വെള്ളാപ്പള്ളിയുടെ പ്രയോഗങ്ങള്‍ അതിരു വിടുന്നു: പത്മജ വേണുഗോപാല്‍

Posted on: October 5, 2015 10:25 pm | Last updated: October 6, 2015 at 1:26 am
SHARE

pathmajaതിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ വിമര്‍ശവുമായി കെ പി സി സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ രംഗത്ത്. എസ് എന്‍ ഡി പി ജനറല്‍സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ പ്രയോഗങ്ങളും പരാമര്‍ശങ്ങളും അതിരുവിടുന്നുവെന്ന് പത്മജാ വേണുഗോപാല്‍ പറഞ്ഞു. സുധീരനെതിരായ നികൃഷ്ടജീവി പരാമര്‍ശത്തിന്റെ പാശ്ചാത്തലത്തിലാണ് പത്മജയുടെ പ്രതികരണം.
കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കള്‍ക്കെതിരെ വളരെ മോശമായ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തുന്നത്. വെള്ളാപ്പള്ളി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തി സ്വയം തരംതാഴരുത്. വെള്ളാപ്പള്ളിയുടെ അവസരവാദപരമായ നിലപാടിന് ജനം തക്കതായ മറുപടി നല്‍കും. നേതാക്കള്‍ക്കതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന വെള്ളാപ്പള്ളി ആളുകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കോ മറ്റു നിയമസഭാ സീറ്റുകളിലേക്കോ മത്സരിക്കുന്നതിന് തനിക്ക് ഒരു പ്രയാസവും ഇല്ല. കൊച്ചി മേയര്‍ സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് തന്റെ പേരും പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുളള നിര്‍ദേശമൊന്നും ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ലെന്നും, മേയര്‍ സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിച്ചിട്ട് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്ന കീഴ്‌വഴക്കം കോണ്‍ഗ്രസില്‍ ഇല്ലെന്നും അവര്‍ പറഞ്ഞു.