മുസ്‌ലിംകളെ വിവാഹം ചെയ്യുന്ന ഹിന്ദു പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ സംഘ് കേന്ദ്രങ്ങള്‍

Posted on: October 5, 2015 4:41 pm | Last updated: October 5, 2015 at 4:54 pm
SHARE

opperation juliet

ന്യൂഡല്‍ഹി: മുസ്‌ലിം യുവാക്കളെ വിവാഹം ചെയ്യുന്ന ഹിന്ദുപെണ്‍കുട്ടികളെ പിന്തിരിപ്പിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ വന്‍ ഇടപെടലുകള്‍ നടത്തുന്നതായി കോബ്രാപോസ്റ്റ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ വിവാഹിതരാകുന്ന പെണ്‍കുട്ടികളെ പിന്തിരിപ്പിക്കാനും അതിന് തയ്യാറായില്ലെങ്കില്‍ ബുദ്ധി മരവിപ്പിക്കാനും കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ഏജന്‍സികളായ കോബ്രാപോസ്റ്റും ഗുലൈല്‍ ഡോട്ട്‌കോമും ചേര്‍ന്ന് നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിലാണ് ഇക്കാര്യങ്ങള്‍ വെളിച്ചത്ത് വന്നത്.

കേരളത്തില്‍ കൊച്ചിയിലും കാസര്‍കോട്ടും ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ സെന്ററുകളുടെ മേധാവികള്‍ ഒളിക്യാമറക്ക് മുന്നില്‍ തങ്ങളുടെ നടപടികള്‍ വ്യക്തമാക്കുന്നുണ്ട്. കര്‍ണാടക, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാരും എംഎല്‍മാരും ഇൗ നടപടിക്ക് പിന്തുണ നല്‍കുന്നതിന്റെ ഒളിക്യാമറാ ദൃശ്യങ്ങളും കോബ്രാപോസ്റ്റ് പുറത്തുവിട്ടു.

വിഎച്ച്പി, ആര്‍ എസ് എസ്, ബിജെപി എന്നിവയുടെ ഒത്താശയോടെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒളിക്യാമറക്ക് മുന്നിലെത്തിയ സെന്റര്‍ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. മുസ്ലിം യുവാക്കളെ വിവാഹം ചെയ്യുന്നവരെ ബലമായി പിടിച്ചുകൊണ്ടുപോയി അതില്‍ നിന്ന് മോചിപ്പിക്കാന്‍ കൗണ്‍സിലിംഗ് നല്‍കുകയും തയ്യാറായില്ലെങ്കില്‍ ഓര്‍മശക്തി ഇല്ലാതാക്കുന്ന അംനേഷ്യക്ക് വിധേയരാക്കുകയും ചെയ്യുന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതി.

മുസ് ലിം യുവാവിനോടൊപ്പം ഹിന്ദു പെണ്‍കുട്ടി കഴിയുന്നത് കണ്ടാല്‍ വെടിവെക്കാനാണ് തീരുമാനമെന്ന് മുസാഫര്‍ നഗറില്‍ നിന്നുള്ള ഒരു സംഘ് പ്രവര്‍ത്തകന്‍ വെളിപ്പെടുത്തുന്നു.

മുസ്ലിംകളില്‍ നിന്ന് ഗര്‍ഭിണികളായ നിരവധി പെണ്‍കുട്ടികളെ ഗര്‍ഭഛിദ്രത്തിന് വിധേയരാക്കിയിട്ടുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന മുസ്ലിം യുവാവിനെ, പെണ്‍കുട്ടിയുടെ ജനന സര്‍ട്ടീഫിക്കറ്റ് തിരുത്തി മൈനറാക്കി ബലാത്സംഘകേസ്സുകളില്‍ കുടുക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍, മീററ്റ്, കര്‍ണാടകയിലെ മംഗലാപുരം, കേരളത്തില്‍ കാസര്‍ഗോഡ്, എറണാകുളം എന്നിവിടങ്ങളിലാണ് കോബ്രാപോസ്റ്റിന്റെ സംഘം അന്വേഷണം നടത്തിയത്.