Connect with us

Kozhikode

തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് ഗോദ ഉണര്‍ന്നു; സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവം

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുകയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയാകുകയും ചെയ്തതോടെ തദ്ദേശ പോരാട്ടത്തിന്റെ ഗോദ ഉണര്‍ന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ രാഷ്ട്രീയ പോരാട്ടത്തിനാണ് ഇത്തവണ ജില്ല സാക്ഷ്യം വഹിക്കുക. നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലായ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അണിയറ പ്രവര്‍ത്തനങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറെ മുന്നോട്ടുപോയി കഴിഞ്ഞു. അടുത്തമാസം രണ്ടിന് വോട്ടെടുപ്പ് തീയ്യതി കൂടി പ്രഖ്യാപിച്ചതോടെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പരസ്യ പ്രചാരണം ആരംഭിക്കും.
മുന്നണികള്‍ക്കുള്ളിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അനൗദ്യോഗികമായി നേരത്തെ തുടങ്ങിയിരുന്നു. മൂന്ന് ദിവസം മുമ്പ് ചേര്‍ന്ന എല്‍ ഡി എഫ് ജില്ലാ കമ്മിറ്റി സീറ്റ് വിഭാജന ചര്‍ച്ചകള്‍ പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ കിഴ് കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. ഐ എന്‍ എല്‍, ജെ എസ് എസ്, സി എം പി എന്നിവരെ സഹകരിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്.
യു ഡി എഫില്‍ കണ്‍വീനര്‍ സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സീറ്റ് വിഭജന ചര്‍ച്ച ഔദ്യോഗികമായി തുടങ്ങിയിട്ടില്ല. എങ്കിലും യു ഡി എഫിലെ കക്ഷികള്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വാര്‍ഡകളില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പാര്‍ട്ടി കമ്മിറ്റികളില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. രണ്ട്, മൂന്ന് ദിവസത്തിനുള്ളില്‍ യു ഡി എഫിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമെന്ന് ജില്ലാ നേതാവ് അറിയിച്ചു. എന്നാല്‍ ബി ജെ പി പലയിടത്തും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്. ജില്ലയിലെ കോര്‍പറേഷനിലെയും ആറ് നഗരസഭകളിലെയും 70 ഗ്രാമപഞ്ചായത്തുകളിലെയും ഏഴ് നഗരസഭകളിലെയും 12 ബ്ലോക്ക് പഞ്ചായത്തുകളുടെയും സംവരണ സീറ്റുകളാണ് തീരുമാനമായത്. ജില്ലാ പഞ്ചായത്തിന്റെ സംവരണ നറുക്കെടുപ്പ് ഇന്ന് നടക്കും. വാര്‍ഡ് പുനര്‍ വിഭജനത്തോടെ വലിയ മാറ്റമാണ് ഇത്തവണ ജില്ലക്കുണ്ടായിരിക്കുന്നത്. നേരത്തെ വടകര, കൊയിലാണ്ടി രണ്ട് മുനിസിപാലിറ്റികളാണുണ്ടായിരുന്നത്. ഇപ്പോഴത് ഏഴായി. ഫറോക്ക്, മുക്കം, രാമനാട്ടുകര, കൊടുവള്ളി, പയ്യോളി എന്നിവയാണ് പുതുതായി രൂപവത്ക്കരിക്കപ്പെട്ടത്.നിലവിലെ പ്രക്ഷുഭ്ദ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുമുന്നണിക്കും ബി ജെ പിക്കും ഇത്തവണത്തെ നേട്ടംകൊയ്യുക എന്നത് അഭിമാന പ്രശ്‌നമാണ്. ഇതിനായി സ്വന്തം പാര്‍ട്ടിയിലും പുറത്തുമുള്ള ജനകീയരായ സ്ഥാനാര്‍ഥികളെ വാര്‍ഡുകളില്‍ രംഗത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ് പാര്‍ട്ടികള്‍. 50 ശതമാനം വനിതാ സംവരണം വന്നതോടെ ജനസമ്മിതിയുളള സ്ത്രീ സ്ഥാനാര്‍ഥികള്‍ക്ക് വന്‍ ഡിമാന്റാണ്. സജീവ പാര്‍ട്ടി പ്രവര്‍ത്തകരായ വനിതകള്‍ കുറവായതിനാല്‍ കുടുംബശ്രീയിലും മറ്റും നേതൃത്വം നല്‍കുന്നവരെയും അങ്കണവാടി ജീവനക്കാരെയുമെല്ലാമാണ് പ്രധാനമായും പരിഗണിക്കുന്നത്. യുവജന പ്രസ്ഥാനങ്ങളിലുള്ളവര്‍, സമുദായിക സംഘടനകളിലുളളവര്‍, മഹിളാ അസോസിയേഷനിലുള്ളവര്‍ എന്നിവര്‍ക്കും ഡിമാന്റുണ്ട്. അമ്പത് ശതമാനം സംവരണം വന്നിട്ടും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും സ്ത്രീകള്‍ പ്രാദേശികമായി നേതൃത്വത്തിലേക്ക് വന്നില്ലെന്നതാണ് സ്ഥാനാര്‍ഥികള്‍ക്കായുള്ള നെട്ടോട്ടം ഓര്‍മിപ്പിക്കുന്നത്. മുസ്‌ലിംലീഗാണ് വനിതാ സ്ഥാനാര്‍ഥികള്‍ക്കായി ഏറെ ബുദ്ധിമുട്ടുന്നത്. എന്നാല്‍ ജനറല്‍ വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളുടെ ബാഹുല്ല്യമാണ്. നിലവിലെ വാര്‍ഡ് അംഗങ്ങള്‍ക്ക് പുറമെ രണ്ടോ, മൂന്നോ പേര്‍ സ്ഥാനാര്‍ഥി മോഹവുമായി ഓരോ പാര്‍ട്ടിയിലുമുണ്ട്. പല നേതാക്കളുടെയും വാര്‍ഡുകള്‍ സംവരണമായതോടെ തൊട്ടതുത്ത വാര്‍ഡുകളിലേക്ക് ചാടാനുള്ള ശ്രമമാണ് നടക്കുന്നത്. യുവാക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നതിനാല്‍ കോര്‍പറേഷനിലും മറ്റും തുടര്‍ച്ചയായി ജയിച്ചുവരുന്ന മുതിര്‍ന്ന നേതാക്കളില്‍ പലര്‍ക്കും ഇത്തവണ സീറ്റ് ലഭിക്കില്ല. സ്ഥനാര്‍ഥി പ്രഖ്യാപനം വരുന്നതോടെ സീറ്റ് കിട്ടത്തവരില്‍ പലരും വിമതരായി രംഗത്തെത്തും. ഇവരെ മെരുക്കുന്നതാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആദ്യ തലവേദന. എങ്കിലും അടുത്ത ആഴ്ച തന്നെ സ്ഥാനാര്‍ഥി സംബന്ധിച്ച തീരുമാനത്തിലെത്തി പ്രചാരണം കൊഴുപ്പിക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്.

Latest