ഡിസംബറില്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുമെന്ന് എസ്എന്‍ഡിപി

Posted on: October 5, 2015 3:18 pm | Last updated: October 6, 2015 at 1:58 am
SHARE

sndp yogam

ആലപ്പുഴ: എസ് എന്‍ ഡി പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. തുഷാര്‍ വെള്ളാപ്പള്ളിയാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച് ചേര്‍ത്തലയില്‍ ചേരുന്ന പ്രത്യേകയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഡിസംബറില്‍ പാര്‍ട്ടി രൂപത്കരിക്കാനാണ് തീരുമാനം. അതേസമയ്, രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം വേണ്ട എന്നാണ് ഭൂരിപക്ഷ അഭിപ്രായമെങ്കില്‍ അത് മാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ഹിന്ദു സമുദായ നേതാക്കളും രാഷ്ട്രീയ നിരീക്ഷകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ് ചേര്‍ത്തലയില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്. പുതിയ പാര്‍ട്ടിയുടെ നിയമാവലി, ഭരണഘടന, പേര്, പതാക തുടങ്ങിയ നിയമപരമായ കാര്യങ്ങളില്‍ അഭിപ്രായങ്ങള്‍ തേടുകയാണ് യോഗത്തിന്റെ ലക്ഷ്യം. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ.എം.എന്‍.സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

അതിനിടെ, ന്യൂനപക്ഷങ്ങളെ കടന്നക്രമിച്ചുകൊണ്ടുള്ള കുറിപ്പ് യോഗത്തില്‍ വിതരണം ചെയ്തു. വെറും നാല് ജില്ലകള്‍ കൈവശം വെച്ചാണ് ന്യൂനപക്ഷങ്ങള്‍ കേരളം ഭരിക്കുന്നത് എന്നാണ് കുറിപ്പില്‍ പറയുന്നത്. മലപ്പുറവും കോഴിക്കോടുംവെച്ച് ലീഗും ഇടുക്കിയും കോട്ടയവും വെച്ച് കേരളാ കോണ്‍ഗ്രസും കേരളം ഭരിക്കുകയാണെന്ന് കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു. ഇരു മുന്നണികള്‍ വന്നാലും ന്യൂനപക്ഷ പ്രീണനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും എസ് എന്‍ ഡി പി കുറ്റപ്പെടുത്തുന്നു.