ശമ്പളമില്ല; പ്ലസ്ടു അധ്യാപകര്‍ പണിമുടക്കി

Posted on: October 4, 2015 7:33 am | Last updated: October 4, 2015 at 7:33 am
SHARE

കല്‍പ്പറ്റ: പുതിയ പ്ലസ്ടു അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നാവശ്യപ്പെട്ട് കേരള നോണ്‍ അപ്രൂവ്ഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ തൃശൂരില്‍ നടത്തുന്ന സംസ്ഥാന തല ധര്‍ണക്ക് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ച് ജില്ലയിലെ പുതിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകര്‍ ഇന്നലെ പണിമുടക്കി.
2014-15 വര്‍ഷം ആരംഭിച്ച 232 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 189 പുതിയ ബാച്ചുകളിലും പഠിപ്പിക്കുന്ന 3500 അധ്യാപകര്‍ക്ക് ഒന്നര വര്‍ഷമായിട്ടും ഒരു രൂപ പോലും ശമ്പളം ലഭിച്ചിട്ടില്ല. അധ്യാപക നിയമനത്തിന്റെ പ്രാഥമിക നടപടിയായ തസ്തിക നിര്‍ണയം നടത്തിയാല്‍ മാത്രമെ അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുകയുള്ളൂ. എന്നാല്‍ നാളിതുവരെയായിട്ടും ഇതിനു വേണ്ട നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
ഉടന്‍ പൊതുപരീക്ഷയെ അഭിമുഖീകരിക്കേണ്ട വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്നതിനാല്‍ മറ്റു ജീവനക്കാരെ പോലെ സമരത്തിറങ്ങാന്‍ അധ്യാപകര്‍ക്ക് കഴിയില്ല. ഈ സാഹചര്യത്തില്‍ അധ്യാപകരുടെ ദയനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. ഉടന്‍ അനുകൂല നടപടികള്‍ കൈകൊണ്ടില്ലെങ്കില്‍ ക്ലാസ് ബഹിഷ്‌ക്കരിക്കാനും അതിശക്തമായ സമര പരിപാടികള്‍ ആരംഭിക്കാനും അധ്യാപകര്‍ തീരുമാനിച്ചു. പി ജെ ജോമിഷ്, മെല്‍വിന്‍ സണ്ണി, സി എസ് ഷെരിന്‍, സ്മിത ചാക്കോ, കെ എസ് സിനി, ബിജിമോള്‍ പി എസ്,ജഷിയ ജോര്‍ജ്, സുനിത രാജു എന്നിവര്‍ നേതൃത്വം നല്‍കി.