ത്രിതല പഞ്ചായത്തുകളിലെ സംവരണ പട്ടികയായി

Posted on: October 4, 2015 8:19 am | Last updated: October 4, 2015 at 8:19 am
SHARE

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ത്രിതല പഞ്ചായത്തുകളിലെ സംവരണപട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്താണ് വിജ്ഞാപനം. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നിവയാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത്. മലപ്പുറം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ പൊതു വിഭാഗത്തിന് മത്സരിക്കാം. 152 ബ്ലോക്കുപഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 67 എണ്ണം സ്ത്രീകള്‍ക്കും എട്ടെണ്ണം പട്ടികജാതി സ്ത്രീകള്‍ക്കും ഏഴെണ്ണം പട്ടികജാതിക്കാര്‍ക്കും രണ്ടെണ്ണം പട്ടികവര്‍ഗ സ്ത്രീകള്‍ക്കും ഒരെണ്ണം പട്ടികവര്‍ഗക്കാര്‍ക്കും സംവരണം ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചു. ബാക്കിയുള്ള 67 സ്ഥാനങ്ങളില്‍ പൊതുവിഭാഗത്തിന് മത്സരിക്കാം. 941 ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനങ്ങളില്‍ 417 എണ്ണം സ്ത്രീകള്‍ക്കാണ്. പൊതുവിഭാഗത്തിന് 470 സ്ഥാനങ്ങള്‍ ലഭിക്കും. പട്ടികജാതിക്ക് 46ഉം പട്ടികവര്‍ഗത്തിന് എട്ടും സ്ഥാനങ്ങളാണ് സംവരണം ചെയ്തിരിക്കുന്നത്.