന്നു. ഭൂമിയില്‍ നിന്ന് ചൊവ്വയിലെത്താന്‍ 354 ദശലക്ഷം മൈല്‍ യാത്ര ചെയ്യണം. ചൊവ്വ ശാസ്ത്ര ലബോറട്ടറി ക്യൂരിയോസിറ്റി റോവര്‍ എന്ന പേടകം ചൊവ്വയിലേക്ക് വിക്ഷേപിച്ചത് 2011 നവംബര്‍ 26നായിരുന്നു. ചൊവ്വയില്‍ ക്യൂരിയോ സിറ്റി എത്തിയത് 2012 ആഗസ്റ്റ് ആറിനായിരുന്നു. 2014സെപ്തംബര്‍ 24ന് ഇന്ത്യയുടെ ഐ എസ് ആര്‍ ഒ ചൊവ്വ പര്യവേക്ഷണ മിഷന്‍ എന്ന പേരില്‍ ഒരു പേടകം വിക്ഷേപിച്ചു കഴിഞ്ഞു. ഇത് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള ആദ്യ അന്തര്‍ഗ്രഹ മിഷനാണ്.
2015 സെപ്തംബര്‍ 28നാണ് ചൊവ്വയുടെ ഉപരിതലത്തല്‍ ഒഴുകുന്ന ജലമുണ്ടെന്ന് സ്ഥിരീകരിക്കുന്ന ചിത്രങ്ങള്‍ അമേരിക്കയുടെ നാസ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്. ഇത് ചൊവ്വയില്‍ ജീവന്‍ ഉണ്ടെന്നതിന് തെളിവായിട്ടാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. ഭൂമിക്ക് പുറമെ ജീവികള്‍ വസിക്കുന്ന മറ്റൊരു ഗ്രഹം ചൊവ്വയാണെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നതിന് പല കാരണങ്ങളുണ്ട്. ജല സാന്നിധ്യം, അന്തരീക്ഷ സാന്നിധ്യം, വിവിധയിനം മൂലകങ്ങള്‍, കാറ്റ്, മഞ്ഞ്, കുന്നുകള്‍, മലകള്‍, അഗ്നി പര്‍വതങ്ങള്‍, മരുഭൂമി, സമതലങ്ങള്‍ എന്നിവയെല്ലാം ഈ നിഗമനങ്ങള്‍ക്ക് ശക്തിപകരുന്ന വസ്തുതയാണ്. ചൊവ്വയില്‍ നദികളും തടാകങ്ങളും കടലും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിലനിന്നിരുന്നു എന്നതിന്റെ സൂചനകളാണ് ക്യൂരിയോസിറ്റി എന്ന ചൊവ്വാ പര്യവേക്ഷണ പേടകം തരുന്ന വ്യക്തമായ ചിത്രങ്ങള്‍. ചൊവ്വയിലെ ജലത്തിന്റെ 87 ശതമാനവും ശൂന്യാകാശത്തിലേക്ക് നഷ്ടപ്പെട്ടതായി നാസ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. 4.3 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചൊവ്വ ഗ്രഹത്തിന്റെ ഇപരിതലത്തില്‍ 450 അടിയോളം ജലം നിറഞ്ഞുനിന്നിരുന്നു എന്നാണ് നാസാ ഗവേഷകരുടെ നിഗമനം. നാസയുടെ ഏറ്റവും പുതിയ ചൊവ്വാ ഗ്രഹത്തെകുറിച്ചുള്ള വെളിപ്പെടുത്തല്‍ വന്നതോടെ ചൊവ്വയില്‍ ജീവന്റെ തുടിപ്പ് ഉണ്ടെന്നു കരുതുന്ന മനുഷ്യന്‍ ഭൂമിയില്‍ നിന്നും ചൊവ്വയിലേക്ക് ചേക്കേറാനാകുമെന്നും പ്രതീക്ഷയിലാണ്.