യുവതി തുണിക്കടയില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

Posted on: October 4, 2015 6:55 am | Last updated: October 4, 2015 at 6:55 am
SHARE

കൊണ്ടോട്ടി: യുവതി തുണിക്കടയില്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഇന്നലെ രാത്രി എട്ട് മണിക്ക് കിഴിശ്ശേരി ടൗണിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടായത്. ഫറോഖ് മണ്ണൂര്‍ കമ്മിളി കൊല്ലരാളില്‍ രാജഗോപാലിന്റെ ഭാര്യ ഷിറിനാ(39)യാണ് കടയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ക്കൊപ്പം ഇവരുടെ പത്ത് വയസുള്ള കുട്ടിയുമുണ്ടായിരുന്നു.
കടയുടമകള്‍ തങ്ങളുടെ വിവിധ ബിസിനസുകളിലേക്ക് പൊതുജനങ്ങളില്‍ നിന്ന് ഷെയര്‍ വാങ്ങിയിരുന്നു. മെച്ചപെട്ട ലാഭവിഹിതം നല്‍കുമെന്ന ഉറപ്പില്‍ പലരും പണം നല്‍കി. ഷിറിനും പലരില്‍ നിന്നുമായി പണം വാങ്ങി കടയുടമളുടെ ബിസിനസില്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ കാലങ്ങളായിട്ടും ലാഭവിഹിതമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ ഷിറിന്റെ വീട്ടിലെത്താന്‍ തുടങ്ങി. തന്റെ നിക്ഷേപത്തിന് ലാഭ വിഹിതം നല്‍കണമെന്നാവശ്യപ്പെട്ടു ഇവര്‍ കടയില്‍ കയറി ബഹളം വെച്ചു.
അനുകൂലമായ മറുപടിയില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ പെടുന്നനെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ കടക്ക് മുന്നില്‍ തടിച്ചു കൂടി. ഇതിനിടെ ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പോലീസ് എത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ ഇവരെ പിടിച്ചു മാറ്റാനുമായില്ല. പിന്നീട് വനിതാ പോലീസ് എത്തിയാണ് ഇവരെ കടയില്‍ നിന്നും ഇറക്കി കൊണ്ടുവന്നത്. പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ചു