മാടുകളെ അറുക്കരുതെന്ന് പറയുന്നത് വിഡ്ഢിത്തം: കാന്തപുരം

Posted on: October 4, 2015 6:51 am | Last updated: October 4, 2015 at 6:51 am
SHARE

താമരശ്ശേരി: മൃഗങ്ങളോട് കരുണ കാണിക്കണമെന്നാണ് പ്രവാചക നിര്‍ദ്ദേശമെന്നും മാടുകളെ അറുക്കരുതെന്ന് പറയുന്നത് വിഡ്ഢിത്തമാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍.. വിപുലീകരിച്ച അണ്ടോണ ജുമുഅ മസ്ജിദിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാട്ടിറച്ചി കഴിച്ചുവെന്നാരോപിച്ച് ഒരു മനുഷ്യനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് മതേതര ഭാരതത്തിന് അപമാനമാണ്. പശുക്കള്‍ക്ക് പാല്‍ വറ്റുമ്പോള്‍ അതിനെ അറുത്തില്ലെങ്കില്‍ പരിപാലിക്കാനാളില്ലാതെ തെരുവുകളില്‍ ദയനീയ അന്ത്യം സംഭവിക്കും. ഇവ സംസ്‌കരിക്കാന്‍ ആളില്ലാതെ ചീഞ്ഞു നാറി പൊതുജനാരോഗ്യത്തിന് ഭീഷണിയാവുമെന്നും കാന്തപുരം പറഞ്ഞു. കെ എം മൊയ്തീന്‍ഷാ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി, യഹിയ കാമില്‍ സഖാഫി, സി പി ശാഫി സഖാഫി പ്രസംഗിച്ചു. ആത്മീയ മജ്‌ലിസിന് സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസ്സന്‍ അവേലം, എം പി അബ്ദുറസാഖ് സഖാഫി, എ കെ സി മുഹമ്മദ് ഫൈസി, അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുറഹിമാന്‍ സഖാഫി, പി സി ഇബ്രാഹീം മാസ്റ്റര്‍ സംബന്ധിച്ചു. സലീം സ്വാഗതവും ടി ടി അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.