Connect with us

Sports

കാര്‍ലോസിനെ തടയാന്‍ സീക്കോ

Published

|

Last Updated

മഡ്ഗാവ്: ഐ എസ് എല്ലില്‍ ഇന്ന് ആതിഥേയരായ എഫ് സി ഗോവയും ഡല്‍ഹി ഡൈനാമോസും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് ബ്രസീലിയന്‍ പോരാട്ടമായി മാറും. ബ്രസീലിന്റെ ഇതിഹാസ താരം സീക്കോയാണ് എഫ് സി ഗോവയുടെ പരിശീലകനെങ്കില്‍ ബ്രസീലിന് 2002 ലോകകപ്പ് സമ്മാനിച്ച ലെഫ്റ്റ് വിംഗര്‍ റോബര്‍ട്ടോ കാര്‍ലോസാണ് ഡല്‍ഹി ഡൈനമോസിന് തന്ത്രമൊരുക്കുന്നത്.
ഹോംഗ്രൗണ്ടില്‍ വിജയത്തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് എഫ് സി ഗോവ. കഴിഞ്ഞ സീസണില്‍ തുടക്കം മോശമാക്കിയ ഗോവ പിന്നീട് തിരിച്ചുവരവ് നടത്തിയാണ് സെമിഫൈനല്‍ കളിച്ചത്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്ക് മുന്നില്‍ ഷൂട്ടൗട്ടില്‍ പരാജയപ്പെടുകയായിരുന്നു സെമിയില്‍. കഴിഞ്ഞ തവണ കോച്ച് സീക്കോക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ വലിയ പങ്കില്ലായിരുന്നു. ഇത്തവണ, സീക്കോ പ്രത്യേകം താത്പര്യമെടുത്താണ് വിദേശ കളിക്കാരെ ടീമിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പിറെസിനെ ടീമിലെടുത്തതില്‍ തനിക്ക് ചതി പറ്റിയെന്ന് സീക്കോ തുറന്നടിച്ചിരുന്നു. ഇത്തവണ സീക്കോക്ക് ബോധ്യമുള്ള കളിക്കാരെയാണ് ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്.
മാര്‍ക്വു താരമായ ലൂസിയോ ആണ് പ്രധാനി. ബ്രസീലിന്റെ പ്രതിരോധ ഭടനായിരുന്നു ലൂസിയോ. ലോക, ക്ലബ്ബ് ഫുട്‌ബോളില്‍ ലൂസിയോ കൈവരിക്കാത്ത നേട്ടങ്ങളില്ല. 2002 ലോകകപ്പ് കിരീടം നേടിയ ലൂസിയോ ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്റര്‍മിലാനൊപ്പം യൂറോപ്യന്‍ ഫുട്‌ബോളിലും നേട്ടമുണ്ടാക്കി.പ്രതിരോധത്തില്‍ ലൂസിയോക്കൊപ്പം ഫ്രഞ്ച് ഡിഫന്‍ഡര്‍ ഗ്രിഗറി അര്‍നോലിന്‍ ചേരും. കഴിഞ്ഞ വര്‍ഷം എഫ് സി ഗോവക്കായി കളിച്ച വിദേശികളില്‍ സ്ഥാനം നിലനിര്‍ത്തിയത് ഗ്രിഗറി മാത്രമാണ്. പോര്‍ച്ചുഗലിനൊപ്പം ബീച്ച് സോക്കര്‍ ലോകകപ്പ് ജേതാവായ എലിന്റന്‍ അന്‍ഡ്രാഡെയാണ് ഗോവയുടെ ഗോള്‍ കീപ്പര്‍. ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളെമെംഗോയെ ഏറെക്കാലം നയിച്ച ലിയോ മൗറയും യുവതാരം ജൊനാഥന്‍ ലൂക്കയും വിക്ടര്‍ സിമോയസും, റെയ്‌നാള്‍ഡോയും ഗോവന്‍ നിരക്ക് ശക്തിപകരുന്നു. പോയ സീസണില്‍ ഡെല്‍പിയറോയെ കളത്തിലിറക്കി ശ്രദ്ധപിടിച്ചു പറ്റിയ ഡല്‍ഹി ഡൈനമോസ് ഇത്തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജയിച്ച രണ്ട് കളിക്കാരെ രംഗത്തിറക്കിയാണ് ഞെട്ടിക്കുന്നത്. ഒപ്പം റോബര്‍ട്ടോ കാര്‍ലോസ് എന്ന പ്ലെയര്‍ കം മാനേജരറും. ലിവര്‍പൂളിന്റെ മുന്‍ അറ്റാക്കര്‍ ജോണ്‍ ആര്‍നെ റീസെയും ചെല്‍സിയുടെ ഫ്‌ളോറന്റ് മലൂദയുമാണ് കാര്‍ലോസിന്റെ നിരയിലെ പ്രധാനികള്‍.
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ കളിക്കേണ്ടതിനാല്‍ ഡല്‍ഹിക്കും ഗോവക്കും നിരവധി ഇന്ത്യന്‍ താരങ്ങളെ ആദ്യ മത്സരങ്ങളില്‍ നഷ്ടമാകും. നാരായണ്‍ ദാസ്, പ്രോണയ് ഹാല്‍ദര്‍ എന്നിവരെയാണ് എഫ് ഗോവക്ക് നഷ്ടം. റോബിന്‍ സിംഗ്, സെഹ്നാജ് സിംഗ്, ഫ്രാന്‍സിസ് ഫെര്‍നാണ്ടസ് എന്നിവരെ ഡല്‍ഹിക്കും നഷ്ടമായി.
എന്നാല്‍, ഇതൊന്നും തന്റെ ടീമിനെ ബാധിക്കില്ലെന്ന് എഫ് സി ഗോവ കോച്ച് സീക്കോ പറഞ്ഞു. ഏറ്റവും മികച്ച പതിനൊന്ന് കളിക്കാര്‍ എപ്പോഴും തനിക്കുണ്ട്. ആരൊക്കെയാണ് ഇല്ലാത്തത് എന്നാലോചിച്ച് തല പുകയ്‌ക്കേണ്ട ആവശ്യമൊന്നും ഗോവന്‍ ടീമിന് ഇല്ലെന്നും സീക്കോ.
റോബര്‍ട്ടോ കാര്‍ലോസും ഇക്കാര്യത്തില്‍ സമ്മര്‍ദം അനുഭവിക്കുന്നില്ല. നാരായണ്‍ ദാസിന് പകരം കീനന്‍ അല്‍മേയ്ഡയോ നികോളോ കാളാസോയോ ലെഫ്റ്റില്‍ കളിക്കും. മിഡ്ഫീല്‍ഡര്‍ പ്രോണയ് ഹാല്‍ദറിന് പകരം ബിക്രംജിത് സിംഗ് കളത്തിലിറങ്ങും.