മോദി- അമിത്ഷാ കമ്പനിയുടെ വര്‍ഗീയ അജന്‍ഡ കേരളത്തില്‍ പച്ച തൊടില്ല: കെ പി സി സി

Posted on: October 5, 2015 10:05 pm | Last updated: October 6, 2015 at 1:06 am
SHARE

തിരുവനന്തപുരം: നരേന്ദ്ര മോദി- അമിത്ഷാ കൂട്ടുകെട്ടിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജാതി, മത, വര്‍ഗീയ അജന്‍ഡകള്‍ കേരളത്തില്‍ പച്ചതൊടില്ലെന്ന് കെ പി സി സി നിര്‍വാഹക സമിതി യോഗം വിലയിരുത്തി.
പ്രാകൃതമായ വര്‍ഗീയതയുടെ പ്രവാചകന്‍മാരാകാനുള്ള ഇവരുടെ ശ്രമങ്ങളെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും വി എം സുധീരന്‍ പറഞ്ഞു. യോഗ ശേഷം മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ പി സി സി അധ്യക്ഷനും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തില്‍ വി എം സുധീരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മോദി- അമിത്ഷാ കമ്പനി കേരളത്തില്‍ നിന്ന് അവരുടെ കൈയിലൊതുങ്ങുന്ന അധികാരമോഹവും, കച്ചവട മനോഭാവവുമുള്ള ആളുകളെ ഇതിനായി കണ്ടെത്തി. ഇവരെയും കൂട്ടി കേരളത്തെ വര്‍ഗീയ ഭ്രാന്താലയമാക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്തും കച്ചവടക്കണ്ണോടെ, ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന ഇക്കൂട്ടരെ കൂടെക്കൂട്ടിയതോടെ കേരളത്തിലെ ബി ജെ പി ഒരുവഴിക്കായി. പുത്തന്‍കൂട്ടുക്കെട്ടിലൂടെ ആ പാര്‍ട്ടിയുടെ കഥകഴിയാന്‍ അധികം വൈകില്ലെന്നും സുധീരന്‍ പറഞ്ഞു. കേരളത്തിന്റെ സാമൂഹിക നവോഥാനത്തിന് നേതൃത്വം നല്‍കിയ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള പ്രസ്ഥാനത്തെ അധര്‍മം പ്രചരിപ്പിക്കുന്നവരുമായി കൂട്ടുചേര്‍ക്കാനുള്ള നീക്കം നടക്കില്ല.
ഇത് ചോദ്യം ചെയ്യുമ്പോള്‍ അതിനെതിരെ എന്തും പറയാം എന്നതരത്തിലേക്ക് പോകുന്നത് ശരിയല്ല. സമൂഹത്തിന് വേണ്ടി ഇതുവരെ ഒന്നും ചെയ്യാതെ, സമൂഹത്തോട് ഒരുപ്രതിബദ്ധതയും ഇല്ലാതെ നടന്ന ഇക്കൂട്ടര്‍ സ്വാര്‍ഥ ലാഭത്തിനായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുകയാണ്. രാഷ്ട്രീയപ്രവര്‍ത്തനത്തിന് പിന്നിലെ കഷ്ടപ്പാടും ത്യാഗവും അറിയാത്ത ഇക്കൂട്ടരെ ജനം തള്ളിക്കളയും. യു ഡി എഫ് അങ്ങേയറ്റത്തെ ആത്മവിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ മുന്നണി പൂര്‍ണസജ്ജമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അരുവിക്കരയിലെ വിജയം തദ്ദേശ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കും. സീറ്റ്‌വിഭജന ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കകം പരിഹരിക്കും. സീറ്റിന്റെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.