മാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധന

Posted on: October 5, 2015 7:01 pm | Last updated: October 5, 2015 at 8:01 pm
SHARE

ദുബൈ: മാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ ദുബൈയില്‍ വര്‍ധനവ് ഉണ്ടായതായി സര്‍വേ. ഓണ്‍ലൈന്‍ സ്ഥാപനമായ യുഗോവ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 1,000 പേരെ ഉള്‍പെടുത്തിയാണ് സര്‍വേ നടത്തിയത്.
ഇവരില്‍ 41 ശതമാനവും മാള്‍ സന്ദര്‍ശനം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ വര്‍ധിച്ചതായി വ്യക്തമാക്കി. പലരും അടിക്കടി മാള്‍ സന്ദര്‍ശിക്കുന്നവരാണെന്നും പ്രതികരിച്ചിട്ടുണ്ട്. 42 ശതമാനം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാളുകളില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് വെളിപ്പെടുത്തി. 13 ശതമാനം ആഴ്ചയില്‍ രണ്ട് മുതല്‍ അഞ്ചു തവണ വരെ മാള്‍ സന്ദര്‍ശിക്കുന്നവരാണ്. ഏഴു ശതമാനം അഞ്ചില്‍ കൂടുതല്‍ തവണയാണ് മാളുകളിലേക്ക് എത്തുന്നത്.
മാള്‍ സന്ദര്‍ശിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്വദേശികളാണ്. മാള്‍ സന്ദര്‍ശിക്കുന്ന മൊത്തം പേരില്‍ 20 ശതമനവും സ്വദേശികളാണ്. ഓരോ മാസത്തിലും അഞ്ച് വ്യത്യസ്ത മാളുകളില്‍ സന്ദര്‍ശനം നടത്താറുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം സ്വദേശികളും വെളിപ്പെടുത്തി. ഏറ്റവും കൂടുതല്‍ തവണ മാള്‍ സന്ദര്‍ശിക്കുന്നവര്‍ പടിഞ്ഞാറന്‍ നാടുകളില്‍ നിന്നുള്ള പ്രവാസികളാണ്. ഇവരില്‍ ഒരു ശതമാനം ആഴ്ചയില്‍ അഞ്ചു തവണയില്‍ കൂടുതല്‍ മാളുകളില്‍ സന്ദര്‍ശനം നടത്താറുണ്ട്.
യു എ ഇ താമസക്കാരില്‍ 54 ശതമാനവും മാള്‍ സന്ദര്‍ശനത്തില്‍ 100 ദിര്‍ഹം മുതല്‍ 500 ദിര്‍ഹം വരെ ചെലവഴിക്കുന്നവരാണ്. വസ്ത്രവും മറ്റു വസ്തുക്കളും വാങ്ങാനാണ് 43 ശതമാനം തുകയും ചെലവഴിക്കുന്നത്. യുഗോവ് മുമ്പ് നടത്തിയ പഠനവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് മാള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.