സിറിയന്‍ ഇടപെടല്‍: റഷ്യക്ക് മുന്നറിയിപ്പുമായി വീണ്ടും ഒബാമ

Posted on: October 4, 2015 12:54 am | Last updated: October 4, 2015 at 12:54 am
SHARE

obamaവാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദിനെ സഹായിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുന്ന റഷ്യക്ക് മുന്നറിയിപ്പുമായി യു എസ് പ്രസിഡന്റ് ബരാക് ഒബാമ. റഷ്യ പോകുന്നത് ചതുപ്പുനിലത്തേക്കാണെന്നും പിന്നീട് ഇതില്‍ നിന്ന് ഊരിപ്പോരാന്‍ പ്രയാസകരമാകുമെന്നുമായിരുന്നു വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഒബാമയുടെ മുന്നറിയിപ്പ്.
ഇസിലിനെയും വിമതരെയും തിരിച്ചറിയുന്നതില്‍ റഷ്യ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. റഷ്യയുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കുമ്പോള്‍ എല്ലാവരും ഭീകരവാദികളാണ്. അത് ദുരന്തം വര്‍ധിപ്പിക്കും. സിറിയന്‍ യുദ്ധത്തെ അമേരിക്കയുടെയും റഷ്യയുടെയും ഇടയിലുള്ള യുദ്ധമാക്കി മാറ്റാന്‍ താത്പര്യമില്ല. ഇത് വന്‍ശക്തികളുടെ കിടമത്സരവുമല്ല- ഒബാമ കൂട്ടിച്ചേര്‍ത്തു.
അതേസമയം, മൂന്നാം ദിവസവും സിറിയയിലെ വ്യോമാക്രമണം റഷ്യ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇസില്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നിരവധി ആക്രമണങ്ങള്‍ നടന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 12 ഇസില്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ നിരവധി സാധാരണക്കാരും വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട്. ഇത് റഷ്യക്കെതിരെ വന്‍ വിമര്‍ശവും വിളിച്ചുവരുത്തിയിട്ടുണ്ട്.