Connect with us

Kerala

അനീഷ് മാസ്റ്ററുടെ മരണം: സ്‌കൂള്‍ മാനേജര്‍ അറസ്റ്റില്‍

Published

|

Last Updated

തിരൂരങ്ങാടി: മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ലീഗ് നേതാക്കള്‍ അറസ്റ്റില്‍. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മാനേജര്‍ വി പി സെയ്തലവി, മുന്‍ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സ്‌കൂള്‍ മുന്‍ പി ടി എ പ്രസിഡന്റുമായ ഹൈദര്‍ കെ മൂന്നിയൂര്‍ എന്നിവരെയാണ് പാലക്കാട് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ സ്‌കൂള്‍ പ്രധാനധ്യാപിക സുധ പി നായര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ഇവരെ അറസ്റ്റ് രഖേപ്പെടുത്തി വിട്ടയച്ചു. മാധ്യമങ്ങളെ ഭയന്ന് പാത്തും പതുങ്ങിയുമാണ് ഇവര്‍ അന്വേഷണ ഉദ്യേഗസ്ഥന് മുമ്പില്‍ ഹാജരായതെന്ന് പറയപ്പെടുന്നു. ഇവരടക്കമുള്ള ഏഴ് പ്രതികളോട് അന്വേഷണ ഉദ്യോഗസ്ഥനായ പാലക്കാട് ക്രൈം ബ്രാഞ്ച് ഡി വൈ എസ്പി മുഹമ്മദ് ഖാസിമിന് മുമ്പാകെ ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരുന്നത്. അതുപ്രകാരം പ്രതികളോട് ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല.
സ്‌കൂള്‍ മാനേജറും കൂട്ടാളികളും കള്ളക്കേസുണ്ടാക്കിയും വ്യാജരേഖ ചമച്ചും ജോലിയില്‍ നിന്ന് പിരിച്ചുവിട്ട അനീഷിനെ 2014 സെപ്തംബര്‍ രണ്ടിനാണ് മലമ്പുഴയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനീഷിന്റെ പിതാവിന്റെ പരാതിയിലാണ് മലമ്പുഴ പോലീസ് കേസെടുത്തത്. ഈ കേസാണ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയത്. അന്വേഷണം ഊര്‍ജ്ജിതമായതോടെ സെയ്തലവി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒന്നരമാസത്തോളം അവധിയെടുത്തിരുന്നു. മറ്റു പ്രതികളും മുന്‍കൂര്‍ ജാമ്യം ലഭിക്കും വരെ ഒളിവിലായിരുന്നു. മുന്‍ മലപ്പുറം ഡി ഡി ഇ കെ സി ഗോപി, പ്യൂണ്‍ മുഹമ്മദ് അശ്‌റഫ്, ക്ലര്‍ക്കുമാരായ അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റസാഖ് എന്നിവര്‍ കൂടി ഈ കേസില്‍ അറസ്റ്റിലാവാനുണ്ട്. ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിയില്‍ നിന്ന് അനീഷിനെ കുടുക്കാന്‍ കള്ള വൂണ്ട് സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് നല്ലളം പോലീസ് രജിസ്റ്റര്‍ കേസില്‍ ആശുപത്രി എം ഡി ഡോ. കോയ അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നു. ഈ കേസിലും മുഹമ്മദ് അശ്‌റഫ്, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ റസാഖ് എന്നിവര്‍ പ്രതികളാണ്. ഹൈദര്‍ കെ മൂന്നിയൂരിന്റെ സാന്നിധ്യത്തില്‍ സ്‌കൂള്‍ മാനേജര്‍ സെയ്തലവി അനീഷിനെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ അനീഷ് മരണപ്പെട്ടതിന് ശേഷം പുറത്തായിരുന്നു. അനീഷിന്റെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടും സെയ്തലവിയെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാതെ സംരക്ഷിക്കുന്ന നിലപാടെടുത്ത ലീഗ് നടപടി പാര്‍ട്ടിയില്‍ ചേരിത്തിരിവിന് കാരണമായിട്ടുണ്ട്. അധ്യാപകന്റെ സസ്‌പെന്‍ഷനും മരണവും കാരണം വന്‍ പ്രതിഷേധമാണ് അധ്യാപക സംഘടനകളും സമരസമിതിയും നടത്തിയത്. സെയ്തലവിയുടെ അറസ്റ്റില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സമര സമിതി പ്രവര്‍ത്തകര്‍ മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍ പ്രകടനം നടത്തി.