മെട്രോയിലെ തിരക്കിന് പരിഹാരം കാണാന്‍ ആര്‍ ടി എ വഴിതേടുന്നു

Posted on: October 5, 2015 7:04 pm | Last updated: October 5, 2015 at 8:04 pm
SHARE

ദുബൈ: മെട്രോയിലെ തിരക്കിന് പരിഹാരം കാണാന്‍ ആര്‍ ടി എ വഴിതേടുന്നു. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ വഴി മെട്രോയാത്രക്കാരെയും ദുബൈ പോലീസ് അടക്കമുള്ള പങ്കാളികളെയും ഉള്‍പെടുത്തി നവീന ആശയങ്ങള്‍ ക്ഷണിക്കുകയുണ്ടായെന്ന് ആര്‍ ടി എ റെയില്‍ ഏജന്‍സി സി ഇ ഒ അബ്ദുല്ല യൂസുഫ് അല്‍ അലി അറിയിച്ചു.
മെട്രോ ചുകപ്പ്, പച്ച പാതകളില്‍ ഈ വര്‍ഷം ആദ്യ ആറുമാസം എട്ട് കോടിയിലധികം യാത്രകളാണ് നടന്നത്. ചില സമയങ്ങളില്‍ കനത്ത തിരക്കാണ് ട്രെയിനുകളില്‍ അനുഭവപ്പെടുന്നത്. ഇതിന് പരിഹാരം കാണാനുള്ള ശ്രമമാണ് ആര്‍ ടി എ നടത്തുന്നത്.
20 നവീന ആശയങ്ങള്‍ കൊണ്ടുവന്നതായും ഇത് ചര്‍ച്ച ചെയ്തതായും യൂസുഫുല്‍ അലി അറിയിച്ചു. രാവിലെയും വൈകുന്നേരവുമാണ് യാത്രക്കാരുടെ തിരക്ക് കൂടുതലുള്ളത്. നവീന ആശയങ്ങളെ നാലായി തരംതിരിച്ച് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും. ഈ ആശയങ്ങളെ പരിശോധിക്കാന്‍ ആര്‍ ടി എ നവീന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദര്‍റബ് വ്യക്തമാക്കി.