ആര്‍എസ്എസിന്റെ നാവ് കടമെടുത്ത് വിഎസിനെ ആക്രമിക്കുന്നത് നിര്‍ത്തണം: പിണറായി

Posted on: October 5, 2015 2:27 pm | Last updated: October 6, 2015 at 1:58 am
SHARE

vs with pinarayiതിരുവനന്തപുരം: ആര്‍ എസ് എസിന്റെ നാവ് കടമെടുത്ത് വി എസ് അച്യുതാനന്ദനെ എതിര്‍ക്കുന്നത് വെള്ളാപ്പള്ളി നടേശന്‍ അവസാനിപ്പിക്കണമെന്ന് സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ആര്‍ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തില്‍ എത്തിക്കുന്നു എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ആര്‍ എസ് എസിന്റെ നാവുകടമെടുത്ത് വെള്ളാപ്പള്ളി നടേശന്‍ സഖാവ് വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണം. ആര്‍ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ അഹംഭാവം എത്രമാത്രം ഹീനമായ തലത്തില്‍ എത്തിക്കുന്നു എന്നാണ് മുതിര്‍ന്ന നേതാക്കളെ തുടര്‍ച്ചയായി അവഹേളിക്കുന്നതിലൂടെ കാണാനാകുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തെ ഒരിക്കലും ഉള്‍ക്കൊള്ളുന്നതല്ല ആര്‍ എസ് എസ് രാഷ്ട്രീയം . അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വര്‍ഗീയതയുടെ വഴിയിലേക്ക് നയിക്കാന്‍ ആര് ശ്രമിച്ചപ്പോഴും ചെറുത്തു നിന്ന പാരമ്പര്യമാണ് ശ്രീനാരായണീയരുടേത്. ‘മതമെന്നാല്‍ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.’എന്ന ശ്രീനാരായണ വാക്യം നെഞ്ചില്‍ കൊണ്ട് നടക്കുന്ന ഒരു ജനതയെ, മാട്ടിറച്ചി ഭക്ഷിച്ചു എന്ന് ആരോപിച്ചു മനുഷ്യനെ തല്ലിക്കൊല്ലുന്ന വര്‍ഗീയ ഭ്രാന്തിന്റെ അവസ്ഥയിലേക്ക് വലിച്ചു കൊണ്ടുപോകാനുള്ള ഒരു നീക്കവും കേരളത്തില്‍ വിജയിക്കില്ല.